ദേശീയ രാഷ്ട്രീയരംഗം നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ഒറ്റയാളിലേക്ക് കേന്ദ്രീകരിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാജ്യമൊട്ടാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച മോദിതരംഗം ബിജെപിയെ കേവല ഭൂരിപക്ഷവും മറികടന്ന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചു.
വര്‍ഷാന്ത്യത്തിലും മോദി തന്നെയാണ് ദേശീയ രംഗത്തെയും അതോടൊപ്പം അന്തര്‍ദ്ദേശീയ രംഗത്തെയും താരം. കഴിഞ്ഞുപോയ പന്ത്രണ്ട് മാസങ്ങള്‍ ബിജെപിയെന്ന രാഷ്ട്രീയപ്രസ്ഥാനവും അതിന്റെ പ്രത്യയശാസ്ത്രവും രാജ്യത്തിന്റെ സമസ്ത മേഖലകളിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ന്ന കോണ്‍ഗ്രസ് ഭരണം അസ്തമിക്കുന്ന സൂചനകള്‍ വര്‍ഷത്തിന്റെ ആദ്യംതന്നെ പ്രകടമായിരുന്നു. യുപിഎ സര്‍ക്കാര്‍ നടത്തിയ ശതകോടികളുടെ അഴിമതികളില്‍ പലതും തിരുത്താന്‍ കേന്ദ്രഭരണകൂടം നിര്ബന്ധിതമായിത്തുടങ്ങിയത് ജനുവരിയിലെ ആദ്യ ആഴ്ചകളിലെ കാഴ്ചകളായി.
360 കോടി കോഴ നല്കിയ അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനുവരി 1ന് പുറത്തുവന്നതു തന്നെ പുതുവര്‍ഷം വലിയ മാറ്റങ്ങളുടെ തുടക്കമാകുമെന്ന് ബോധ്യമാക്കി.
നയം വ്യക്തമാക്കി മന്മോഹന് സിങ്
പുതുവര്‍ഷം പിറന്ന് രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇനി ഭരിക്കാനില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിലപാട് അറിയിക്കുക കൂടി ചെയ്തതോടെ ദശാബ്ദം നീണ്ട യുപിഎ ഭരണം നിലംപതിക്കുകയാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്ക് ബോധ്യംവന്നു തുടങ്ങി.
ജനുവരി 5ന് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഇലക്ഷന് കമ്മീഷന്റെ ആലോചനകളുടെ വിവരവും പുറത്തുവന്നു. ഏപ്രില്‍ പകുതിയോടെ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് തീരുമാനിച്ചു. തൊട്ടുപിന്നാലെ ‘രാജ്യത്തിന്റെ നല്ലനാളുകള്‍’ ഉടനെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് ചൂട് വ്യാപിച്ചു.
നാണം കെടുത്തിയ നാടകങ്ങള്‍
ഫെബ്രുവരി മാസത്തിന്റെ ആദ്യവാരം കേന്ദ്രമന്ത്രിസഭ തെലങ്കാന ബില്‍ പാസാക്കിയതോടെ ഏറ്റവും കൂടുതല്‍ എംപിമാരെ കോണ്‍ഗ്രസിനു സംഭാവന ചെയ്ത ആന്ധ്രാപ്രദേശെന്ന സംസ്ഥാനം കലാപ കലുഷിതമായിത്തുടങ്ങി. സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കളെ പോലും നിയന്ത്രിക്കാനാവാതെ അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വിഷമിച്ചപ്പോള്‍ കുരുമുളക് സ്പ്രേയും കത്തിക്കുത്തും കൊണ്ട് പാര്‍ലമെന്റിന്റെ അകത്തളങ്ങളെപ്പോലും നാടകവേദിയാക്കി കോണ്‍ഗ്രസുകാര്‍ മാറ്റി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനവും മോദി തരംഗവും
മാര്‍ച്ച് 5ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് ഇലക്ഷന് കമ്മീഷന് രംഗത്തെത്തി. ഏപ്രില്‍ രണ്ടാംവാരം മുതല്‍ 9 ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പാണ് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയിലേക്ക് പ്രമുഖരുടെ കുത്തൊഴുക്കുണ്ടായി. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ എം.കെ അക്ബര്‍ ഉള്‍പ്പെടെയുള്ളവരുടെ വരവ് ബിജെപിയുടെ പ്രചാരണരംഗത്തിന് പുത്തുനുണര്വ്വായി.
ചായ് പെ ചര്‍ച്ച ഉള്‍പ്പെടെയുള്ള പുത്തന്‍ പ്രചാരണ മാര്‍ഗ്ഗങ്ങളുമായി തെരഞ്ഞെടുപ്പ് രംഗം ബിജെപിയുടെ സമ്പൂര്ണ്ണാധിപത്യത്തിന് കീഴിലായിരുന്നു താനും. വാദ്രയുടെ ഭൂമികുംഭകോണമുള്പ്പെടെയുള്ള വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടി നല്കി.
ഒന്‍പതു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും നരേന്ദ്രമോദിയുടെ പ്രചാരണരീതികള്‍ മേല്ക്കൊയ്മ നേടിയപ്പോള്‍ മെയ് 16ന് ഫലം പുറത്തുവന്നപ്പോള്‍ ചരിത്രത്തിലാദ്യമായി ബിജെപി കേവലഭൂരിപക്ഷവും മറികടന്ന് അധികാരത്തിലെത്തി.
മെയ് 26ന് രാഷ്ട്രപതി ഭവനിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേല്‍ക്കുമ്പോള്‍ അയല്‍രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര് സന്നിഹിതരായ കാഴ്ച നയതന്ത്രരംഗത്തിന് പുത്തനുണര്‍വ്വേകി.
പ്രതീക്ഷയേകുന്ന തുടക്കം
കള്ളപ്പണം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതടക്കമുള്ള നിരവധി നടപടികളോടെയായിരുന്നു കേന്ദ്രമന്ത്രിസഭയുടെ പ്രവര്‍ത്തനത്തുടക്കം. ജനറം പദ്ധതിയിലെ പരാജയഘടകങ്ങള്‍ മറികടക്കുന്നതിനായി സമഗ്രമായ പുതിയ നഗരവികസന നയവുമായി മെയ് 28ന് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പുതിയ നൂറ് സ്മാര്‍ട്ട് സിറ്റികളും ഇരട്ട നഗരങ്ങളും രാജ്യത്ത് നിര്‍മ്മിക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചു.
പുണ്യനദിയായ ഗംഗയുടെ ശുചീകരണപദ്ധതികള്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ ജൂണ്‍ 4ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 7000 കോടി രൂപയുടെ പദ്ധതി നദീശുചീകരണത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ ഗംഗാശുചീകരണ ദൗത്യം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു.
2525 കിലോമീറ്റര്‍ ദൂരത്തിലൊഴുകുന്ന ഗംഗാ നദിയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തിനാണ് പ്രധാന ഊന്നലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉമാഭാരതിയുടെ ചുമതലയില്‍ പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചാണ് ഗംഗാശുചീകരണദൗത്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
സഹസ്രകോടികളുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ആധുനീകരണത്തിനായി യാത്രാ-ചരക്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.
യാത്രാനിരക്ക് 14.3 ശതമാനവും ചരക്ക് നിരക്ക് 6.5 ശതമാനവുമാണ് കൂട്ടിയത്. നിരക്കു വര്‍ദ്ധനവിലൂടെ അധികം ലഭിക്കുന്ന 8000 കോടി രൂപ പൂര്‍ണ്ണമായും വികസനപദ്ധതികള്‍ക്കായി മുടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
തൊഴില്നിയമപരിഷ്ക്കരണവും വിദേശനിക്ഷേപ പരിധി ഉയര്‍ത്തലും പ്രതിരോധരംഗത്തിന്റെ തദ്ദേശീയവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടലും സര്‍ക്കാരിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ചു.
കേവലം 12 പേര് മാത്രമായിരുന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ പേഴ്സണല്‍ സ്റ്റാഫെങ്കില്‍ 70ഓളം പേരാണ് നരേന്ദ്രമോദിക്കൊപ്പമുള്ളത്. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശക്തി വര്‍ദ്ധിപ്പിച്ചതോടെ വിവിധ വിഷയങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ സാധ്യമായി.
ഭരണ തീരുമാനങ്ങള്‍ക്കായി യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച വിവിധ മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടു. പിഎംഒയും കേന്ദ്രകാബിനറ്റും മാത്രം അധികാരകേന്ദ്രങ്ങളാക്കി.
ഭാരതം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം
സ്വച്ഛ് ഭാരത് പദ്ധതിയും സന്‍സദ് ആദര്‍ശ ഗ്രാമയോജനയും നടപ്പാക്കി ഭാരതത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
ഇന്ധനവിലയില്‍ വരുത്തിയ വലിയ കുറവ് ചരക്കു ഗതാഗത മേഖലയെ സഹായിക്കുയും രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഓഹരിവിപണിയിലും പുത്തന്‍ കുതിപ്പുകള്‍ ദൃശ്യമായി. നിലച്ചു പോയ ദേശീയപാതകളുടെ നിര്‍മ്മാണം വീണ്ടും ആരംഭിച്ചു.
വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തമായി. വിദേശരാജ്യങ്ങളിലെ പര്യടനങ്ങള്‍ മോദിയെ അന്താരാഷ്ട്രനേതാവാക്കി ഉയര്‍ത്തി.
മോദിയെ കാണാനും കേള്‍ക്കാനും ലോകരാജ്യങ്ങളില്‍ ആളുകള്‍ തിങ്ങിനിറയുന്നു. വിദേശ രാജ്യങ്ങളിലെ ഭാരത പൗരന്മാര്ക്ക് മുമ്പു ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു. മാറ്റം ദൃശ്യമാണ്.
ലോകമെങ്ങും ഭാരതത്തെ വീക്ഷിക്കുന്നു. നരേന്ദ്രമോദിയെന്ന ഭാരത പ്രധാനമന്ത്രിയെ കാതോര്‍ക്കുന്നു. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എല്ലാം മോദിയെപ്പറ്റി മാത്രം ചര്‍ച്ച ചെയ്യുന്നു. ഈ വര്‍ഷം അദ്ദേഹത്തിന്റേതാണെന്ന് പ്രത്യേകം എടുത്തുപറയേണ്ട യാതൊരു കാര്യവുമില്ലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: