പെരിന്തല്‍മണ്ണ: സൗരാഷ്ട്രക്കെതിരായ സി.കെ. നായിഡു ക്രിക്കറ്റില്‍ കേരളം പരാജയത്തിന്റെ വക്കില്‍. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 167 റണ്‍സ് വേണ്ടിയിരുന്ന കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്ത് പരാജയഭീഷണിയിലാണ്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ജയിക്കാന്‍ 119 റണ്‍സ് കൂടി കേരളത്തിന് വേണം.
രണ്ടാം ഇന്നിംഗ്സില്‍ അഞ്ചിന് 61 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട സൗരാഷ്ട്ര വന്‍ തിരിച്ചുവരവാണ് നടത്തിയത്. 76 റണ്‍സെടുത്ത എസ്. വ്യാസ്, 66 റണ്‍സെടുത്ത പി. മങ്കാദ്, 43 റണ്‍സെടുത്ത ദിനേഷ് നക്റണി, 31 റണ്‍സെടുത്ത ഫെനില്‍ സോണി എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 330 റണ്‍സ് നേടി.
ഒന്നാം ഇന്നിംഗ്സില്‍ 166 റണ്‍സ് ലീഡ് നേടിയിരുന്ന കേരളത്തിന് ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 167 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മുന്‍നിര താരങ്ങളെല്ലാം രണ്ടക്കം പോലും തികയ്ക്കാതെ പുറത്തായതോടെ കേരളം അഞ്ചിന് 48 എന്ന ദയനീയ സ്ഥിതിയിലായി. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 9 റണ്‍സുമായി അക്ഷയ് ചന്ദ്രനും ഒരു റണ്‍സുമായി സല്മാന് നിസാറുമാണ് ക്രീസില്‍. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുത ദോദിയയാണ് കേരളത്തെ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: