ധന്‍ബാദ്: ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടിയ കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ ഝാര്‍ഖണ്ഡിന് ഒരു പോയിന്റ് ലഭിച്ചു. നാല് കളികള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് ഇതുവരെ ഒരു കളിയിലും ജയിക്കാന്‍ കഴിഞ്ഞില്ല. ഒരു പരാജയവും മൂന്ന് സമനിലയുമാണ് കേരളത്തിന്റെ സമ്പാദ്യം. 9 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. സ്കോര്‍ ചുരുക്കത്തില്‍: ഝാര്‍ഖണ്ഡ് 337, 337ന് അഞ്ച്, കേരളം 383.
ഒന്നിന് 68 എന്ന നിലയില്‍ അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഝാര്‍ഖണ്ഡിന്റെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിന് വീഴ്ത്താന്‍ കഴിഞ്ഞത്. 125 റണ്‍സുമായി പുറത്താകാതെ നിന്ന് ക്യാപ്റ്റന സൗരഭ് തിവാരിയും 71 റണ്‍സെടുത്ത ഷഹ്ബാസ് നദീം 51 റണ്‍സെടുത്ത ഇഷാന്ക് ജഗ്ഗി, 39 റണ്‍സെടുത്ത കുമാര്‍ ദിയോബ്രത് എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഝാര്‍ഖണ്ഡിന് സമനില നേടിക്കൊടുത്തത്. കേരളത്തിന് വേണ്ടി രോഹന് പ്രേം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് ആസാമിനെ പരാജയപ്പെടുത്തി. ഇന്നിംഗ്സിനും 133 റണ്‍സിനുമായിരുന്നു ഹിമാചലിന്റെ വിജയം. ഹിമാചല്‍ പ്രദേശ് ഒന്നാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 549 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ആസാമിന്റെ ഒന്നാം ഇന്നിംഗ്സ് 218 റണ്‍സില്‍ അവസാനിച്ചു.
തുടര്‍ന്ന് ഫോളോഓണ്‍ ചെയ്ത ആസാം രണ്ടാം ഇന്നിംഗ്സില്‍ 198 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ഹിമാചല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഹിമാചലിനായി ഒന്നാം ഇന്നിംഗ്സ് പരസ് ദോഗ്ര (230നോട്ടൗട്ട്), അന്‍കുഷ് ബെയ്ന്‍സ് (156) തകര്‍പ്പന്‍ പ്രകടനം നടത്തി. ത്രിപുര-ഗോവ മത്സരവും ഹൈദരാബാദ്-സര്‍വ്വീസസ് കളിയും സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: