മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്യേണ്ടതു ചെയ്തു. ഇനി ഇന്ത്യയുടെ ഊഴം. ഏതായാലും മെല്‍ബണ്‍ ടെസ്റ്റിന്റെ ഗതി ഇന്നു നിര്‍ണയിക്കപ്പെടും. ഉത്തരവാദിത്തപൂര്‍ണമായ ബാറ്റിംഗ് തുടര്‍ന്ന നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (192) ഡബിള്‍ സെഞ്ച്വറിക്കരുകിലെത്തിയ പ്രകടനം കങ്കാരുക്കള്‍ക്ക് 530 എന്ന കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിച്ചു. വെല്ലുവിളി ഏറ്റെടുത്ത ധോണിപ്പട രണ്ടാം ദിനം ഒരു വിക്കറ്റിന് 108 എന്ന നിലയില്‍.
സ്മിത്തിന്റെ ബാറ്റ് തന്നെയാണ് ഇക്കുറിയും ഇന്ത്യയ്‌ക്ക് വിഘാതം തീര്‍ത്തത്.സ്മിത്തിന് കൂട്ടായി വാലറ്റത്തെ വിട്ടുനല്‍കാന്‍ സന്മനസ് കാട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ഓസീസ് നന്ദിപറയണം.
ലക്ഷ്യബോധവും ആധികാരികതയും ആസൂത്രണവും ചടുലതയും ക്ഷമയും സംയോജിപ്പിച്ചതായിരുന്നു സ്മിത്തിന്റെ ബാറ്റിംഗ്. ബ്രാഡ് ഹാഡിനുമൊത്ത് 110ഉം മിച്ചല്‍ ജോണ്‍സനുമൊത്ത് 50ഉം റ്യാന്‍ ഹാരിസുമൊത്ത് 106 റണ്‍സും ചേര്‍ത്ത സ്മിത്ത് നിര്‍ണായകമായ ഈ മൂന്നു സഖ്യങ്ങളിലൂടെ ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്ന് മൂന്നു ശതകങ്ങള്‍ കുറിക്കുന്ന കന്നി ആസ്‌ട്രേലിയന്‍ ക്യാപ്ടനെന്ന പെരുമയും സ്മിത്തിനു വന്നുചേര്‍ന്നു. 15 ഫോറുകളും രണ്ടു സിക്‌സറും പറത്തിയ സ്മിത്ത് യാദവിന്റെ പന്തില്‍ ബൗള്‍ഡായാണ് കൂടാരംപൂകിയത്.ഹാരിസ് (74) നായകനു പറ്റിയ കൂട്ടാളിയായി. ഹാഡിന്‍ 55ഉം ജോണ്‍സന്‍ 28ഉം റണ്‍സ് വീതം നേടി.
ഇന്ത്യന്‍ ബൗളര്‍മാരെല്ലാം റണ്‍സ് വഴങ്ങുന്നതില്‍ സെഞ്ച്വറി കടന്നെന്നത് മറ്റൊരു രസകരമായ കാര്യം. ഇഷാന്ത് ശര്‍മ്മ (104), ഉമേഷ് യാദവ് (130), മുഹമ്മദ് ഷാമി (138), ആര്‍.അശ്വിന്‍ (134) എന്നിങ്ങനെ പോകുന്നു നാണക്കേടിന്റെ കണക്കുകള്‍. ഇന്ത്യന്‍ പേസര്‍മാരുടെ ഷോര്‍ട്ട് പിച്ച് പരീക്ഷണങ്ങള്‍ പലപ്പോഴും പാളിപ്പോയി. ഷാമിക്ക് നാലു വിക്കറ്റും അശ്വിനും ഉമേഷിനും മൂന്നു വിക്കറ്റുകള്‍ വീതവും ലഭിച്ചു.
ശിഖര്‍ ധവാനെ (28)യാണ് ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടത്. അഞ്ച് ഇന്നിംഗ്‌സിനിടെ നാലാം ഹാഫ് സെഞ്ച്വറി കരസ്ഥമാക്കിയ മുരളി വിജയ് (55) പുറത്താകാതെ നില്‍പ്പുണ്ട്. ചേതേശ്വര്‍ പൂജാര (25 നോട്ടൗട്ട്) വിജയ് യുടെ കൂട്ടുകാരന്‍. ധവാന്റെ അന്തകന്‍ ഹാരിസ്.
കപ്പിത്താന്‍ എം.എസ്. ധോണി സ്റ്റംപിങ്ങിന്റെ ലോക റെക്കോര്‍ഡ് തീര്‍ത്തത് ഇന്ത്യയ്‌ക്ക് ലഭിച്ച ആശ്വാസ വൃത്താന്തങ്ങളിലൊന്ന്.
അശ്വിന്റെ പന്തില്‍ ജോണ്‍സനെ മടക്കി ധോണി (134 സ്റ്റംപിങ്‌സ്) ലങ്കയുടെ കുമാര്‍ സംഗക്കാരയെ (133) മറികടന്നു. ടെസ്റ്റ് (38), ഏകദിനം (85) ട്വന്റി20 (11) എന്നിങ്ങനെയാണ് ധോണിയുടെ സ്റ്റംപിങ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: