ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ ഒന്നാംപ്രതിയും വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗവുമായിരുന്ന ലതീഷ് ബി.ചന്ദ്രന്റെ ഭാര്യയ്ക്കു സഹകരണ ബാങ്കില്‍ ജോലി വാങ്ങി നല്കിയതു പാര്‍ട്ടി ജില്ലാ കമ്മറ്റി തീരുമാന പ്രകാരമായിരുന്നുവെന്ന ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ ഔദ്യോഗിക പക്ഷത്തിന്റെ ഇരട്ടത്താപ്പു വെളിവായി.
ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷക്കാരായ പ്രതിനിധികള്‍ ഒന്നടങ്കം ലതീഷും ജില്ലാ സെക്രട്ടറിയുമായുള്ള ബന്ധത്തിനെതിരെയും ലതീഷിന്റെ ഭാര്യയ്ക്ക് ജോലി വാങ്ങി നല്‍കിയതിനെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണുന്നയിച്ചത്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയിലാണു ചന്ദ്രബാബു യാഥാര്‍ത്ഥ്യം വെളിവാക്കിയത്.
ജില്ലാ കമ്മറ്റി തീരുമാനപ്രകാരമാണു പാര്‍ട്ടിക്കു സ്വാധീനമുള്ള സഹകരണ ബാങ്കില്‍ ലതീഷിന്റെ ഭാര്യയ്ക്കു ജോലി നല്‍കിയത്. അന്നു ഈ തീരുമാനത്തെ ഒരാള്‍ പോലും എതിര്‍ത്തില്ല. ഏകകണ്ഠമായാണ് തീരുമാനം അംഗീകരിച്ചത്. എന്നിട്ടും പിന്നീടു ഈ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതു മനസിലാകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു വര്‍ഷം മുമ്പു കൃഷ്ണപിള്ള സ്മാരക കേസില്‍ ലതീഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. അന്നു ലതീഷ് ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതിനുശേഷമാണ് ലതീഷിന്റെ ഭാര്യയ്ക്കു പാര്‍ട്ടി തന്നെ ജോലി വങ്ങി നല്‍കിയത്.
കേസിന്റെ തുടക്കം മുതല്‍ തന്നെ സംശയനിഴലിലായിരുന്ന പ്രതിയുടെ ഭാര്യയ്ക്കു പാര്‍ട്ടി തന്നെ ജോലി വാങ്ങി നല്കിയതു വിവാദത്തിനിടയാക്കിയിരുന്നു. ജില്ലയിലെ പ്രമുഖനാണു ഇതിനു പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനാണു ചന്ദ്രബാബു വ്യക്തമായ മറുപടി നല്‍കിയത്. പ്രതികളെ വിഎസ് സംരക്ഷിക്കുന്നുവെന്നു പിണറായി പക്ഷം ആരോപണമുന്നയിക്കുമ്പോഴാണ് പിണറായി പക്ഷത്തിന്റെ ഒത്താശയോടെ പ്രതിയുടെ ഭാര്യയ്ക്കു ജോലി വാങ്ങി നല്‍കിയെന്ന യാഥാര്‍ത്ഥ്യം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: