ഗുരുവായൂര്‍: ഗുരുവായൂരില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ വീടുകളിലും മറ്റുമായി നടന്നത് നിരവധി മോഷണങ്ങള്‍. എന്നാല്‍ ഇതുവരെ ഒരു കേസിലും പോലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ നടന്നിട്ടുള്ളതെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുരുവായൂരില്‍ രണ്ട് പോലീസ് സ്റ്റേഷനും ഒരു അസി.പോലീസ് കമ്മീഷണര്‍ ഓഫീസും ഉണ്ടെങ്കിലും നിഷ്ക്രിയരാണെന്ന ആരോപണം രൂക്ഷമായിരിക്കുകയാണ്.
ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനില്‍ ഒരു സിഐയും രണ്ട് എസ്ഐമാരും ആവശ്യത്തിന് പോലീസുമുള്ളപ്പോഴാണ് മോഷ്ടാക്കള്‍ സൈ്വര്യവിഹാരം നടത്തുന്നത്. പോലീസിനെ കൂടാതെ സീസണ് ആരംഭിച്ചള് സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായ 150-ഓളം പേരും ഗുരുവായൂരില്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മോഷണത്തിന് ഒട്ടും കുറവുവന്നിട്ടില്ല. ഇതിനിടെയിലാണ് ഇന്നലെ ഗുരുവായൂര്‍ ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് വിലപിടിപ്പുള്ള നാല് മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്.
കോഴിക്കോട് മാറാട് സ്വദേശി ഷൈലേഷും കുടുംബവും എത്തിയ ഒമ്നി വാനിന്റെ ക്വാര്‍ട്ടര്‍ ഗ്ലാസ് ഇളക്കിമാറ്റിയാണ് മോഷണം നടന്നത്. ഷൈലേഷിന്റെ കുട്ടിയുടെ ചോറൂണിനായി ഗുരുവായൂരിലെത്തിയ ഇവര്‍ രാവിലെ ഏഴ് മണിയോടെയാണ് ദേവസ്വത്തിന്റെ പാഞ്ചജന്യം പാര്‍ക്കില്‍ വാഹനം പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയത്. പത്ത് മണിയോടെ തിരികെയത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിനകത്തേക്ക് ഫോണുകള്‍ കൊണ്ടുപോകാന്‍ പാടില്ലാത്തതിനാല്‍ വാഹനത്തിലാണ് സൂക്ഷിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ബാഗുകളും മറ്റു സാധനങ്ങളും വാരിവലിച്ചിട്ട നിലിയിലായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: