മനമേ മടങ്ങുക, നമ്മുടെ
മാതൃഗേഹത്തിലേക്കിന്നതിനായി
കാതോര്ത്തിരിക്കേണ്ട നാമാരുടെ വിളിക്കായും
പാപഭീതിക്കൊടും താപങ്ങളില്ലാതുള്ളില്
ആത്മാഭിരാമം നിര്‍ഭയം നിത്യമുക്തം
ആത്മാനം ആത്മനാ ഉന്നത ശീര്‍ഷരായ്
ആത്മഗേഹം നാമെത്തുക സംപ്രീതരായ്
ജീവപ്രയാണത്തില്‍ മാറിനാമെത്രയോ
സംസാരഗേഹങ്ങള്, വാടക വീടുകള്‍!
ഒന്നി,നൊന്നെത്ര മികച്ചതെന്നോതിയും
ഒന്നിനേക്കാളൊന്നു ഹീനമെന്നലറിയും
ജന്തുജന്മം നയിച്ചും ചിലപ്പോളൊരല്പ്പം
അറിയാതെയെങ്കിലുമുയര്ന്നും, തളര്‍ന്നും
കൊന്നും കൊടുത്തും എടുത്തും കവര്‍ന്നും
അറിവിനെയന്യമായ് വേറിട്ടു കണ്ടും
വളരാന്‍ മടിച്ചും, പരിമിത സുഖങ്ങളില്‍
രമിച്ചുമെത്രയോ കാലം കഴിച്ചു നാം, വ്യര്‍ത്ഥം!
ഇന്നിന്റെ കാലിക ഗേഹത്തിലെ
തപ്ത തിക്താനുഭവങ്ങളും
നിമിഷ സൗഖ്യങ്ങളും ചേര്ത്തൊത്തു
പാപപുണ്യക്കണക്കാകെ നോക്കി
കൊടും പാപക്കയങ്ങളില്‍
മുങ്ങാതിരിക്ക നാം
സ്വര്‍ഗ്ഗാദി വാഗ്ദാന വ്യര്‍ത്ഥ
ഗര്‍ത്തങ്ങളില്‍ വീഴാതിരിക്ക നാം.
നമുക്കുള്ളിലുണ്മതന് സാധ്യതാ
സാന്നിദ്ധ്യമാത്മനി, തേടിത്തെളിയാന്
യദൃച്ഛയാ നിമിഷാര്ത്ഥമേതോ
തൃടികളിലൊന്നിലോ, മന്വന്തരത്തി
ലൊരു കനവിലോ നിനവിലോ
അറിയാതെയെങ്കിലുമൊരുന്നിദ്ര ചോദന
കൃപയായി നമ്മിലും വാര്‍ന്നു വീഴട്ടെ!
വീണ്ടുമൊരു വാടക വീട്ടിലേക്കാരുമേ
നമ്മെയാട്ടിത്തെളിക്കാതിരിക്കുവാന്,
നാം നേരേ മാതൃഗേഹത്തിലേക്കെത്താന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: