ആലപ്പുഴ: ജില്ലയുടെ തെക്കന്‍ മേഖലകളില്‍ വ്യാജമദ്യ വില്‍പ്പനയും സ്പിരിറ്റ് മാഫിയയുടെ ആധിപത്യവും സജീവമാകുന്നു. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ മേഖലകളിലാണ് സ്പിരിറ്റ് മാഫിയകളുടെ കേന്ദ്രങ്ങള്‍. ഹരിപ്പാട് പ്രദേശത്തെ മുതുകുളം, ചിങ്ങോലി, ചേപ്പാട്, ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് സ്പിരറ്റ് മാഫിയ പിടിമുറുക്കിയിട്ടുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുവഴി കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് അപ്പര്‍കുട്ടനാടിന്റെ വിവിധ കൈവഴികളിലുടെ ചെറുവാഹനങ്ങളിലാണ് കൊണ്ടുവരുന്നത്.
കിടങ്ങറ പാലത്തിനു തെക്കോട്ടുളള റോഡാണ് സ്പിരിറ്റ് കടത്തുസംഘം തെരഞ്ഞെടുത്തിട്ടുള്ളത്. സ്പിരിറ്റ് ഒഴുക്കു തടയാന്‍ എക്സൈസ് പ്രത്യേക പരിശോധനാസംഘം രൂപികരിച്ചെങ്കിലും ഇവരെ വെട്ടിച്ചാണ് ഈ ഭാഗത്തെ സ്പിരിറ്റ് വേട്ട പുരോഗമിക്കുന്നത്. രാത്രികാലങ്ങളില്‍ കുട്ടനാടു വഴി കാറിലും ഓട്ടോയിലുമാണ് സ്പിരിറ്റു കടത്തുന്നത്. പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന പാതയില്‍ രാത്രികാലങ്ങളില്‍ മറ്റുവാഹനങ്ങള്‍ കുറവാണെന്നതാണ് സ്പിരിറ്റു മാഫിയ ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണമത്രേ. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെയും ഹെല്‍മറ്റു ധരിക്കാത്തവരെയും പിടികൂടുന്നതില്‍ സദാ ജാഗരൂകരായിരിക്കുന്ന പോലീസും ഈ മേഖലയില്‍ വേണ്ടത്ര പരിശോധന നടത്താറില്ലെന്നും ആക്ഷേപമുണ്ട്.
വല്ലപ്പോഴും നടത്തുന്ന പരിശോധനകളില്‍ സ്പിരിറ്റ് കടത്തുന്ന സംഘത്തെ കുടുക്കാന്‍ കഴിയുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് കാര്‍ത്തികപ്പള്ളി, കായംകുളം താലൂക്കിന്റെ വിവിധ മേഖലകളിലാണു സൂക്ഷിക്കുന്നത്. ഇവിടെ നിന്നും കളര്‍ ചേര്‍ത്ത സ്പിരിറ്റു ചില്ലറവില്പനക്കായി മലയോര പ്രദേശങ്ങളില്‍ എത്തിക്കും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്സസൈസിനും അറിയാമെങ്കിലും പരിശോധന നടത്തുന്നതില്‍ താല്‍പര്യക്കുറവാണെന്നാണ് ആരോപണം.
വ്യാജമദ്യ ലോബിയെയും സ്പിരിറ്റ് സംഘങ്ങളേയും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാവുക. ഹരിപ്പാട് കള്ളുഷാപ്പില്‍ നിന്നു വ്യാജ കള്ളും സ്പിരിറ്റും പിടിച്ചത് ജില്ലയിലെ തെക്കന്‍ മേഖല കേന്ദ്രീകരിച്ച് സ്പിരിറ്റ് ഒഴുകുന്നതിന്റെ വ്യക്തമായ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: