മലയാളിസ്ത്രീയുടെ മാറുന്ന വസ്ത്രസങ്കല്‍പ്പത്തില്‍ മൂവാറ്റുപുഴക്കാരി അശ്വതിക്ക് എന്ത് സ്ഥാനമാണുള്ളത്. പുത്തന്‍ ട്രെന്‍ഡുകള്‍ ദല്‍ഹിയും മുംബൈയും ബെംഗളൂരൂവും കടന്ന് ഇങ്ങ് കേരളത്തിലെത്തുമ്പോഴേക്കും അടുത്ത ട്രെന്‍ഡിലേക്ക് മഹാനഗരങ്ങള്‍ ചേക്കേറിയിട്ടുണ്ടാകും. മാറിവരുന്ന ആ ട്രെന്‍ഡ് നേരത്തെ മനസ്സിലാക്കി കേരളക്കരയിലേക്ക് ഒരുപടി മുന്നേ എത്തിക്കുന്നതില്‍ തുടങ്ങുന്നു അശ്വതിയുടെ വിജയം.
മൂവാറ്റുപുഴയിലെ കമല്‍ ബുട്ടീക്കിലേക്ക് മുംബൈ ഫാഷന്‍ ലോകത്തെ പുത്തന്‍ വസ്ത്രങ്ങള്‍ എത്തിച്ചുകൊണ്ടായിരുന്നു വസ്്ത്ര വ്യാപാരരംഗത്ത് അശ്വതിയുടെ തുടക്കം. എന്തുകൊണ്ട് മുവാറ്റുപുഴ എന്ന് ചോദിച്ചാല്‍ സ്വന്തം നാടിനോടുള്ള സ്നേഹം എന്ന് മറുപടി പറയും അശ്വതി. കൂടാതെ മുമ്പത്തെക്കാളുപരി ഇന്ന് ട്രെന്‍ഡിയായിട്ടുള്ള വസ്ത്രങ്ങളോട് സ്ത്രീകള്‍ക്കുള്ള താല്പര്യംകൂടി കണക്കിലെടുക്കുമ്പോള്‍ മൂവാറ്റുപുഴയെന്ന കൊച്ചുപട്ടണവും അതില്‍ നിന്നും വ്യത്യസ്തമാവില്ലല്ലോ. ആ കണക്കുകൂട്ടലുകള്‍ ഒന്നും തന്നെ പിഴച്ചില്ലെന്ന് ഈ രംഗത്ത് അശ്വതി കൈവരിച്ച നേട്ടത്തിലൂടെ മനസ്സിലാകും. മൂവാറ്റുപുഴ ഒലിപ്പിലക്കാട്ട് രാജേന്ദ്രന്-മിനി ദമ്പതികളുടെ മകളാണ് അശ്വതി.
കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് വണ്ടി കയറുമ്പോള്‍ അനുദിനം ഫാഷന്‍ ട്രെന്‍ഡുകള്‍ മാറിമറിയുന്ന മുംബൈ തന്റെ ജീവിതത്തെ ഇത്രകണ്ട് സ്വാധീനിക്കുമെന്നൊന്നും അശ്വതി കരുതിയിരുന്നില്ല. അവിടെയെത്തിയപ്പോള്‍ ഒന്നും ചെയ്യാനില്ലാതെ വരുമ്പോഴുള്ള വിരസതയ്ക്കൊടുവിലാണ് ചെറുപ്പം തൊട്ടെ മനസ്സില്‍ താലോലിച്ച സ്വപ്നം ഭര്‍ത്താവ് മനുരാജിനോട് പങ്കുവയ്ക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരും ബിസിനസ് രംഗത്തോട് താല്പര്യമുള്ളവരായിരുന്നതിനാല് അശ്വതിയുടെ ആഗ്രഹത്തിന് എല്ലവരും പച്ചക്കൊടികാട്ടി. എന്നാല്‍ മുംബൈ പോലുള്ള മഹാനഗരത്തില്‍ ഒരു പരീക്ഷണം എന്തായാലും വേണ്ടെന്നായിരുന്നു ഈ പെണ്‍കുട്ടിയുടെ പക്ഷം.
തുടക്കത്തില്‍ അവരിലൊരാളായി മാറാന്‍ അശ്വതി ആഗ്രഹിച്ചിരുന്നില്ല. പക്ഷേ സ്വന്തമായൊരു ബുട്ടീക് എവിടെ തുടങ്ങുമെന്ന ചിന്തിച്ചിരുന്നപ്പോഴാണ് അശ്വതിയുടെ അച്ഛന് രാജേന്ദ്രന് ആ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സ്വന്തം നാട്ടില്‍ സ്ഥാപനം തുടങ്ങുക. പേരും അദ്ദേഹം തന്നെ കണ്ടെത്തി. കമല്‍ ബുട്ടീക്. നാട്ടില്‍ അശ്വതിയുടെ അച്ഛന് നോക്കി നടത്തുന്ന പ്രിന്റിങ് പ്രസിന്റെ പേരും കമല്‍ എന്നുതന്നെ. രാജേന്ദ്രന്റെ അമ്മയുടെ പേരായ കമലാക്ഷിയില്‍ നിന്നുമാണ് കമല്‍ എന്ന പേരുണ്ടായതെന്ന് അശ്വതി പറയുന്നു.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ സ്ഥിതിക്ക് നാട്ടില്‍ തുടങ്ങുന്ന വ്യാപാരകേന്ദ്രം ആര് നോക്കി നടത്തും എന്നതായിരുന്നു ഒരു പ്രശ്നം. അപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് അമ്മ മിനിയുടേയും ചേച്ചി നീനുവിന്റേയും മുഖം. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് മൂവാറ്റുപുഴയിലെ സ്ഥാപനത്തിന്റെ മേല്‍നോട്ടം നടത്തുന്നത്. മാസത്തിലൊരിക്കലെങ്കിലും അശ്വതി ഇവിടേക്ക് ഓടിയെത്തി ബിസിനസ് കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതൊന്നുമല്ല ഈ പെണ്‍കുട്ടിയെ വ്യത്യസ്തയാക്കുന്നത്.ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന ഇന്നത്തെകാലത്ത് ഈ രംഗത്തുതന്നെയാണ് അശ്വതിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് ഇക്കാര്യത്തില്‍ ഇവരുടെ വിജയമുദ്ര.
ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ അധികമൊന്നും കടന്നെത്താതിരുന്ന സമയത്താണ് അശ്വതി ഫാഷന്‍ ഡിസൈനിംഗ് കോഴ്സിനായി കൊച്ചിയിലെ കിറ്റക്സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. കോഴ്സ് തീരുംമുമ്പേ ക്യാമ്പസ് സെലക്ഷനിലൂടെ കിറ്റക്സില്ത്തന്നെ മര്‍ച്ചന്‍ഡൈസറായി ജോലിയില്‍ പ്രവേശിച്ചു. ഫാഷന്‍ ടെക്നോളജിയാണ് പ്രധാനമായും പഠിച്ചത്. അതിനാല്‍ത്തന്നെ സ്വന്തമായി ഡിസൈനിങ് ഇല്ലായിരുന്നു. അടുപ്പമുള്ളവര്‍ക്കുവേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുനല്‍കിയിരുന്നു. എന്നാല്‍ ബള്‍ക്കായി ഓഡറുകള്‍ സ്വീകരിച്ച് ചെയ്തുകൊടുത്തിരുന്നുമില്ല.
ജോലി കിട്ടിയ ഉടന്‍തന്നെ വീട്ടുകാര്‍ കല്യാണം ആലോചിക്കുകയും പത്തനംതിട്ട സ്വദേശിയും മുംബൈയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറുമായ മനുരാജുമായി വിവാഹം ഉറപ്പിക്കുകയുമായിരുന്നു. അങ്ങനെ മൂവാറ്റുപുഴക്കാരി അശ്വതി മനുവിന്റെ ജീവിതസഖിയായതോടെ മുംബൈയുടെ ഭാഗമായി മാറി. മനുവിന്റെ മാതാപിതാക്കളും ഇവര്‍ക്കൊപ്പമാണ് താമസം.
ബിസിനസ് രംഗത്തേക്ക് എത്തുന്നതിന് മുമ്പ് വേണ്ട തയ്യാറെടുപ്പുകളും അതിനായി പ്രയത്നവും നടത്തി അശ്വതി. എടുത്തുചാടി പുറപ്പെടുന്നതിന് മുമ്പ് മാര്‍ക്കറ്റ് എന്താണെന്ന് പഠിക്കുകയായിരുന്നു ആദ്യ ഒന്നരവര്‍ഷം. അതിനായി മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റുകള്‍ കയറിയിറങ്ങി.
ചെറിയ കടകളില്ത്തുടങ്ങി വമ്പന്‍ ഷോപ്പുകളില്‍ വരെ അന്വേഷണം നീണ്ടു. നാട്ടില്‍ തുടങ്ങാനിരിക്കുന്ന കടയിലേക്ക് വേണ്ടുന്ന തുണിത്തരങ്ങള്‍ എത്തരത്തിലുള്ളതായിരിക്കണമെന്ന ധാരണയുണ്ടാക്കുകയായിരുന്നു ലക്ഷ്യം. മുംബൈയിലെ ഫാഷന്‍ ലോകത്തോട് മൂവാറ്റുപുഴക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാനായിരുന്നു അടുത്ത ശ്രമം. അതിനാല്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ രണ്ടോ മൂന്നോ സെറ്റ് തുണിത്തരങ്ങള്‍ കൊണ്ടുവന്ന് സുഹൃത്തുക്കള്‍ക്കും മറ്റും നല്കി പ്രതികരണമറിഞ്ഞ ശേഷമാണ് കമല്‍ ബുട്ടീക്കിന് മൂവാറ്റുപുഴയില്‍ തുടക്കം കുറിച്ചത്. രണ്ട് മാസത്തേക്കുള്ള തുണിത്തരങ്ങളാണ് ഇവിടെ എത്തിക്കുക. അപ്പോഴേക്കും അടുത്ത ട്രെന്‍ഡിലേക്ക് ഫാഷന്‍ലോകം മാറിയിട്ടുണ്ടാകും.
പുത്തന്‍ ട്രെന്‍ഡുകള്‍ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെചെയ്യുന്നതെന്ന് അശ്വതി പറയുന്നു. കമല്‍ ബൂട്ടീക്കില്‍ വസ്ത്രങ്ങള്‍ എത്തിക്കുമ്പോള്‍ ഒരു പാറ്റേണില്‍ ഒരു കളര്‍ എന്നതാണ് പോളിസി. യൂണിക് ഡിസൈന്‍സ് ഫോര്‍ യുണീക് മൈന്‍ഡ്സ് എന്നാതാണ് ഇക്കാര്യത്തില്‍ അശ്വതിയുടെ കാഴ്ചപ്പാട്.
അശ്വതി കമല്‍ ബുട്ടീക്കില്‍ അവതരിപ്പിക്കുന്ന കളക്ഷനുകള്‍ക്ക് ഓണ്‍ലൈനിലാണ് ആരാധകര്‍ കൂടുതലുള്ളത്. നാട്ടിലെ സ്ഥാപനത്തിനൊപ്പം പ്രാധാന്യമാണ് ഓണ്‍ലൈന്‍ വ്യാപാരത്തിനും അശ്വതി നല്‍കുന്നത്. ഇതിന്റെ ആദ്യപടിയായി നിത്യവും ഫേസ്ബുക്കിലൂടെ പുതിയ കളക്ഷനുകളെക്കുറിച്ചുള്ള കാറ്റലോഗ് അപ്ലോഡ് ചെയ്യും. രാവിലെ മുതല്‍ ഉച്ചവരെ ഇതിനായി മാത്രം നീക്കി വച്ചിരിക്കുകയാണ്. ഇപ്രകാരം കിട്ടുന്ന ഓര്‍ഡറുകള്‍ ആവശ്യക്കാരുടെ മേല്‍വിലാസത്തിലേക്ക് കൊറിയര്‍ അയക്കുകയാണ് അടുത്തപടി.
വസ്ത്രരംഗത്തെ ഓണ്‍ലൈന്‍ കച്ചവടത്തിന്റെ പ്രധാനപോരായ്മായി പറയുന്നത് ഉപഭോക്താവിനുണ്ടാകുന്ന തുണിത്തരങ്ങളുടെ ഗുണമേന്മ സംബന്ധിച്ച സംശയമാണ്. അതിനാല്‍ത്തന്നെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല താനെന്ന് അശ്വതി പറയുന്നു. 400 രൂപ മുതലുള്ള വസ്ത്രങ്ങള്‍ കമല്‍ ബുട്ടീക്കിലൂടെ വാങ്ങാം. ഭാരതത്തിലെവിടേക്കും ഒരുതരത്തിലുമുള്ള ഷിപ്പിംഗ് ചാര്‍ജും ഈടാക്കാതെയാണ് വസ്ത്രങ്ങള്‍ ഉപഭോക്താവിന്റെ മേല്‍വിലാസത്തില്‍ അശ്വതിയെത്തിക്കുന്നത്. ഓര്‍ഡര്‍ കൊടുത്ത് 10-12 ദിവസത്തിനുള്ളില്‍ സാധനം ആവശ്യക്കാരന്റെ കൈകളിലെത്തിക്കുകയെന്നതിലും അശ്വതിക്ക് നിര്‍ബന്ധബുദ്ധിയുണ്ട്.
കമല്‍ ബുട്ടീക്കിന്റെ ഫേസ്ബുക്ക് പേജ് കണ്ട് സ്വദേശത്തുനിന്നും മാത്രമല്ല വിദേശങ്ങളില്‍ നിന്നും ഓഡറുകള്‍ കിട്ടാറുണ്ട്. ഇവരില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്. പാക്കിസ്ഥാന്, ബംഗ്ലാദേശ് ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലേക്കും വസ്ത്രങ്ങള്‍ കയറ്റി അയക്കാറുണ്ട്. സൗദി അറേബ്യയിലേക്ക് കസ്റ്റമറുടെ ആവശ്യപ്രകാരം ഹോള്‍ സെയിലായും ഓഡറുകള്‍ എത്തിച്ചുനല്‍കാറുണ്ട്. കാലതാമസം കൂടാതെ വസ്ത്രങ്ങള്‍ ആവശ്യക്കാരുടെ പക്കല്‍ എത്തിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഏറ്റവും മികച്ച കൊറിയര്‍ സര്‍വീസുകളുമായാണ് ടൈ അപ്പ്.
ഫേസ്ബുക്കില്‍ കമല്‍ ബുട്ടീക്കിന് ഇപ്പോള്‍ത്തന്നെ 56,000 ത്തില്‍ അധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയുള്ള ഓണ്‍ലൈന്‍ കച്ചവടത്തില്‍ നിന്നും കിട്ടിയ പരിചയ സമ്പത്തുമായി കമല്സ്ബുട്ടീക്ക് എന്ന പേരില്‍ത്തനെ ഒരു വെബ്സൈറ്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അശ്വതി. മാര്‍ച്ചോടുകൂടി വെബ്സൈറ്റ് തുറക്കാനാകുമെന്നാണ് പ്രതീക്ഷ. സ്വന്തമായി ഓഫീസോ മറ്റു സൗകര്യങ്ങളോ ഇല്ലാതെതന്നെ വീട്ടിലിരുന്നുകൊണ്ടുതന്നെ തന്റെ ജോലിയുമായി മുന്നോട്ട് പോകാനാണ് അശ്വതിയുടെ തീരുമാനം.
തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുക, പുത്തന്‍ കളക്ഷനുകള്‍ ഫേസ്ബുക്കിലൂടെ അപ്ലോഡ് ചെയ്യുക, കൊറിയര്‍ ചെയ്യുക ഇക്കാര്യങ്ങളെല്ലാം അശ്വതി നോക്കുമ്പോള്‍ മാര്‍ക്കറ്റിംഗ്, ബാങ്ക് ഇടപാടുകള്‍ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവ് മനുരാജാണ്.
ഫാഷന്ലോകത്തോടുമാത്രമല്ല അശ്വതിക്ക് കമ്പമുള്ളത് കലാലോകത്തും പഠനകാലത്ത് ഈ പെണ്‍കുട്ടി സജീവമായിരുന്നു. സംഗീതം ശാസ്ത്രീയമായിത്തന്നെ വര്‍ഷങ്ങളോളം അഭ്യസിക്കുകയും നൃത്തത്തില്‍ മികവുതെളിയിക്കുകയും ചെയ്തിട്ടുണ്ട് അശ്വതി. ഒന്നരവയസ്സുള്ള മകള്‍ ശ്രിയയുടെ കുസൃതികള്ക്കിടയിലാണ് അശ്വതിയുടെ ഓണ്‍ലൈന്‍ കച്ചവടവും.
കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴും താന്‍ മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റുകളിലൂടെ കമല്‍ ബുട്ടീക്കിന് വേണ്ടി വസ്ത്രങ്ങള്‍ തിരഞ്ഞ് അലഞ്ഞിരുന്നതായി അശ്വതി. അതുകൊണ്ടാവാം ജോലിക്കിടയില്‍ ശാഠ്യം പിടിച്ചു അമ്മയെ വലയ്ക്കുന്ന കുഞ്ഞാവാതെ അവള് അഡ്ജസ്റ്റ് ചെയ്യുന്നതെന്നും അശ്വതി പറയുമ്പോള്‍ മാതൃത്വത്തിന്റെ നിറവുണ്ട് ആ വാക്കുകളില്‍. എന്നാല്‍ പേരിനൊക്കെ കുസൃതി ഒപ്പിക്കുന്ന ശ്രിയതന്നെയാണ് അശ്വതിയുടെ വീട്ടിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: