ന്യൂദല്‍ഹി: നേതാജിയുടെ തിരോധാനം സംബന്ധിച്ച് രഹസ്യരേഖകള്‍ പുറത്തുവിടുന്നതിന് ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ രംഗത്ത്. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ്കുമാറിനെ കൊല്‍ക്കത്തയില്‍ സന്ദര്‍ശിച്ച് നേതാജിയുടെ മരുമക്കളായ ഡോ.ഡി.എന്‍ ബോസ്, ചിത്ര ഘോഷ് എന്നിവര്‍ ബോസ് കുടുംബത്തിന്റെ ആവശ്യം അറിയിച്ചു.
ഔദ്യോഗിക രഹസ്യരേഖകളാണെന്ന് വ്യക്തമാക്കിക്കൊണ്ട് നേതാജിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളടക്കം മുന്‍ യുപിഎ സര്‍ക്കാര്‍ പരസ്യപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നുവന്ന കേന്ദ്രസര്‍ക്കാരും ഉദ്യോഗസ്ഥതലത്തിലെ ആവശ്യപ്രകാരം രേഖകള്‍ പരസ്യപ്പെടുത്തിയിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ നേതാജിക്കെന്തു സംഭവിച്ചെന്നറിയേണ്ടത് രാജ്യത്തിന്റെ ആകെയുള്ള ആവശ്യമാണെന്നാണ് ബോസ് കുടുംബത്തിന്റെ നിലപാട്.
നേതാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനനായി മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ഭരണകാലത്ത് ജസ്റ്റിസ് മുഖര്‍ജി കമ്മീഷനെ നിയോജിച്ചിരുന്നു. നേതാജി 1945ല്‍ തായ്വാനിലെ തായ്ഹോകു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നുവീണു കൊല്ലപ്പെട്ടെന്ന വാദങ്ങള്‍ മുഖര്‍ജി കമ്മീഷന് തള്ളിക്കളഞ്ഞതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് നേതാജിയുടെ തിരോധാനം സംബന്ധിച്ച് അന്തിമാന്വേഷണം നടത്തണമെന്ന ആവശ്യവും ബോസ് കുടുംബം മുന്നോട്ടു വെച്ചിട്ടുണ്ട്.
വിദേശഭരണകൂടം നേതാജിയെ തടങ്കലില്‍ പാര്പ്പിച്ചതാകാമെന്ന കുടുംബത്തിന്റെ ആശങ്കകള്‍ മാറണമെങ്കില്‍ സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ പരസ്യമാക്കണമെന്ന് ബോസ് കുടുംബത്തിന്റെ ഔദ്യോഗിക വക്താവ് ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു. വിഷയം ആര്‍എസ്എസ് ഏറ്റെടുക്കണമെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
ബ്രിട്ടീഷ് സര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ വീട്ടുതടങ്കലിലാക്കിയ നേതാജി1941ല്‍ അവിടെനിന്നും രക്ഷപ്പെട്ട് അന്താരാഷ്ട്ര സഹായത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധം തുടര്‍ന്നു. ഇതിനായി അദ്ദേഹം ജപ്പാന്റെ സഹകരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് തിരോധാനം സംഭവിച്ചത്. രാജ്യത്തിന്റെ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രഹസ്യമായി ഇന്നും നേതാജിയുടെ തിരോധാനം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: