ശബരിമല: അപ്പം, അരവണ പ്രസാദ നിര്‍മ്മാണത്തിനുള്ള നെയ്യ് പുറത്തുനിന്ന് വാങ്ങാനുള്ള നടപടിക്രമങ്ങളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട്. ഇതിനുള്ള പ്രാഥമികനടപടികള്‍ പൂര്‍ത്തിയാകുന്നതായാണ് സൂചന. മറ്റ് എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അടുത്ത തീര്‍ത്ഥാടനക്കാലം മുതല്‍ പുറത്തു നിന്ന് വാങ്ങുന്ന നെയ്യ് ഉപയോഗിച്ചാകും ശബരിമലയില്‍ പ്രസാദ നിര്‍മ്മാണം നടക്കുക.
നിലവില്‍ സന്നിധാനത്ത് യഥേഷ്ടം ലഭിക്കുന്ന നെയ്യ് ആടിയ ശിഷ്ടം നെയ് ആയി വില്‍പ്പന നടത്താനാണ് ബോര്‍ഡിന്റെ നീക്കം. സാമ്പത്തികമായി ഏറെ ലാഭം നല്‍കുമെന്നതിനാലാണ് ഈ നീക്കം നടത്തുന്നത്.
അഭിഷേകം നടത്തിയ നെയ്യ് പ്രസാദത്തില്‍ ചേര്‍ക്കുന്നതിനാലാണ് ശബരിമലയില്‍ അപ്പത്തിനും അരവണയ്ക്കും ഇന്നുള്ള പ്രാധാന്യം കൈവന്നത്. ഇത് ഒഴിവാക്കുന്നതിലൂടെ പ്രസാദം വെറും കച്ചവടച്ചരക്കാക്കി മാറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അപ്പത്തിലും അരവണയിലും ഉപയോഗിക്കുന്ന നെയ്യ് നിലവാരമുള്ളതാകണം എന്ന വാദഗതിയും ഈ നീക്കത്തിനുപിന്നില്‍ ഉണ്ട്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വ്രതമെടുത്ത് ശബരിമലയ്ക്ക് പുറപ്പെടുന്ന ഭക്തന് ഏറ്റവും മികച്ച നെയ്യ് ആവും കൊണ്ടുവരിക.
ശബരിമലയിലെ പ്രധാന വഴിപാടും നെയ്യഭിഷേകമാണ്. ഭഗവാന് പ്രിയവും ഇതുതന്നെ. പ്രസാദനിര്‍മ്മാണത്തിന് ഈ നെയ്യ് ഉപയോഗിക്കാതെ മാറ്റുമ്പോള്‍ അരവണയുടെ പവിത്രതയാണ് നഷ്ടപ്പെടുന്നത്. ഒരുതലമുറ വിശ്വാസമര്‍പ്പിച്ച ആചാരങ്ങളാണ് മാറ്റിയെഴുതപ്പെടുന്നത്.
ആടിയശിഷ്ടം നെയ്യ് കൂടുതലായി വില്പ്പനക്കെത്തിയാല് അതിലൂടെ വന്‍ വരുമാനം ബോര്‍ഡിന് ലഭിക്കും. അഭിഷേകം നടത്തുന്ന ഓരോ ഭക്തന്റെയും പങ്കാളിത്തം ഇന്ന്പ്രസാദനിര്മ്മാണത്തിലുണ്ട്. അവര്‍ അഭിഷേകം ചെയ്യുന്ന നെയ്യ് അരവണ, അപ്പം നിര്മ്മാണത്തിനെത്തുന്നു. നെയ്യ് പുറത്തുനിന്ന് എടുക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധമാണ് ഇല്ലാതാക്കുന്നത്.
സാമ്പത്തിക നേട്ടം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ബോര്‍ഡ് നടത്തുന്ന ഈ നീക്കം വന്‍ പ്രതിഷേധം വിളിച്ചുവരുത്തുമെന്നുറപ്പാണ്.തീര്‍ത്ഥാടനകാലയളവില്‍ പ്രതിദിനം നാലായിരം ലിറ്ററിലധികം നെയ്യ് ആണ് പ്രസാദനിര്‍മ്മാണത്തിനായി വേണ്ടിവരുന്നത്. പ്രസാദത്തിന്റെ വില്‍പ്പന എല്ലാവര്‍ഷവും പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ദ്ധിക്കാറുണ്ട്. അതിനാല്‍ ഓരോവര്‍ഷവും നെയ്യ് കൂടുതല്‍ ആവശ്യമായിവരും. ഈ സാധ്യതയാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ വില്‍ക്കാനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: