ആലപ്പുഴ: കിസ് ഓഫ് ലവിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിനു ആലപ്പുഴ ബീച്ചില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചുംബന സമരത്തില്‍ നിരോധിത സംഘടനകളില്‍പ്പെട്ട പ്രവര്‍ത്തകരും പങ്കെടുക്കാന്‍ സാദ്ധ്യതയെന്നു പോലീസ് റിപ്പോര്‍ട്ട്. ഇവര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ വന്‍ സംഘര്‍ഷത്തിനാണു സാദ്ധ്യത.
പോലീസ് അനുമതി നല്‍കിയിട്ടില്ലെങ്കിലും ചുംബന സമരവുമായി മുന്നോട്ടു പോകാനുള്ള സംഘാടകരുടെ തീരുമാനം സംഘര്‍ഷം ബോധപൂര്‍വം ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇതിനു മുമ്പ് സമരം നടന്ന ജില്ലകളിലൊക്കെ തന്നെ ഇത്തരത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ആലപ്പുഴയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. സമരത്തെ എതിര്‍ക്കുമെന്നും സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും നിരവധി സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ ജനുവരി നാലിനു രാവിലെ മുതല്‍ ബീച്ചിലേക്ക് വരുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കും. സമരത്തെ തുടര്‍ന്ന് പാര്‍ക്കിങ്ങിനു ആവശ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ ബീച്ചിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
അതിനിടെ ചുംബന സമരത്തിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചുംബന സമരമെന്ന പേരില്‍ നടക്കുന്നത് പേക്കൂത്താണെന്ന് റൈറ്റേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ മുരളി ആലിശേരി കുറ്റപ്പെടുത്തി. തിരുവനന്തപുരത്തും മറ്റും സ്ത്രീകള്‍ വായ്മൂടിക്കെട്ടി ഇത്തരം സമരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം കോമാളി വേഷം കെട്ടല്‍ മുളയിലെ നുള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: