മണ്ണഞ്ചേരി: നിലവിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനം ഉണ്ടാക്കിയത് സിപിഐയാണെങ്കിലും ഇത് പാര്‍ട്ടിക്ക് നഷ്ടക്കച്ചവടം മാത്രമാണെന്ന് സിപിഐ ലോക്കല്‍ കോണ്ഫ്രന്സില് വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പ്രാദേശിക തലങ്ങളില്‍ സിപിഎമ്മുകാര്‍ തങ്ങളുടെ തോളില്‍ കൃത്രിമ സ്നേഹത്തോടെ കൈയ്യിടുമെങ്കിലും കാര്യം കഴിഞ്ഞാല്‍ ശത്രുത തുടരുമെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു.
മാരാരിക്കുളം മണ്ഡലത്തിലെ വളവനാട് ലോക്കല്‍ കോണ്‍ഫ്രന്‍സിലാണ് വിമര്‍ശനം ഉയര്‍ന്നത്. സഹകരണ പ്രസ്ഥാനങ്ങളുടെ ഡയറക്ട് ബോര്‍ഡിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിലടക്കം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റ് വിഹിതം ലഭിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇല്ലാതായ ആലപ്പുഴ മണ്ഡലം വിഭജിച്ചുപോയപ്പോള് അത് ലയിച്ചു ചേര്‍ന്ന് രൂപപ്പെട്ട പുതിയ മണ്ഡലങ്ങളില്‍ ഒരെണ്ണം ചോദിച്ചുവാങ്ങാന്‍ ജില്ലാ നേതൃത്വം തയ്യാറാകാതിരുന്നത് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥത ഇല്ലായ്മയും മറ്റുചില വ്യക്തികള്‍ക്ക് നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ഉപകാരസ്മരണയായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പൂര്‍ണമായും പരാജയപ്പെട്ടു. ഇതിന്റെപേരില്‍ ഒന്നോ രണ്ടോ പേരില്‍ കുറ്റം ചുമത്തിയൊഴിയാന് ശ്രമിക്കരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പു നല്കി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം സിപിഐ ലോക്കല്‍ സമ്മേളനം ചര്‍ച്ചചെയ്തിട്ടു കാര്യമില്ലെന്നും അത് ചെയ്തവരുടെയും ചെയ്യിച്ചവരുടേയും പാരമ്പര്യജാത്യഗുണം തൂത്താല്‍ മാറില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. എ.എം. കുഞ്ഞച്ചന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: