തലശ്ശേരി: കണ്ണൂര്‍ ജില്ലാ റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് നാളെ തലശ്ശേരിയില്‍ തിരശ്ശീല ഉയരുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 1 വരെ നടക്കുന്ന കലോത്സവത്തില്‍ 15 സബ് ജില്ലകളില്‍ നിന്നായി 7372 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
നാളെ കാലത്ത് 10 മണിക്ക് ഗവണ്മെന്റ് ബ്രണ്ണന്‍ എച്ച്എസ്എസില്‍ മന്ത്രി കെ.പി.മോഹനന് കലോത്സവം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ജനുവരി 1 ന് വൈകുന്നേരം 4.30 ന് കെ.കെ.നാരായണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തും. തലശ്ശേരി ഗവ.ഗേള്‍സ് സ്കൂള്‍ കേന്ദ്രമായി ബ്രണ്ണന്‍ എച്ച്എസ്എസ്, ബിഇഎംപി സ്കൂള്‍, സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, ഗവ എല്‍പി സ്കൂള്‍, സ്റ്റേഡിയം എന്നിവിടങ്ങളിലെ പതിനഞ്ച് വേദികളിലായി 296 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
177 അപ്പീലുകളും മത്സരത്തിനായി എത്തിയിട്ടുണ്ട്. കലോത്സവത്തിനായി കുട്ടികള്‍ ഒരുക്കിയ കലോത്സവ ബ്ലോഗ് കണ്ണൂര്‍ ഡിഡിഇ ദിനേശന് മഠത്തില്‍ പ്രകാശനം ചെയ്തു. തലശ്ശേരി മേഖലയിലെ ഐടി മേളകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികളാണ് ബ്ലോഗ് നിര്‍മ്മിച്ചത്. കലോത്സവ വാര്‍ത്തകള്‍ക്ക് പുറമേ കുട്ടികളുടെ സ്റ്റേജിതര മത്സര രചനകളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. ഡിഡിഇ കണ്ണൂര്‍ എന്ന സൈറ്റിലൂടെ ബ്ലോഗിലേക്ക് പ്രവേശിക്കാം.
പത്രസമ്മേളനത്തില്‍ ഡിഡിഇ ദിനേശന് മഠത്തില്‍, ഡിഇഒ കെ.കെ.ശോഭന, ഇ.ശ്രീധരന്, കെ.കെ.പ്രകാശന്, സജീവന് ഒതയോത്ത്, കെ.രമേശന്, ജയരാജന്, സി.കെ.ഷക്കീര്‍, കെ.അബ്ദുറഹിമാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: