തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമം രൂക്ഷമാകുന്നു. ഇന്നലെ വൈക്കത്തെ കെ.പ്രേമലതയുടെ മലബാറി വിഭാഗത്തില്‍പെടുന്ന ആടുകളെ ആക്രമിച്ച് ഒന്നിന്റെ വൃഷണം കടിച്ചെടുത്തു. ഉടന്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തി ചികിത്സ നല്കിയതിനാല് രക്ഷപ്പെടുകയായിരുന്നു. ഇതിന് മുന്‍പും ഇവരുടെ ആടുകളെ നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
നായ്ക്കളെ ഭയന്ന് ആടുകളെ വീടിനകത്ത് പൂട്ടിയിടേണ്ട ഗതികേടിലാണ് നാട്ടുകാര്‍. മൈത്താണി, വൈക്കത്ത് ഭാഗങ്ങളില്‍ നിരവധി ആടുകളെയാണ് അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിച്ച് മൃതപ്രായരാക്കിയത്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പതിനഞ്ച് ആടുകള്‍ക്ക് നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയ്യക്കാട് വായനശാല പരിസരത്തെ പി.പി.കുഞ്ഞിരാമന്റെ വീടിനടുത്ത് കെട്ടിയിരുന്ന ആടുകള്‍ നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.
കഴിഞ്ഞ ദിവസം ചീമേനിയില്‍ മൂന്നുവയസുകാരനെ പേപ്പട്ടി കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാവിനും കടിയേറ്റു. ചീമേനിക്കടുത്ത് ആലംതട്ടയിലാണ് പേപ്പട്ടി ഭീകരാവസ്ഥ സൃഷ്ടിച്ചത്. കുട്ടിയുടെ കരച്ചില് കേട്ട അമ്മ ഓടിയെത്തിയപ്പോഴാണ് കാലിന്റെ പിന്‍ഭാഗം കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചീമേനിയിലും പരിസരങ്ങളിലും നിരവധി പേരെ പേപ്പട്ടി കടിച്ചിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം മൂലം കുട്ടികളെ സ്കൂളിലേക്കും അംഗണ്വാടികളിലേക്കും അയക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. ഇതിനെതിരെ പഞ്ചായത്ത് അധികൃതരും നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു. ടൗണിലും വഴിയോരങ്ങളിലുമായി അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ പഞ്ചായത്ത് അധികൃതരുടെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: