ആലപ്പുഴ: കടലോരത്ത് ഒരുക്കിയ പ്രത്യേക പന്തലില്‍ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേളയുടെയും കുക്കറി ഷോയുടെയും ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. പാചകവിദഗ്ധന്‍ നൗഷാദ്, പ്രമുഖ ടേസ്റ്റ് മേക്കര്‍ ബേസില്‍ എന്നിവര്‍ ചേര്‍ന്നാണ് കുക്കറി ഷോ ഒരുക്കിയത്. നൗഷാദിന്റെ പാചകചാതുരിയില് പിറന്ന എക്ക്നി പുലാവ് കടലോരത്തു തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് രുചിയുടെ പുതിയ അനുഭവമായി. പുലാവും ബട്ടര്‍ ചിക്കനും ചേര്‍ത്ത വിഭവം നൗഷാദും ബേസിലും ചേര്‍ന്ന് തയ്യാറാക്കിയപ്പോള്‍ ബീച്ച് ഫെസ്റ്റിനെത്തിയവര്‍ പുത്തന്‍ രുചിയറിയാനായി ചുറ്റിനും കൂടി. ബേസിലിന് കൂട്ടായി അദ്ദേഹത്തിന്റെ ഭാര്യയും എത്തിയിരുന്നു.
നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യമേളയോടനുബന്ധിച്ച് 30 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ജനുവരി നാലുവരെയാണ് ഭക്ഷ്യമേള. നോര്‍ത്ത് ഇന്ത്യന്‍ -സൗത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ കാഷ്മീര്‍ പുലാവ്, കായല്‍ -കടല്‍ വിഭവങ്ങള്‍, കപ്പ, കഞ്ഞി, കക്കാ വിഭവങ്ങള്‍, വിവിധയിനം പഴച്ചാറുകള്‍, ഐസ്ക്രീമുകള്‍, വിവിധയിനം പായസങ്ങള്‍, വിവിധതരം ദോശകള്‍ എന്നിവയുടെ രുചിഭേദങ്ങള്‍ മേളയിലുണ്ട്. നഗരസഭ, ഡിടിപിസി, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങി. 30 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് മൂന്നു ദിവസങ്ങളിലായി ഫ്ളഡ് ലൈറ്റിലാണ് നടത്തുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് വടംവലി മത്സരവും ഞായറാഴ്ച വൈകിട്ട് അഞ്ചിന് തലയിണയടി മത്സരവും നടത്തും. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനല്‍ ഞായറാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: