കാസര്‍കോട്: മാവോയിസ്റ്റ് ആക്രമണം സംസ്ഥാനത്ത് പലയിടത്തായി ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വ്യക്തമായ സൂചന നല്‍കിയിട്ടും ജില്ലയില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്ന് ആക്ഷേപം. ചെറുവത്തൂരിലും തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും മാവോയിറ്റുമായി ബന്ധമുള്ള യുവാക്കളെ കണ്ടെത്തിയെങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ ജില്ലാ പോലീസ് പരാജയപ്പെട്ടുവെന്നാണ് ആരോപണം.
ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ ഇത്തരം കേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നതിലും പോലീസ് പരാജയപ്പെട്ടു. മറ്റു പല ജില്ലകളിലും തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സംഘം തിരച്ചില്‍ തുടങ്ങിയിട്ടും കാസര്‍കോട് ജില്ലയിലെ മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പേരിന് മാത്രമാണ് പരിശോധന നടന്നത്.
ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശം നേരത്തെ തന്നെ ജില്ലാ പൊലിസ് ചീഫിന് ലഭിച്ചിരുന്നെങ്കിലും വിഷയത്തെ ജില്ലാ പോലീസ് വേണ്ടത്ര ഗൗരവത്തില്‍ കണ്ടില്ലെന്നാണ് പരാതി. മാവോയിസ്റ്റ് അനുകൂലികള്‍ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും പോസ്റ്റര്‍ പതിച്ചിട്ടും പൊലിസ് വേണ്ടത്ര ഗൗരവം കാണാതെ അവണിക്കുകയായിരുന്നു.ചെറുവത്തൂരില്‍ നടന്ന മാവോയിസ്റ്റ് പരിശോധന സംബന്ധിച്ച് തുടക്കത്തില്‍ പൊലിസ് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.
പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കാസര്‍കോടുള്ള മാവോയിസ്റ്റ് ബന്ധം പൊലിസ് പുറത്ത് വിടുന്നത്. പോലീസിന്റെ തുടര്‍ നടപടികളറിയാന്‍ ജില്ലാ പോലീസ് ചീഫുമായി മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്കുന്നതില് നിന്ന് ലോക്കല്‍ പോലീസിനെയും ഉന്നത ഉദ്യോഗസ്ഥര്‍ വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: