കാഞ്ഞങ്ങാട്: കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമായി വ്യാജ മണല്‍പാസ് നിര്മിച്ചുനല്കിയതുമായി ബന്ധപ്പെട്ട് മണല്‍ പാസ് പ്രിന്റ് ചെയ്ത കാഞ്ഞങ്ങാട് പ്രിന്റേജ് സ്ഥാ പന ഉടമ ആബിദ് ആറങ്ങാടി പോലീസ് പിടിയിലായി. ഇന്ന ലെ രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ഉടനെ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.പിയുടെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോഗസ്ഥരാണ് ആബിദിനെ കസ്റ്റഡിയിലെടുത്തത്.
എസ്പിയുടെ നേതൃത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും. സര്‍ക്കാറിനേയും ജനങ്ങളേയും ഒരു പോലെ വഞ്ചിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ സൂത്രധാരനായ റഫീഖ് കേളോട്ടിനെ കഴിഞ്ഞ ദിവസം ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അന്വേഷണ സംഘം നെടുമ്പാശേരിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ദുബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും വിവരം കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിനെ അറിയിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ വിമാനത്താവളങ്ങളിലും മറ്റും ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചുവന്നിരുന്ന ‘പ്രിന്റേജ്’ എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ മണല്‍ പാസുകളും മറ്റും പോലീസ് പിടികൂടിയത്. ആബിദിന്റെ ഓഫീസിലെ ഇമെയില്‍ പരിശോധിച്ചപ്പോഴാണ് വ്യാജ മണല്‍പാസിന്റെ ഇമേജ് ഫയല്‍ റഫീഖ് കേളോട്ടിന്റെ മെയില്‍ നിന്നാണ് വന്നിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഫീഖ് ചെയര്‍മാനായുള്ള കാസര്‍കോട്ടെ ഓണ്‍ലൈന്‍ പത്രം ഓഫീസിലും റഫീഖിന്റെ ബദിയടുക്ക ബീജന്തടുക്കയിലെ വീട്ടിലും നടത്തിയ റെയ്ഡിലും പാസ് നിര്‍മണവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജ മണല്‍ പാസിന്റെ ഇമേജ് ഡിസൈന്‍ ചെയ്തത് ഓണ്‍ലൈന്‍ പത്ര ഓഫീസില്വെച്ചുതന്നെയാണെന്നാണ് പോലീസ് നിഗമനം. ആബിദിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപ വിലവരുന്ന ഡിജിറ്റല്‍ ലേസര്‍ പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍, സര്‍ക്കാര്‍ മുദ്രയുള്ള വ്യാജ മണല്‍ പാസുകള്‍ എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാപനം സീല്‍ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആബിദ് ആറങ്ങാടിക്കെതിരേയും പാര്‍ട്ണര്‍ സഫീര്‍ ആറങ്ങാടിക്കെതിരേയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. സംഭവം നടക്കുമ്പോള്‍ വിസിറ്റിംഗ് വിസയില്‍ പോയ ആബിദ് ഗള്‍ഫിലായിരുന്നു. സഫീര്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടയിലാണ് ആബിദ് പിടിയിലായത്.
കാസര്‍കോട്ടെ ഒരു മണല്‍ രാജാവിന്റെ നിയന്ത്രണത്തിലുള്ള ലോബിയാണ് ഇതിന്റെ പിന്നിലുള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയെ ബന്ധപ്പെട്ട് കേസില്ലാതാക്കാനുള്ള ശ്രമവും ഇതിനിടയില്‍ ശക്തമായിരുന്നു. ഇതോടെ വ്യാജ മണല്‍ പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ട് പ്രധാനികളാണ് പോലീസ് പിടിയിലായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: