അമ്പലപ്പുഴ: അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ എരുമേലി പേട്ടതുള്ളലിന്റെയും ശബരിമല തീര്‍ത്ഥാടനത്തിന്റെയും ഭാഗമായി നടന്നു വന്ന ആഴിപൂജകള്‍ സമാപിച്ചു. അയ്യപ്പന് കളരി അഭ്യസിച്ച മുഹമ്മ ചീരപ്പന്‍ചിറ കളരി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ആഴിപൂജ കരൂര്‍ കാഞ്ഞൂര്‍ മഠം ക്ഷേത്രത്തിലടക്കം 17 എണ്ണം പൂര്‍ത്തിയാക്കി. ജനുവരി ഒന്പതിനു മണിമലക്കാവ് ദേവി ക്ഷേത്രം 11ന് എരുമേലി ക്ഷേത്രം മകരവിളക്കിന്റെ അടുത്ത ദിവസം സന്നിധാനത്തും ആഴിപൂജകള്‍ നടത്തും. അമ്പലപ്പുഴ പേട്ടസംഘത്തിന്റെ രഥഘോഷയാത്രയുടെ ഒരുക്കങ്ങളും ആരംഭിച്ചു. ആറിനു ഘോഷയാത്ര ആരംഭിക്കും. അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഏഴിനു പുലര്‍ച്ചെ മണിമലക്ഷേത്രത്തിലേക്കു നീങ്ങും. ജനുവരി 11നു പേട്ടതുള്ളലിനു ശേഷം 13നു പമ്പസദ്യയും നടത്തി 14നു മകര വിളക്ക് ദര്‍ശനം കഴിഞ്ഞു നെയ്യഭിഷേകവും എള്ളുനിവേദ്യവും നടത്തി 15നു മാളികപ്പുറത്തു നിന്നു സന്നിധാനത്തേക്കു ശ്രീബലിയും തുടര്‍ന്നു കര്‍പ്പൂരാഴി പൂജയും നടത്തി സംഘം മലയിറങ്ങും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, സംഘം പ്രസിഡന്റ് കെ. ചന്തു, സെക്രട്ടറി ജി. മോഹനന്‍നായര്‍, ട്രഷറര്‍ ജി. ശ്രീകുമാര്‍, ഘോഷയാത്ര കമ്മറ്റി ചെയര്മാന് രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: