തലശ്ശേരി: സ്കൂള്‍ കലോത്സവ നൃത്തവേദികളിലെ അണിയറയില്‍ 20 വര്‍ഷത്തിലേറെയായി നിറ സാന്നിധ്യമായി നൃത്താധ്യാപകന് മനോജ് കല്ല്യാട് ശ്രദ്ധേയനാവുന്നു. നൃത്തകല സപര്യയാക്കി, ജീവിതോപാധിയാക്കി നൃത്ത കലയില്‍ നൂറുകണക്കിന് ശിഷ്യ സമ്പത്തിനുടമയായ ഇരിക്കൂര്‍ കല്ല്യാട് അരവിന്ദപുരത്തിലെ മനോജ് തലശ്ശേരിയില്‍ നടക്കുന്ന കലോത്സവ വേദിയിലും ജനശ്രദ്ധ നേടി.
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളായി 11 ശിഷ്യന്മാരാണ് 21 ഇനങ്ങളിലായി ഇത്തവണ തലശ്ശേരിയിലെ കലോത്സവ വേദിയില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി മാറ്റുരയ്ക്കുന്നത്.ഭരതനാട്യം, കുച്ചിപ്പിടി, നാടോടിനൃത്തം, മോഹിനിയാട്ടം, ഗ്രൂപ്പ് ഡാന്‍സ് ഇനങ്ങളിലായി മനോജ് പരിശീലിപ്പിച്ച വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ നൃത്ത കലയോട് ആഭിമുഖ്യം പുലര്‍ത്തി കലോത്സവ വേദികളില്‍ ഉള്‍പ്പെടെ നൃത്തരംഗത്ത് വിസ്മയകരമായ പ്രകടനം കാഴ്ചവെച്ച മനോജ് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം നൃത്താധ്യാപകനായി പ്രവര്‍ത്തിച്ചു വരികയാണ്.
മട്ടന്നൂരില്‍ സ്വന്തമായി അഞ്ജലി കലാക്ഷേത്രം എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്ന മനോജിന് ജില്ലയിലും ജില്ലയ്ക്ക് പുറത്തും നൃത്ത കലയില്‍ നിരവധി ശിഷ്യഗണങ്ങളുണ്ട്. സ്വന്തം സ്ഥാപനത്തിലെ പരിശീലനത്തിനു പുറമേ ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍,സ്ക്കൂളുകള്‍,കലാ-സാംസ്ക്കാരിക സ്ഥാപനങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നാടോടി നൃത്തത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ഇന്നലെ ജില്ലാതലത്തില്‍ നാടോടിനൃത്തം ഹൈസ്ക്കൂള് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടിയ നന്ദകുമാര്‍ ഉള്‍പ്പെടെ നിരവധി ശിഷ്യ ഗണങ്ങള്‍ സംസ്ഥാന-ജില്ലാ-ഉപജില്ലാ തല സ്ക്കൂള് കലോത്സവങ്ങളില്‍ മനോജ് മാസ്റ്ററുടെ ശിഷ്യഗണങ്ങള്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.
സംസ്ഥാന ജില്ലാ തലങ്ങളില്‍ കലോത്സവത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മികച്ച വിജയം നേടിയിട്ടുളള തന്റെ മരുമകനായ ശരത്താണ്് അരങ്ങില്‍ ചമയത്തിന് മനോജിനെ സഹായിച്ചുവരുന്നത്. ബിരുദത്തിനു ശേഷം ഐകെഎസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഭരതനാട്യത്തില്‍ ഡിപ്ലോമ നേടിയിട്ടുളള മനോജ് ഭരതനാട്യത്തില്‍ ഡിഗ്രി പഠനം നടത്തി വരികയും ചെയ്യുന്നുണ്ട്. ശാലിനി ഭാര്യയും പ്രത്യുഷ്,ഋത്വിക് എന്നിവര്‍ മനോജിന്റെ മക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: