മുഹമ്മ: സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് മുഹമ്മ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചദിന രാപകല്‍ സമരം ജനുവരി നാലിനു തുടങ്ങും. ഇതേ ആവശ്യമുന്നയിച്ച് യൂത്ത് മൂവ്മെന്റ് ജനകീയ കണ്‍വന്‍ഷനും ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു.
സാധാരണക്കാരന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും ആര്യാട് ബ്ലോക്ക് പഞ്ചായത്തും അലംഭാവം കാണിച്ച സാഹചര്യത്തിലാണ് രാപകല്‍ സമരവുമായി എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് യൂത്ത് മൂവ്മെന്റ് പ്രത്യക്ഷ സമരപരിപാടികളുമായി ഇറങ്ങിയത്. വിവിധ സമുദായ സംഘടനാ നേതാക്കളും സമരഭടന്മാര്ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തും.
ഞായറാഴ്ച രാവിലെ പത്തിന് രാപകല്‍ സമരം എസ്എന്‍ഡിപി യോഗം അഡൈ്വസര്‍ എ.എം. രാജന് ബാബു ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര യൂണിയന് പ്രസിഡന്റ് വി.എം. പുരുഷോത്തമന്, വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍ പൊഴിക്കല്‍, സെക്രട്ടറി കെ.കെ. മഹേശന്, കൗണ്‍സിലര്‍ പി.എസ്.എന്‍. ബാബു, ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ. പുരുഷോത്തമന്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എസ്. രാജേഷ്, വൈസ് പ്രസിഡന്റ് സിബി നടേശ്, സെക്രട്ടറി ടി. സുനില്‍, വനിതാസംഘം സെക്രട്ടറി തങ്കമണി ഗൗതമന്, കേന്ദ്ര കമ്മറ്റി അംഗം സതി ഭാസ്കര്‍ എന്നിവര്‍ സംസാരിക്കും. രാപകല്‍ സമരത്തിനു ശേഷവും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ഡിഎംഒ ഓഫീസ് ഉപരോധം, കളക്ട്രേറ്റ് പിക്കറ്റിങ് എന്നിവ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: