വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക പിടിമുറുക്കി. ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിന്റെ ലീഡ് വഴങ്ങിയ ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണെടുത്തിട്ടുള്ളത്. അഞ്ച് വിക്കറ്റും രണ്ട് ദിവസവും കയ്യിലിരിക്കെ കിവികള്‍ക്ക് 118 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. 80 റണ്‍സോടെ കീന്‍ വില്ല്യംസണും 48 റണ്‍സുമായി വാറ്റ്ലിംഗുമാണ് ക്രീസില്‍.
നേരത്തെ വിക്കറ്റ് നഷ്ടപ്പെടാതെ 22 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റിന് ഓപ്പണര്‍മാരായ ലാഥമും റുതര്‍ഫോര്‍ഡും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. സ്കോര്‍ബോര്‍ഡില്‍ 75 റണ്‍സ് എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 റണ്‍സെടുത്ത റുതര്‍ഫോര്‍ഡിനെ നുവാന്‍ പ്രദീപ് ചണ്ടിമലിന്റെ കൈകളിലെത്തിച്ചു. പിന്നീട് നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി കിവികള്‍ക്ക് നഷ്ടപ്പെട്ട് 3ന് 79 എന്ന നിലയിലായി.
35 റണ്‍സെടുത്ത ലാഥമും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്ലറും മടങ്ങിയത് കിവി നിരയെ സമ്മര്‍ദ്ദത്തിലാക്കി. പിന്നീട് സ്കോര്‍ 122-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും സ്കോര്‍ 159-ല്‍ നില്‍ക്കേ 19 റണ്‍സെടുത്ത നീഷാമും കൂടാരം കയറി. ഇതോടെ കിവീസ് അഞ്ചിന് 159 എന്ന നിലയിലായി. തുടര്‍ന്ന് വില്ല്യംസണൊപ്പം വാറ്റ്ലിംഗ് ഒത്തുചേര്‍ന്നതോടെയാണ് ന്യൂസിലാന്റ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്. അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 94 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശ്രീലങ്കക്ക് വേണ്ടി നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: