ദുബായ്: ഐസിസി ടെസ്റ്റ് കളിക്കാരുടെ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്ഥാനക്കയറ്റം. ഓസ്ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ ബാറ്റ്സ്മാന്മാരുടെ ലിസ്റ്റില്‍ കോഹ്ലി 15-ാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. കോഹ്ലിക്ക് പുറമെ ചേതേശ്വര്‍ പൂജാരയും മുരളി വിജയും ആദ്യ ഇരുപതില്‍ ഇടംപിടിച്ചിട്ടുണ്ട്. പൂജാര 19ഉം മുരളി 20ഉം സ്ഥാനത്താണ്. 15 സ്ഥാനങ്ങള്‍ മുന്നേറിയ അജിന്‍ക്യ രഹാനെ 26-ാം സ്ഥാനവും നേടിയിട്ടുണ്ട്.
അതേസമയം ഒന്നാം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും മൂന്നാമത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയുമാണ്. അതേസമയം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് രണ്ട് സ്ഥാനം മുന്നേറി അഞ്ചാമതെത്തി.
ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ സ്റ്റെയിന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യക്കെതിരായ മികച്ച ബൗളിംഗിന്റെ പിന്‍ബലത്തില്‍ ഓസീസ് താരം റയാന് ഹാരിസ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ ഹെറാത്താണ്.
എന്നാല്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ ബൗളറും ഇടംപിടിച്ചിട്ടില്ല. 14-ാം സ്ഥാനത്തുള്ള പ്രഗ്യാന്‍ ഓജയും 15-ാം സ്ഥാനത്തുള്ള അശ്വിനുമാണ് ആദ്യ പതിനഞ്ചില്‍ ഇടംപിടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍. ഇഷാന്ത് ശര്‍മ്മ 20-ാം സ്ഥാനത്താണ്. എട്ട് സ്ഥാനം മുന്നേറിയ ഉമേഷ് യാദവ് 36ഉം മുഹമ്മദ് ഷാമി 38-ാം സ്ഥാനവും സ്വന്തമാക്കി.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്. അശ്വിന് മൂന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: