ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ ഡോക്ടര്‍ കര്‍ഷക അവാര്‍ഡിനും മത്സരിക്കുന്നു. കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തില്‍ മികച്ച കാര്‍ഷികോത്പന്ന വിഭാഗത്തിലാണു ജനറല്‍ ആശുപത്രി ശ്വാസകോശ വിഭാഗം മേധാവി ഡോ. കെ. വേണുഗോപാല്‍ മാറ്റുരയ്ക്കുന്നത്. ഡോക്ടറുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്ന അനേകം കാര്‍ഷിക വിളകളില്‍ ഒന്നായ നാടന്‍ കാച്ചിലാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. 35 കിലോയോളം തൂക്കമുള്ള കാച്ചില് ഡോക്ടര്‍ മണ്ണിനടിയില്‍ നിന്നെടുത്തപ്പോള്‍ രണ്ടായി മുറിഞ്ഞതിനാല്‍ 17 കിലോ വീതമുള്ള രണ്ടു ഭാഗമായി മാത്രമേ മത്സരത്തിന് പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞുള്ളൂ.
ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഡോക്ടറുടെ വീടു നില്ക്കുന്ന 15 സെന്റ് സ്ഥലത്ത് വാഴ, മാവ്, തെങ്ങ്, പേര, നെല്ല്, സപ്പോര്‍ട്ട, ഇരുമ്പന്‍ പുളി, പയര്‍, പാവല്‍, മുളക്, ഇഞ്ചി എന്നിവയെല്ലാം വീട്ടാവശ്യത്തിനു ലഭ്യമാകുന്ന രീതിയില്‍ കൃഷി ചെയ്യുന്നു.
ജൈവ കീടനാശിനി ഉപയോഗിച്ചിട്ടും തെങ്ങ് ചെല്ലി ബാധിച്ചതിനാലാണ് ഡോക്ടര്‍ക്ക് വിഷമം. ദിവസവും കുളിക്കുന്നത് കാച്ചില് ചുവട്ടില്‍ നിന്നായതിനാലാണ് ഇത്രയും വലിയ വിളവ് വിളഞ്ഞതെന്നാണ് ഡോക്ടറുടെ പക്ഷം. കൃഷിയില്‍ ഡോക്ടറുടെ ഭാര്യ ഡോ. ശ്രീലതയും മക്കളായ ഗോപികൃഷ്ണയും ഗോപികയും കൂട്ടുപങ്കാളികളാണ്. 15 വര്‍ഷത്തെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിനു പതിനഞ്ചിലേറെ അവാര്‍ഡുകള്‍ നേടിയ ഡോക്ടര്‍ വീടിനു സ്വന്തമായ രൂപകല്പന നല്‍കിയും ഉപഭോക്തൃ കോടതിയില്‍ കെഎസ്ഇബി വക്കീലിനെതിരെ വാദിച്ച് അനുകൂല വിധി സമ്പാദിച്ചതും ഡോക്ടറുടെ ബഹുമുഖ പ്രതിഭകളുടെ ഉദാഹരണങ്ങളാണ്. മത്സരത്തിന്റെ ഫലം അറിയുന്ന ദിവസത്തിനായി ഡോക്ടര്‍ ഉത്കണ്ഠയോടെ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: