കേന്ദ്രസര്‍ക്കാരില്‍ കെമിക്കല്‍ എന്‍ജിനീയറായിരിന്നപ്പോഴും ആ ജോലി ഉപേക്ഷിച്ച് വിപ്രോയില്‍ സേവനമനുഷ്ഠിക്കുമ്പോഴും നാരായണ സ്വാമിക്ക് കേരളവുമായി വലിയ ബന്ധങ്ങളൊന്നുമില്ലായിരുന്നു.
ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും മുംബൈയില്‍. നാരായണ സ്വാമി എന്ന പേര് മലയാളിക്ക് തീര്‍ത്തും അപരിചിതമാണെങ്കിലും അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരും സുപരിചിതരാണ്. ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സരോജത്തിന്റെയും ലളിതയുടെയും സഹോദരന്മാരില് ഒരാളായ നാരായണസ്വാമിയെ പക്ഷേ സംഗീതത്തിന്റെയോ ഉയര്‍ന്ന ഉദ്യോഗത്തിന്റെയോ പേരിലല്ല ഇപ്പോള്‍ നാമറിയാന്‍ പോകുന്നത്.
എറണാകുളം കലൂര്‍ ശ്രീരാമകൃഷ്ണസേവാശ്രമത്തിലെ വാനപ്രസ്ഥയിലെ നാലാംനിലയിലെ നാരായണ സ്വാമിയുടെ ഒറ്റമുറിക്ക് മുന്നില്‍ രാവിലെ വന്നു വീഴുന്നത് ഒരു മലയാളപത്രവും നാല്ഇംഗ്ലീഷ് പത്രങ്ങളും. സംഭവ ബഹുലവും നാടകീയവുമായ ഭാരത രാഷ്ട്രീയവും അധികാരകൈമാറ്റങ്ങളും മനസ്സു മടുപ്പിക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളുമൊക്കെ ഉപേക്ഷിച്ച് സ്വാമി തേടുന്നത് വിദ്യാഭ്യാസമേഖലയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ മാത്രം.
പുതിയ കോഴ്സുകളുടെയും ദേശീയ അന്തര്‍ദേശീയ സ്കോളര്ഷിപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കുറിച്ചു വയ്ക്കും. 82 കാരനായ നാരായണസ്വാമിക്ക് പഠിപ്പിക്കേണ്ടത് ഒന്നോ രണ്ടോ പേരെയല്ല. നാല്‍പ്പതോളം പെണ്‍കുട്ടികളാണ് ഇദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വിവിധ കോളേജുകളില്‍ പഠിക്കുന്നത്.
അക്കൂട്ടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയും ഗവേഷണ വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടുന്നു. പഠിക്കാനുള്ള ബുദ്ധിയും കഴിവുമുണ്ടായിട്ടും വീട്ടിലെ ദാരിദ്ര്യവും പ്രതികൂല സാഹചര്യങ്ങളും കാരണം വഴിമുട്ടിയ നൂറിലേറെ പെണ്‍കുട്ടികളെ ഈ മനുഷ്യന് കൈ പിടിച്ചുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.
എന്തുകൊണ്ട് പെണ്‍കുട്ടികള്‍ എന്ന ചോദ്യത്തിന് സ്വാമിക്ക് കൃത്യമായ ഉത്തരമുണ്ട്. അവരാണ് നാളത്തെ അമ്മമാര്‍. അമ്മ നന്നായാല്‍ കുടുംബം നന്നാകും. സമൂഹം നന്നാകും. ആണ്‍കുട്ടികളെപോലെയല്ല അവര്‍. പരിമിതികളുടെ ചട്ടക്കൂട്ടില്‍ അടച്ചിടപ്പെട്ടാല്‍ പിന്നെ പുറത്ത് കടക്കാനാകില്ല. സ്വന്തം പിതാവ് തന്നെയായിരുന്നു ഇക്കാര്യം ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്.
സഹോദരിമാരുടെ വിദ്യാഭ്യാസത്തില്‍ കാണിക്കുന്ന ശ്രദ്ധ തങ്ങളോടില്ലെന്ന് പരിഭവിച്ചപ്പോള്‍ കൈപിടിച്ച് സമീപത്തെ പാറമടയിലേത്തിച്ചു ആ പിതാവ്. പാറ പൊട്ടിച്ചെറിയാനുള്ള കരുത്ത് പുരുഷന്റേത് മാത്രമാണെന്നും അത് സ്ത്രീക്കില്ലെന്നും ബോധ്യപ്പെടുത്തി. പുരുഷന് എങ്ങനെയും ജീവിക്കാം എന്നും അതിന് കഴിയാത്ത പെണ്‍കുട്ടികളെയാണ് ശാക്തീകരിക്കേണ്ടതെന്ന് മകന് ബോധ്യപ്പെട്ടു.
മോശമല്ലാത്ത ഒരു തുകയുമായി ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നില്‍. അവിവാഹിതനായതിനാല്‍ കുടുംബമില്ല. സഹോദരങ്ങളെല്ലാം നല്ല നിലയിലെത്തി. ഇതിനിടെ അമേരിക്കയില്‍ പ്രൊഫസറായിരുന്ന ജ്യേഷ്ഠന് നടത്തിയ സാമൂഹിക സേവനം പ്രചോദനമായി. മുമ്പും കുട്ടികളെ വിദ്യാഭ്യാസകാര്യങ്ങളില്‍ സഹായിക്കുമായിരുന്നെങ്കിലും അതൊരു കര്‍മ്മദീക്ഷയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ശ്രീ സത്യസായ് ബാബയെ ഗുരുവായിവരിച്ച നാരായണസ്വാമിക്ക് സേവനം ഗ്രാമങ്ങളില്‍ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം പ്രചോദനമായി.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇടയ്ക്ക് കേരളത്തില്‍ വന്നുപോയിരുന്ന നാരായണസ്വാമിയെ അടുത്ത ഒരു ബന്ധുവാണ് കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളിലെത്തിച്ചത്. ശ്രീരാമകൃഷ്ണാശ്രമത്തിലെത്തുന്ന കുട്ടികളുമായി സംവദിച്ച അദ്ദേഹം അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവാക്കി.
അങ്ങനെയാണ് കേരളത്തില്‍ തനിക്കൊരു സ്ഥിരം സങ്കേതം വേണമെന്ന തോന്നല്‍ ശക്തമായത്. ഫലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ ഒരു മുറി. പ്രിയപ്പെട്ട കുട്ടികള്‍. അവരുടെ രക്ഷിതാക്കള്‍. പഠിക്കാന്‍ സമര്‍ത്ഥകളായ നൂറിലേറെ കുട്ടികളെ സ്വാമി പഠിപ്പിച്ചു. മിക്കവര്‍ക്കും ജോലിയായി. പത്രങ്ങളിലെ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും പരസ്യങ്ങളും അരിച്ചു പെറുക്കിയും ഇന്റര്‍നെറ്റിലൂടെ ജോലിസാധ്യതയുളള വിവിധ കോഴ്സുകളെക്കുറിച്ചും അതിനുള്ള സ്കോളര്‍ഷിപ്പുകളും തിരഞ്ഞുമാണ് സ്വാമി ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്.
ചിട്ടയായ ജീവിതവും സ്വസ്ഥമായ മനസ്സും നല്കുന്ന ആരോഗ്യത്തിന്റെ ബലത്തില്‍ എണ്‍പത്തിരണ്ടാം വയസ്സിലും സ്വാമിക്ക് ഒന്നിനും ആരെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതും അത് പാകം ചെയ്യുന്നതും ഒറ്റക്ക്.
2011 ല്‍ അപ്രതീക്ഷിതമായി ഒരു ബൈപാസ് സര്‍ജറിക്ക് വിധേയനാകേണ്ടി വന്നു സ്വാമിക്ക്. അന്ന് ആ തണലില്‍ പഠിച്ചുകൊണ്ടിരുന്ന പതിനാലോളം പേര്‍ക്ക് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്ത് ആരോടും ഒന്നും പറയാതെയാണ് സ്വാമി ശസ്ത്രക്രിയക്കായി ചെന്നൈയ്ക്ക് വണ്ടി കയറിയത്. തിരികെ വരുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ അന്ന് അല്‍പ്പം ആശങ്ക ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കുന്നു. കുട്ടികളില്‍ ചിലര്‍ക്ക് സ്വാമി മാമനും മറ്റുചിലര്‍ക്ക് അങ്കിളുമാണ്.
പിതൃതുല്യമായ സ്നേഹവും ബഹുമാനവുമാണ് അവര്‍ക്ക് ഇദ്ദേഹത്തോട്. ആ കാരുണ്യത്തില്‍ പഠിച്ചു ജോലി നേടുന്നവരില്‍ ചിലര്‍ സഹായഹസ്തവുമായി കൂടെയുണ്ട്. തന്റെ സംരക്ഷണയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ മാത്രമല്ല അതാവശ്യഘട്ടങ്ങളില്‍ അവരുടെ കുടുംബത്തോടൊപ്പവും സ്വാമിയുണ്ട്. സാമ്പത്തിക പ്രതിസന്ധികളില്‍ കൈത്താങ്ങായി കൂടെ നിന്നും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അദ്ദേഹം അവര്‍ക്ക് ദൈവതുല്യനാകുന്നു. മിക്ക കുടുംബത്തിന്റെയും പ്രശ്നം മദ്യപാനികളായ പുരുഷന്മാരാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വാമി ചൂണ്ടിക്കാണിക്കുന്നു.
എല്ലാ ചിന്തകളും പ്രവൃത്തികളും ഭാവാത്മകമാകുമ്പോള്‍ നല്ലത് മാത്രമേ സംഭവിക്കൂ എന്ന ഉറച്ച വിശ്വാസമുണ്ട് സ്വാമിക്ക്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ എവിടെയും പിഴയ്ക്കുന്നില്ല. എല്ലാ കര്‍മ്മങ്ങളും സഫലമാകുന്നു. വാനപ്രസ്ഥത്തിന്റെ നാളുകളിലാണ് ശ്രീരാമകൃഷ്ണ സേവാശ്രമത്തിലെ അന്തേവാസികള്‍. അതുകൊണ്ടുതന്നെ മിക്ക മുറികളിലും മുഴങ്ങുന്നത് ഗീതാവ്യാഖ്യാനവും വേദാന്ത പ്രഭാഷണങ്ങളും തന്നെ.
മനസ്സും അന്തഃകരണവും ബുദ്ധിയും കര്‍മ്മവുമെല്ലാം സമീപത്തെ മുറികളില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഒറ്റമുറിയ്ക്കു മുന്നിലെ കസേരയിലിരുന്ന് സ്വാമി തന്റെ കുട്ടികളെയോര്‍ക്കുന്നു. അവരുടെ ഭാവി ഭദ്രമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. ഒരച്ഛന്റെ വേവലാതിയോടെ, അവര്‍ക്ക് നല്കാന് കഴിയുന്ന ഏറ്റവും നല്ല കോഴ്സുകള്‍ തിരഞ്ഞു കണ്ടെത്തുന്നു. ഈശ്വരവിശ്വാസത്തിന് ഒട്ടും കുറവില്ലെങ്കിലും ഹൃദയമാണ് അമ്പലമെന്നും പ്രിയപ്പെട്ട കുട്ടികളാണ് ദൈവമെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഈശ്വരപൂജപോലെ നിസ്വാര്‍ത്ഥവും ശുദ്ധവും തെളിച്ചമേറിയതുമാണ് ആ കര്‍മ്മമണ്ഡലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: