തിരുവനന്തപുരം: ചില്ലറ റേഷന്‍ വ്യാപാരികളുടെ കമ്മീഷന് ക്വിന്റലിന് 60 രൂപയില്‍ നിന്ന് 100 രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് വര്‍ധിപ്പിച്ചത്. എച്ച്ഐവി ബാധിതരുടെ പെന്ഷന് 500 രൂപയില്‍ നിന്ന് ആയിരം രൂപയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ മിനി സിവില്സ്റ്റേഷന് നിര്‍മ്മിക്കാന്‍ 9.4 ആര് ഭൂമി വിട്ടുനല്‍കും. പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ അനുവദിക്കാതിരുന്നതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവില്‍ ലഭിക്കുന്ന ഒരാനുകൂല്യവും ഇല്ലാതാവുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വരുന്ന അധിക ബാധ്യത സംസ്ഥാനം വഹിക്കും. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കും.
അതേസമയം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യമായും വേഗത്തിലും ഭൂമി ഏറ്റെടുക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാരിന്റെ പൊതുസമീപനം. ആറന്മുള വിമാനത്താവളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അനുമതിയുമായി വന്നാല്‍ പിന്തുണയ്ക്കുമെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരിന് പത്തു ശതമാനം ഓഹരി പങ്കാളിത്തം ഉള്ളതുകൊണ്ടു മാത്രം കേന്ദ്രാനുമതി ലഭിക്കില്ല. കഴിഞ്ഞ സര്‍ക്കാരും പദ്ധതിയില്‍ ഓഹരി പങ്കാളിത്തം എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: