ചേര്‍ത്തല: വയലാറിലെ പാലങ്ങള്‍ പുതുക്കി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. താലൂക്കിന്റെ വിവിധഭാഗങ്ങളിലുള്ള പല പാലങ്ങളും വീതി കൂട്ടി പുനര്‍നിര്‍മ്മിച്ചുവെങ്കിലും വയലാറിലെ പാലങ്ങള്‍ക്ക് വികസനം ഇനിയും വിദൂരം. കാലപ്പഴക്കവും, ആവശ്യത്തിന് വീതിയില്ലാത്തതുമായ വയലാര്‍ പാലവും, ചാത്തംചിറ പാലവുമാണ് യാത്രക്കാരെ അപകടഭീതിയിലാഴ്ത്തുന്നത്.
മുക്കണ്ണന് കവലയ്ക്ക് സമീപമുള്ള ചാത്തംചിറ പാലത്തില്‍ ഒരു വാഹനത്തിന് പോലും തടസമില്ലാതെ കടന്നുപോകുവാന്‍ കഴിയാത്ത സ്ഥിതിയാണ്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വയലാര്‍ പാലത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. പാലത്തിന്റെ അടിഭാഗത്തെ ബീമുകളില്‍ നിന്നും കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തേക്ക് തള്ളിനില്ക്കുന്ന അവസ്ഥയിലാണ്.
വയലാര്‍ പഞ്ചായത്തിന്റെ പ്രവേശനകവാടം ആണ് കുറിയമുട്ടം കായലിന് കുറുകെയുള്ള വയലാര്‍പാലം. 1972ലാണ് ഇത് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. അതിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും തന്നെ ഇവിടെ നടന്നിട്ടില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ചേര്‍ത്തല- എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളെല്ലാം ഇതുവഴിയാണ് സര്‍വ്വീസ് നടത്തുന്നത്. പാലത്തിന് വീതികൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. പഴയ പാലങ്ങള്‍ വീതികൂട്ടി പുനര്‍നിര്‍മ്മിക്കുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും വയലാറിലെ പാലങ്ങളുടെ കാര്യത്തില്‍ യാതൊരു നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: