ആലപ്പുഴ: സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ പ്രതിനിധികള്‍ കടുത്ത ആരോപണം ഉന്നയിച്ചു. കൃഷ്ണപിള്ള സ്മാരക വിഷയത്തില്‍ വിഎസിന്റെ നിലപാടു പാര്‍ട്ടിയെ വഞ്ചിക്കുന്നതാണെന്നും ലതീഷ് അടക്കമുള്ള പ്രതികളെ പിന്തുണയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിനു ഒത്താശ ചെയ്തവരെയും പ്രതികളെ പിന്തുണയ്ക്കുന്നവരെയും പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കരുതെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെയും ആരോപണമുയര്‍ന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായി നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി ആരോപണമുയര്‍ന്നു. ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജില്ലാ കമ്മറ്റിക്കും ജില്ലാ സെക്രട്ടറിക്കും വീഴ്ചയുണ്ടായതായും ജില്ലയിലെ തെക്കന്‍ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
കൃഷ്ണപിള്ള സ്മാരക വിഷയത്തില്‍ സിപിഎമ്മുകാര്‍ക്കെതിരെ മൊഴി കൊടുത്ത ടി.കെ. പളനിയുടെ നിലപാടിനെതിരെ മാരാരിക്കുളം ഭാഗത്തെ ചില പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. ഇരുപതോളം പ്രതിനിധികളാണ് ഇന്നലത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: