ന്യൂദല്‍ഹി: സ്വതന്ത്രഭാരതത്തില്‍ ഇതാദ്യമായി ആരോഗ്യസംരക്ഷണം പൗരന്റെ മൗലികാവകാശമാക്കുന്നു. അതിനു വഴിതെളിച്ച് പുതിയ ദേശീയ ആരോഗ്യനയത്തിന്റെ കരട് ഇന്നലെ പ്രഖ്യാപിച്ചു. ചികിത്സ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ആരോഗ്യനയത്തിന്റെ കരടില്‍ പറയുന്നു. 13 വര്‍ഷത്തിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യനയം പ്രഖ്യാപിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തുന്ന ജനകീയ ചുവടുവയ്പ്പുകളില്‍ മറ്റൊന്നാണിത്.
വിദ്യാഭ്യാസം മൗലികാവകാശമാക്കിയ 2009ലെ പ്രഖ്യാപനത്തേക്കാള്‍ വിപ്ലവകരമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം. ഇതിനു മുന്‍പ് 1980ലും 2002ലുമാണ് ദേശീയ ആരോഗ്യനയം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുത്ത് അവരുടെ ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തിലാവും ആരോഗ്യാവകാശ നയം നടപ്പാക്കുകയെന്ന് 57 പേജുള്ള കരട് രേഖയില്‍ പറയുന്നു.
വിദ്യാഭ്യാസ സെസിന്റെ മാതൃകയില്‍ ആരോഗ്യ സെസ് ഉയര്‍ത്താനും കരടില്‍ നിര്‍ദേശമുണ്ട്. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമായ നയമാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മുഴുവന്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെയും നിലവാരം ഉയര്‍ത്തുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
ഒരാള്‍ക്ക് 3800 രൂപവീതം ആരോഗ്യപരിരക്ഷാ ചെലവ് കണക്കാക്കി തുക സമാഹരിക്കാനും പുതിയ നയം നിര്‍ദേശിക്കുന്നു. ആരോഗ്യം മൗലികാവകാശമാക്കുമ്പോള് ഔട്പേഷ്യന്റ് വിഭാഗത്തില്‍ 80 ശതമാനവും ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ 60 ശതമാനവും സേവനം നിര്‍വഹിക്കുന്ന സ്വകാര്യ ആശുപത്രി മേഖലയ്ക്ക് വലിയ ഉത്തരവാദിത്വം വന്നുചേരും.
നയത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ അഭിപ്രായം രേഖപ്പെടുത്താം. ആരോഗ്യമന്ത്രാലയത്തിന്റെ www.mohfw.nic.in എന്ന വെബ്സൈറ്റില്‍ കരട് നയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ നയത്തിന് രൂപംനല്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: