ലോകം ഒരു രാഷ്ട്രത്തെ ശ്രദ്ധിക്കുമ്പോള്‍ അവിടെ ആദ്യം ചര്‍ച്ചയാകുന്നത് നിലവിലുള്ള അവിടുത്തെ രാഷ്ട്രീയ സ്ഥിതിഗതികളാണ്. ഭാരതത്തെ സംബന്ധിച്ച് അത് അധികാരമാറ്റത്തിന്റേതാണ്. ആരും ആഗ്രഹിക്കുന്ന സുസ്ഥിരഭരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുമ്പോള് ഭരണനിര്‍വഹണത്തില്‍ അദ്ദേഹത്തിന് കൂട്ടായി മികച്ച മന്ത്രിമാരും സഹമന്ത്രിമാരുമാണ് ഉള്ളത്. അതില്‍ എട്ട് വനിതകളുടെ സാന്നിധ്യം എടുത്തുപറയേണ്ടിയിരിക്കുന്നു. മുമ്പൊന്നും ഇത്ര വനിതമാര്‍ കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടില്ല. മൂന്നിലൊന്നു സംവരണം ജനപ്രതിനിധി സഭയില്‍ പോലും നിയമമായിട്ടില്ലെന്നോര്ക്കണം.
സുഷമ സ്വരാജ്
എട്ട് വനിതാ കേന്ദ്രമന്ത്രിമാരില്‍ മുന്നില്‍ സുഷമ സ്വരാജ് തന്നെ. കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടുന്ന വിദേശകാര്യ വകുപ്പാണ് സുഷമയ്ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ വിദിശ മണ്ഡലത്തില്‍ നിന്നും നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുഷമ ജയിച്ചത്. 1977 ല്‍ 25-ാം വയസ്സില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ബഹുമതിയും സുഷമക്ക് സ്വന്തം. രാജ്യത്തെ ഒരു ദേശീയ പാര്‍ട്ടിയുടെ ആദ്യത്തെ വനിതാ വക്താവ്, ബിജെപിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി വിശേഷണങ്ങളാണ് നെറ്റിയിലെ സിന്ദൂരപ്പൊട്ടിന്റെ ശോഭപോലെ ഭാരത രാഷ്ട്രീയത്തില്‍ തിളങ്ങുന്ന സുഷമയ്ക്കുള്ളത്.
സ്മൃതി സുബിന് ഇറാനി
വെള്ളിവെളിച്ചത്തില്‍നിന്നും രാഷ്ട്രീയത്തെളിച്ചത്തിലേക്കെത്തിയ താരമാണ് സ്മൃതി ഇറാനി. മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി. വയസ്സ് 38. മന്ത്രിയാകുന്നത് ആദ്യവട്ടം. രാഷ്ട്രീയത്തില്‍ പരിചയസമ്പത്ത് കുറവാണെങ്കിലും കിട്ടിയിരിക്കുന്ന വകുപ്പ് അത്ര ചെറുതല്ല. കേന്ദ്രമാനവ വിഭവ ശേഷി വകുപ്പ് മോദി വിശ്വസിച്ചേല്‍പ്പിക്കുമ്പോള്‍, ആ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ലയെന്ന് സ്മൃതിയുടെ തീരുമാനങ്ങളും മുന്നോട്ട് വയ്്ക്കുന്ന നിര്‍ദ്ദേശങ്ങളും വിളിച്ചറിയിക്കുന്നുണ്ട്. മോഡലായും അഭിനേത്രിയായും തിളങ്ങിയ സ്മൃതി 2000ത്തിലാണ് ടിവി സീരിയലുകളിലൂടെ ജനപ്രിയയായത്. അഭിനയത്തിന് നിരവധി അംഗീകാരങ്ങളും നേടിയിട്ടുമുണ്ട്.
ഡോ. നജ്മ ഹെപ്തുള്ള
രാജ്യസഭാ ഉപാധ്യക്ഷയായി നീണ്ട 16 വര്‍ഷം സേവനം അനുഷ്ഠിച്ച വനിത. മോദി സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന നജ്മയ്ക്ക് ശക്തമായ രാഷ്ട്രീയ പാരമ്പര്യമാണുള്ളത്. സ്വാതന്ത്ര്യസമര സേനാനിയും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബുള്‍ കലാം ആസാദിന്റെ അനന്തരവള്‍ കൂടിയാണ് നജ്മ. 74-ാം വയസ്സിലും മന്ത്രിയെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളില്‍ യാതൊരു വീഴ്ചയും വരുത്താതെ, ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുന്ന നജ്മ നല്ലൊരു എഴുത്തുകാരികൂടിയാണ്.
മേനക സഞ്ജയ് ഗാന്ധി
1984 ല്‍ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം. ഇന്ദിരാഗാന്ധിയുടെ മകന് സഞ്ജയ് ഗാന്ധിയെ വിവാഹം ചെയ്തുകൊണ്ട്, അന്ന് മോഡലായി തിളങ്ങിയിരുന്ന മേനക ഗാന്ധികുടുംബത്തിന്റെ മരുമകളാവുമ്പോള്‍ രാഷ്ട്രീയമെന്നത് ഇവരുടെ മനസ്സിലേ ഇല്ലായിരുന്നു. 33-ാം വയസ്സില്‍ മേനക കേന്ദ്രമന്ത്രിയായി (ജനതാ ദള്‍ മന്ത്രിസഭയില്‍). 1999 ല്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും 2004 ല്‍ ബിജെപിയില്‍ അംഗമാവുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, ഗവണ്മെന്റ് അഷ്വറന്‍സ് കമ്മറ്റി അധ്യക്ഷ എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മേനകയുടെ മൃഗസ്നേഹവും പ്രസിദ്ധമാണ്.
ഉമാ ഭാരതി
ഹൈന്ദവാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സന്യാസ ജീവിതം നയിച്ച് സമാജ സേവനത്തിന് മുന്നിട്ടിറങ്ങിയ ഉമാ ഭാരതി 25-ാം വയസ്സിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. അദ്വാനിക്കൊപ്പം രാമജന്മഭൂമി പ്രസ്ഥാനത്തില്‍ സജീവമായി. ആറ് തവണ പാര്‍ലമെന്റ് അംഗമായി. മധ്യപ്രദേശ് മുഖ്യമന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള ഉമാ ഭാരതി വാജ്പേയി മന്ത്രിസഭയിലും അംഗമായിരുന്നു. 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഝാന്‍സി മണ്ഡലത്തില്‍ നിന്നും വിജയിച്ച ഉമാഭാരതി ഇപ്പോള്‍ ഗംഗാ ശുചീകരണ വ്രതിയാണ്. നദീജല വകുപ്പാണ് കൈാര്യം ചെയ്യുന്നത്.
കേന്ദ്രവാണിജ്യ വ്യവസായ സഹമന്ത്രി സ്ഥാനത്തുള്ള നിര്‍മല സീതാരാമന്, ഭക്ഷ്യസംസ്കരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, സാധ്വി നിരഞ്ജന് ജ്യോതി എന്നിവരും ശ്രദ്ധേയരാണ്.
പാര്‍ലമെന്റില്‍ സ്പീക്കര്‍ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയായ സുമിത്ര മഹാജന് തന്റെ ഉറച്ച നിലപാടുകള്‍കൊണ്ട് ഏറെ ശ്രദ്ധേയയാകുന്നു.
ഗീതു മോഹന്‍ദാസ്
മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഗീതു ഇപ്പോള്‍ അന്തര്‍ദേശീയ തലത്തിലും ശ്രദ്ധേയയാണ്. നടിയെന്ന നിലയിലല്ല, സംവിധായകയെന്ന നിലയില്‍. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയലോകത്തെത്തുകയും മുതിര്‍ന്നപ്പോള്‍ നായികയായും ഖ്യാതി നേടി. പക്ഷേ അഭിനയത്തില്‍ മാത്രമല്ല സംവിധായികയെന്ന നിലയിലും തനിക്ക് കഴിവുണ്ടെന്ന് കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെ ഗീതു തെളിയിച്ചു. രണ്ടാമത് സംവിധാനം നിര്‍വഹിച്ച ലയേഴ്സ് ഡൈസ് എന്ന ചിത്രവും നിരവധി അംഗീകാരങ്ങള്‍ നേടി. 2014 ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് പട്ടികയില്‍ ഇടം നേടിയെങ്കിലും അവസാന പട്ടികയില്‍ ഇടം നേടാന്‍ ഈ ചിത്രത്തിന് സാധിച്ചില്ല. എങ്കിലും അന്തര്‍ദ്ദേശിയ തലത്തില്‍ ഗീതുശ്രദ്ധിക്കപ്പെട്ടു.
മേ-ബ്രിറ്റ് മോസര്‍
ഇക്കുറി നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ വനിതകളുടെ പങ്കാളിത്തം രണ്ടുപേരില്‍ ഒതുങ്ങി. അതില്‍ ഒരാളാണ് വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരം നേടിയ മേ-ബ്രിറ്റ് മോസര്‍. സ്ഥാനവും ദിശയും കണ്ടെത്താന്‍ മസ്തിഷ്കം എങ്ങനെ നമ്മളെ സഹായിക്കുന്നു എന്ന കണ്ടെത്തലിനാണ് ഭര്‍ത്താവ് എഡ്വാര്‍ഡ് മോസറിനും ജോണ്‍ ഒകീഫിനുമൊപ്പം മേ-ബ്രിറ്റ് നോബല്‍ സമ്മാനം പങ്കിട്ടത്. ഗ്രിഡ് കോശങ്ങള്‍ എന്നറിയപ്പെടുന്ന തലച്ചോറിലെ ജിപിഎസിന്റെ മറ്റൊരു സുപ്രധാന ഘടകമാണ് മോസര്‍ ദമ്പതിമാര്‍ കണ്ടെത്തിയത്. നോര്‍വ്വെയിലെ ഫോസ്നവഗില്‍ 1963 ന് ജനിച്ച മേ ബ്രിട്ട് മോസര്‍ നോര്‍വ്വെയില്‍ ട്രോന്‍ഥീമിലെ സെന്റര്‍ ഫോര്‍ ന്യൂറല്‍ കമ്പ്യൂട്ടേഷന്റെ ഡയറക്ടറാണ്.
മലാല യൂസഫ്സായ്
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സമരത്തിലൂടെ ശ്രദ്ധേയയായ പാക്കിസ്ഥാന് സ്വദേശിനി മലാല യൂസഫ്സായ് സമധാനത്തിനുള്ള നൊബേല്‍ സമ്മാനം ഭാരതത്തിന്റെ കൈലാഷ് സത്യാര്‍ത്ഥിയുമായി പങ്കിട്ടു. താലിബാന് തോക്കിന്‍മുന ഉന്നം വെച്ച മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാലയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ പക്ഷേ ആര്‍ക്കുമായില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവള് പിന്നെയു പോരാടി. പാക്കിസ്ഥാനില്‍ സമാധാനം പുലരുന്നതും സ്വപ്നം കണ്ട ആ പെണ്‍കുട്ടിയെത്തേടി 2014 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും എത്തി. മലാലയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് ഇന്ന് സമൂഹം.
റയ്ഹാന ജബ്ബാരി
2014 ന്റെ കണ്ണീരോര്‍മ്മയാണ് റയ്ഹാന ജബ്ബാരി. നീതിയും നിയമവും ലോകത്തിന്റെ പലഭാഗത്തും പലതാണെന്നും സാര്‍വ്വലൗകികമായ നീതി എന്നൊന്ന് ലോകത്തിലില്ലെന്നും റയ്ഹാനയെന്ന 19 കാരിയായ ഇറാന് യുവതിയുടെ ജീവിതം വിളിച്ചുപറയുന്നു.
തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്റലിജന്‍സ് ഓഫീസറെ, സ്വയരക്ഷാര്‍ത്ഥം കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപെടുകയും അയാള്‍ രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തപ്പോള്‍ റയ്ഹാന ഇറാന് ഭരണകൂടത്തിന് മുന്നില്‍ കുറ്റക്കാരിയായി. കോടതി റയ്ഹാനയ്ക്ക് വധശിക്ഷ വിധിച്ചു.
ഈ ശിക്ഷാവിധിക്കെതിരെ അന്താരാഷ്ട്ര സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. ഒക്ടോബറില്‍ റയ്ഹാനയെ തൂക്കിലേറ്റുമ്പോള്‍ പ്രായം വെറും 26.
മഞ്ജുവാര്യര്‍
മറ്റൊരു നടിയുടെ തിരിച്ചുവരവും മലയാളികള്‍ ഇത്ര ആഘോഷമാക്കിയിരിക്കുകയില്ല. 14 വര്‍ഷം മുമ്പ് മലയാള സിനിമയില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴാണ് മഞ്ജു വാര്യര്‍ സിനിമയോട് വിട പറഞ്ഞത്. പിന്നീട് നീണ്ടനാള്‍ ആരാധകരില്‍ നിന്നും ഒഴിഞ്ഞുമാറിയുള്ള ജീവിതം. മഞ്ജുവിന് ശേഷം നടിമാര്‍ മാറിമാറി വന്നെങ്കിലും മഞ്ജു വാര്യര്‍ക്ക് നല്കിയ ഇഷ്ടം മാറ്റാരോടും മലയാളിക്ക് തോന്നിയില്ല. ആ ഇഷ്ടങ്ങള്ക്കിടയിലേക്കാണ് മഞ്ജു വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയത്. ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ. അതിനും മുമ്പേ നൃത്തവേദികളിലൂടെ മഞ്ജു തന്റെ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരുന്നു.
മേരി കോം
ഇടിക്കൂട്ടിലെ പെണ്‍കരുത്ത് മേരി കോം കായിക ലോകത്ത് ഭാരതത്തിന്റെ അഭിമാനമാണ്. ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ആദ്യമായി ഒരു വനിതാ താരം സ്വര്‍ണം നേടുന്നതും മേരികോമിലൂടെയാണ്.
51 കിലോ വിഭാഗത്തില്‍ കസാഖിസ്ഥാന്റെ ഷെയ്ന ഷെകര്‍ബെക്കോവയെയാണ് ഈ മണിപ്പൂരുകാരി പരാജയപ്പെടുത്തിയത്. മൂന്ന് കുട്ടികളുടെ അമ്മയായ ശേഷമാണ് മേരി ഈ നേട്ടം സ്വന്തമാക്കിയതും.
സരിതാ ദേവി
കായികലോകത്ത് കണ്ണീരണിഞ്ഞ് വേദി വിടുന്നവര്‍ അനേകം. അര്‍ഹതപ്പെട്ടത് നിരസിക്കുമ്പോഴുള്ള വേദനയില്‍ കിട്ടിയ മെഡല്‍ ഉപേക്ഷിച്ച ഭാരതത്തിന്റെ ബോക്സിംഗ് താരം സരിതാ ദേവിയുടെ തീരുമാനത്തോട് മനസ്സുകൊണ്ട് അനുകൂലിച്ചവരായിരുന്നു ഏറെയും.
ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ റഫറിയുടെ പക്ഷപാതപരമായ തീരുമാനത്തിലൂടെ മൂന്നാം സ്ഥാനത്തേക്ക തള്ളപ്പെട്ട സരിതാ ദേവി സമ്മാന ദാനച്ചടങ്ങിനിടയില്‍ വെങ്കലമെഡല്‍ തിരിച്ചുനല്‍കിയാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇത്തരത്തില്‍ മെഡല്‍ നിഷേധിച്ചതിന് അവര്‍ പിന്നീട് മാപ്പുപറയുകയും ചെയ്തു. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന് സരിതാ ദേവിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതിലൂടെ 2014 ലെ മറ്റൊരു സങ്കടമുഖമാണ് സരിതാ ദേവി.
വിശുദ്ധപദവിയില്‍ എത്തിച്ചേര്‍ന്ന ഏവുപ്രാസ്യമ്മയിലൂടെ 2014 ല്‍ കേരളവും കൂടുതല്‍ ധന്യമായി. സൗന്ദര്യവും ബുദ്ധിയും മാറ്റുരച്ച വേദിയില്‍ സൗത്ത് ആഫ്രിക്കന്‍ സുന്ദരി റോളന് സ്ട്രോസ് 2014 ലെ ലോകസുന്ദരി കിരീടം ചൂടി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു.
ബ്രസീലിന്റെ പ്രസിഡന്റായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ദില്‍മ റൂസഫ്, അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തികളായി മാറിയ നിക്കി ഹാലെ, പ്രമീള ജയ്പാല്, അരുണ മില്ലര്‍, തുള്‍സി ഗബാര്‍ഡ്, കമല ഹാരിസ് തുടങ്ങി ഓരോ മേഖലയിലും വിജയം വരിച്ച് രത്നശോഭയോടെ വിളങ്ങുന്ന അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ അനവധി വനിതകളുണ്ട് ലോകത്തില്‍. ലോകത്തിന്റെ ഗതിമാറ്റാന്‍ കഴിവുള്ളവരാണ് ഈ വനിതകളെല്ലാം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: