ദീര്‍ഘമംഗല്യത്തിനും സല്ഭര്തൃലബ്ധിക്കുമായി സ്ത്രീകള്‍ അനുഷ്ഠിക്കുന്ന തിരുവാതിര വ്രതം, ഉമാ-മഹേശ്വര പ്രീതികരമായി കരുതുന്നു. ശ്രീപരമേശ്വരന്റെ ജന്മദിനമായ ധനുമാസത്തിലെ തിരുവാതിര നക്ഷത്രദിവസം പാര്‍വ്വതീദേവി വ്രതമനുഷ്ഠിച്ചതിന്റെ പിന്തുടര്ച്ചയായി കേരളത്തിലെ പഴയ നായര്‍ തറവാടുകളില്‍ സ്ത്രീകള്‍ തിരുവാതിര വ്രതം അനുഷ്ഠിച്ചുപോന്നു.
രേവതി മുതല്‍ തിരുവാതിര വരെ ഏഴുനാള്‍ നീളുന്ന വ്രതക്കാലത്ത് സ്ത്രീകള്‍ അതിപുലര്‍ച്ചെ ഉണര്‍ന്ന് കുളത്തിലോ പുഴയിലോ വട്ടംകൂടി ഇറങ്ങിനിന്ന് പാട്ടുകള്‍പാടി തുടിച്ചു കുളിക്കുന്ന ഈണം കര്‍ണ്ണാനന്ദകരമാണ്. കുളികഴിഞ്ഞ് ചന്ദനക്കുറി തൊട്ട്, ദശപുഷ്പംചൂടി, ഈറന്‍മാറ്റി അലക്കിയ കോടിമുണ്ടുടുത്ത് അവരവരുടെ ഗൃഹങ്ങളിലേയ്ക്ക് തിരിച്ചുപോകും.
‘പാതിരാപ്പൂചൂടലും’, ‘എട്ടങ്ങാടി’ നിവേദ്യവുമാണ് തിരുവാതിരയുടെ പ്രധാന ചടങ്ങ്. മകയിരംനാള്‍ സന്ധ്യാസമയത്ത് ചേമ്പ്, ചേന, കാച്ചില്, കായ, കൂര്‍ക്ക, ചെറുകിഴങ്ങ്, പയര്‍, കടല ഇവ തീക്കനലില്‍ ചുട്ട്, കരിക്കും ശര്‍ക്കരയും കൊട്ടത്തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന എട്ടങ്ങാടി നിവേദ്യം എല്ലാവര്ക്കും പ്രസാദമായി നല്‍കും. മകയിരം വ്രതം മക്കള്‍ക്കും തിരുവാതിര ഭര്‍ത്താവിനും എന്നാണ് സങ്കല്പം.
ഗണപതി സങ്കല്പത്തില് നടുക്ക് അലങ്കരിച്ച നിലവിളക്കും അതിനരികെ അഷ്ടമംഗലവും (വെറ്റില, അടയ്ക്ക, അക്ഷതം, ചെപ്പ്, കണ്ണാടി, ഗ്രന്ഥം, അലക്കിയ കോടിവസ്ത്രം, ദീപം) വച്ച് സ്ത്രീകള്‍ വട്ടത്തില്‍നിന്ന് കൈകൊട്ടിക്കളിക്കുന്ന തിരുവാതിര കളിയും ശിവപ്രീതികരമത്രെ.
പാതിരാപ്പൂവ് കുറച്ച് ദൂരത്തായി വച്ചിരിക്കും. തിരുവാതിര കളിക്കുന്നതിനിടെ അര്‍ദ്ധരാത്രി കഴിഞ്ഞ് സ്ത്രീകള്‍-
‘ത്രിശ്ശിവപേരൂര്’ മതിലകത്ത്
ഒന്നുരണ്ടുപോല് പൂത്തിലഞ്ഞി
ആ ഇലഞ്ഞിപ്പു പറിക്കാന്‍
പോരിന് പോരിന് തോഴിമാരെ….’
എന്ന പാട്ടുപാടി കൈകോര്‍ത്തുപിടിച്ച് പാതിരാ പൂവെടുത്ത്, കിഴക്കോട്ടുതിരിഞ്ഞുനിന്ന് തലയില്‍ ചൂടും. കൊടുവേലിപ്പൂവും ദശപുഷ്പവും (പൂവ്വാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, കറുക, നിലപ്പന, കയ്യോന്നി, കൃഷ്ണക്രാന്തി, ചെറൂള, തിരുതാളി, വള്ളിഉഴിഞ്ഞ, മുക്കുറ്റി) പാതിരാപ്പൂവായി എടുക്കാറുണ്ട്.
‘ആദികറുകയും ദേവദേവ വമ്പിച്ച
ബ്രഹ്മാവ് ദേവനല്ലോ…. എന്നുതുടങ്ങി
‘കൃഷ്ണകിടാന്തിയാം പൂവതിന്‍
മൂര്ത്തിമാനച്യുതന് ഉണ്ണിക്കണ്ണന്…’
എന്നിങ്ങനെ ഓരോ പുഷ്പത്തിനും ഓരോ ദേവതമാരെ സ്തുതിരച്ചുകൊണ്ട് പാട്ടുകള്‍ പാടിയാണ് ദശപുഷ്പം ചൂടുന്നത്. തിരുവാതിര കളിക്കിടെ ആദ്യമായി കുടുംബത്തില്‍ വിവാഹം ചെയ്തെത്തുന്ന സ്ത്രീയെ മുറ്റത്ത് പ്രത്യേകം ആവണിപ്പലകയില് ഇരുത്തി മുന്നില്‍ നിലവിളക്ക് കൊളുത്തിവച്ച്, ഇലഞ്ഞിയുടെ കമ്പ് ഒടിച്ചുകുത്തി, അതില്‍ കിണ്ടിയില്‍നിന്നും ജലം തളിപ്പിച്ച് മഹാദേവസങ്കല്പത്തില് ആരാധിപ്പിക്കും. ഈ ചടങ്ങിനെ ‘പുത്തന്‍ തിരുവാതിര’ എന്നും ‘പൂത്തിരവാതിര’ എന്നും പറയും.
തിരുവാതിര ദിവസം എട്ടങ്ങാടി ഉപയോഗിച്ചുണ്ടാക്കുന്ന അതിവിശിഷ്ടമായ തിരുവാതിരപ്പുഴുക്കും ചാമക്കഞ്ഞിയും ഔഷധഗുണമുള്ളതും പോഷക സമൃദ്ധവുമാണ്.
ഭാര്യാ-ഭര്‍തൃബന്ധത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കാന്‍ പൂര്‍വ്വികരുടെ ഉള്‍ക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ഈ വ്രതസങ്കല്പവും ആചാരങ്ങളും സ്ത്രീകള്‍ക്ക് മാന്യതയും അംഗീകാരവും നല്‍കിയിരുന്ന ഒരു സംസ്കാരത്തിന്റെ പ്രതിഫലനമാണ്. എന്നാലിന്ന് ഇതും അന്യമാവുകയാണ്…!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: