ചാരുംമൂട്: സിപിഎം ജില്ലാസമ്മേളനത്തില്‍ ഒറ്റപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന് ഉദ്ഘാടന പ്രസംഗം 12 മിനിട്ടുകൊണ്ട് അവസാനിപ്പിച്ചു. ചൈനയിലെ കമ്മ്യൂണിസത്തെ പ്രകീര്‍ത്തിച്ച് തുടങ്ങിയ പ്രസംഗം കേന്ദ്രസര്‍ക്കാരിനെയോ, സംസ്ഥാന സര്‍ക്കാരിനെയോ കാര്യമായി കുറ്റപ്പെടുത്താതെ അവസാനിപ്പിക്കുകയായിരുന്നു. വിഎസ് സമ്മേളന നഗരിയില്‍ എത്തിയപ്പോഴോ പ്രസംഗിക്കുമ്പോഴുമെല്ലാം യാതൊരു ആവേശവുമില്ലായിരുന്നു.
പ്രസീഡിയത്തില്‍ ഇരുന്ന വിഎസിനെ സമ്മേളനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ ഗൗനിച്ചില്ലെന്നതും ശ്രദ്ധേയമായി. കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിഎസിനൊപ്പം നിന്നരുന്ന തോമസ് ഐസക് ഇക്കുറി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് അടുത്ത സമീപനമാണ് സമ്മേളന നഗറില്‍ പുലര്‍ത്തിയത്. പാര്‍ട്ടിയുടെ സൂര്യതേജസാണ് വിഎസ് അച്ചുതാനന്ദന് എന്ന് വിഎസ് പക്ഷത്തുള്ള കെ.രാഘവന് സ്വാഗത പ്രാസംഗത്തില്‍ പറഞ്ഞെങ്കിലും പ്രവര്‍ത്തകരില്‍ യാതൊരു ആവേശവും കണ്ടില്ല.
വിഎസിനെ സ്വാഗതം ചെയ്തപ്പോള്‍ നാമമാത്രമായ ആള്ക്കാര് മാത്രമാണ് കരഘോഷം മുഴക്കിയത്. വിഎസ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഒരാള്‍ പോലും കരഘോഷം മുഴക്കിയില്ല. പാര്‍ട്ടിയില്‍ വിഎസ് ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് ജില്ലാ സമ്മേളനത്തില്‍ ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: