കോട്ടയം: അന്യായമായ സിമന്റ് വില വര്‍ദ്ധനവിനെ തുടര്‍ന്ന് കേരളത്തിലെ നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ചാക്കിന് 150 രൂപ വര്‍ദ്ധിപ്പിച്ചതോടെ നിര്‍മ്മാണമേഖലയിലെ 60 ശതമാനം പ്രവര്‍ത്തികളും പ്രതിസന്ധിയിലായി. ഇതോടെ അന്യ സംസ്ഥാന തൊഴിലാളികളടക്കം ആയിരങ്ങള്‍ തൊഴില്‍രഹിതരായി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വില നിയന്ത്രണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്.
ഡീസല്‍ വിലയില്‍ വന്‍കുറവ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടും സിമന്റ് വില കുറക്കാതെ വ്യാപാരികള്‍ ഉപഭോക്താക്കളെ പിഴിയുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ 280 – 300 രൂപ വിലയ്ക്ക് സിമന്റ് ലഭിക്കുമെന്നിരിക്കേ കേരളത്തില്‍ ചാക്കൊന്നിന് 430 രൂപയാണ് സിമന്റ് വ്യാപാരികള്‍ ഈടാക്കുന്നത്.
മൂന്നു തവണകളിലായി ഡീസല്‍ വിലയില്‍ വന്‍ കുറവ് വരുത്തിയിട്ടും ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്ജ്ജിനത്തില് വന്‍ തുക കാണിച്ചാണ് ഈ വര്‍ദ്ധന. തമിഴ്നാട് സര്‍ക്കാരിന്റെ അമ്മ സിമന്റിന് 250 രൂപയാണ് വില എന്നത് തട്ടിപ്പിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നു. വിലകുറഞ്ഞ് സിമന്റ് നല്‍കിയിരുന്ന ചെറുകിട കമ്പനികളെ അസംസ്കൃത സാധനങ്ങള്‍ നല്‍കാതെ പൂട്ടിക്കാന്‍ വന്‍കിട കമ്പനിക്കാര്‍ക്ക് കഴിഞ്ഞതാണ് വില അനിയന്ത്രിതമായി വര്‍ദ്ധിക്കാന്‍ കാരണമായത്.
കേരളത്തിലെ ഉന്നതനായ മന്ത്രിയുടെ നേതൃത്വത്തിലാണ് സിമന്റ് വ്യവസായമെന്നതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നത്. പാലക്കാട്ടും എറണാകുളത്തും ലൈസന്‍സുള്ള ചെറുകിട കമ്പനികള്‍ ഇത്തരത്തില്‍ അടച്ചു പൂട്ടിയിരിക്കുകയാണ്.
സ്വന്തമായി ലോറികളും കണ്ടെയ്നറുകളുമുള്ളവരാണ് കേരളത്തിലെ സിമന്റ് വ്യാപാരികള്‍. ലോറിവാടക എന്ന പേരില്‍ ഇവര്‍ ഇപ്പോഴും ഉപഭോക്താക്കളെ പിഴിയുകയാണ്.
10, 15, 25 ടണ്‍ വരെ ഭാരം വലിക്കുന്ന ലോറികളിലാണ് സിമന്റ്ലോക്കല് ഗോഡൗണുകളില്‍ എത്തിക്കുന്നത്. ഡീസലിന് വില കുറച്ചതോടെ വാടകയിനത്തില്‍ വന്‍ കുറവ് വരുത്താന്‍ സിമന്റ് ഉടമകള്‍ക്ക് കഴിയുമെന്നിരിക്കേ വീണ്ടും വിലവര്ദ്ധിപ്പിക്കുവാനുള്ള തീരുമാനം നിലവിലുള്ള വില കുറയ്ക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: