ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നവംബര്‍ വരെ 74.43 കോടി രൂപയുടെ പദ്ധതി വിഹിതം ചെലവഴിച്ചതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍ 39.42 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ 15.53 കോടിയും നഗരസഭകള്‍ 12 കോടിയും ജില്ലാ പഞ്ചായത്ത് 7.85 കോടിയും ചെലവഴിച്ചു.വിമുക്തഭടന്മാര്ക്ക് ഇസിഎച്ച്എസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി മാവേലിക്കര നഗരസഭയില്‍ കെട്ടിടം അനുവദിച്ചതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധിയായ ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് യോഗം വിളിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ദേശീയപാതയില്‍ നാരകത്തറ, ഡാണാപ്പടി എന്നിവിടങ്ങളില്‍ റോഡിലെ കുഴിയില്‍ വീണ് അപകടം പതിവാണെന്നും നടപടിയെടുക്കണമെന്നും ആറാട്ടുപുഴ, പാനൂര്‍ പിഎച്ച്സികളില് രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും ജോണ്‍ തോമസ് ആവശ്യപ്പെട്ടു. വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ജില്ലാ പിഎസ്സി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് ആലിശേരിയില്‍ വാട്ടര്‍ അതോറിറ്റിയുടെ 40 സെന്റ് സ്ഥലം അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് വകുപ്പിന്റെ അനുമതി തേടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: