ചെങ്ങന്നൂര്‍: പാര്‍ട്ടി സമ്മേളത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് സിപിഐ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തു. സിപിഐ ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റി അംഗവും, ബിഎംഎംയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.കെ. ശിവപ്രസാദ്, സഹോദരന് വെണ്മണി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റി അംഗവുമായ പി.കെ. മോഹനന് എന്നിവര്‍ക്കെതിരെയാണ് നടപടി.
ശിവപ്രസാദിനെ ഒരുവര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തില്‍നിന്നും, മോഹനനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നുമാണ് ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞമാസം വെണ്മണി ലോക്കല്‍ സമ്മേളനത്തില്‍ നടന്ന വിഭാഗീയതമൂലമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ജില്ലാ എക്സിക്യുട്ടീവ് നടപടി സ്വീകരിച്ചത്.
സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് വന്നവരില്‍ വെണ്മണി ലോക്കല്‍ പരിധിയില്‍ വരുന്ന മുളമുക്ക്, ഇല്ലത്തുമേപ്രം, അമ്പിമുക്ക്, ഉളിയന്തറ ബ്രാഞ്ചുകളില്‍ സമ്മേളനം നടത്താതെ എത്തിയിട്ടുളളവരാണെന്നും, ഇതില്‍ ഉളിയന്തറയില് നിന്നും എത്തിയിട്ടുളള രണ്ട് പേര് പാര്‍ട്ടി അംഗങ്ങളല്ല എന്നും കാട്ടി സമ്മേളനം ചേരിതിരിയുകയായിരുന്നു. താലൂക്കിലെ പ്രബല നേതാക്കളായ പി.എം. തോമസ്, ചന്ദ്രശര്‍മ്മ വിഭാഗക്കാരാണ് രണ്ടായി തിരിഞ്ഞ് പോരടിച്ചത്.
സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. രവിയും, പി.എം. തോമസും സമ്മേളനം ആരംഭിക്കരുതെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചുപോകാനൊരുങ്ങിയ കെ.എസ്.രവിയുടെ കാര്‍ തടഞ്ഞ് നിര്‍ത്തി ശിവപ്രസാദിന്റെയും, മോഹനന്റെയും നേതൃത്വത്തില്‍ അസഭ്യം വിളിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതിനെതുടര്‍ന്ന് ജില്ലാ എക്സിക്യുട്ടീവിന്റെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന നേതാക്കളെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തീരുമാനം കഴിഞ്ഞ ദിവസം കൂടിയ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി അംഗീകരിച്ചതോടെയാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: