ശബരിമല: പമ്പാനദിയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമീകരിക്കുന്നതിന് കക്കിയാട് ഡാമില്‍ നിന്ന് പരിമിതമായ അളവില്‍ വെള്ളം തുറന്ന് വിടും. മണ്ഡല മകരവിളക്കു കാലത്ത് ഇതുവരെ മൂന്ന് തവണ ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടിട്ടുണ്ട്. ബാക്ടീരിയയുടെ അളവ് നിശ്ചിത പരിധിയില്‍ കൂടുന്നത് നദിയില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അടക്കമുള്ള ജലജന്യ അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നതിനാലാണിത്.
100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ പരമാവധി 5000 കോളിഫോം ബാക്ടീരിയകള്‍ വരെയുണ്ടാകുന്നത് ആരോഗ്യകരമാണ്. എന്നാല്‍, കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പമ്പയിലെ ആറാട്ട് കടവില്‍ നടത്തിയ പരിശോധനയില്‍ ഇത് 35,000 കടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള കക്കിയാട് ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ട് ബാക്ടീരിയയുടെ അളവ് ക്രമീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പമ്പാനദിയിലെ ജലഗുണനിലവാരം വിലയിരുത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദിവസവും പരിശോധന നടത്താറുണ്ട്. വെള്ളത്തിന്റെ പി.എച്ച്. മൂല്യം, വൈദ്യുത ചാലകത, ഓക്സിജന്റെ അളവ്, കോളിഫോം ബാക്ടീരിയയുടെ അളവ്, ബയോ കെമിക്കല്‍ ഓക്സിജന്‍ ഡിമാന്റ്(ബിഒഡി) എന്നിവയാണ് പരിശോധിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ടി.എ.തങ്കപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: