പാലക്കാട്: നഗഗരസഭയുടെ 150ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ദേശാഭിമാനിയും പാലക്കാട് ഹെഡ്ഡ് അസി. കലക്ടറും നഗരസഭാ വൈസ്പ്രസിഡന്റുമായിരുന്ന രത്നവേലു ചെട്ടിയാര്‍ക്ക് അനുയോജ്യമായ സ്മാരകം വേണമെന്ന ആവശ്യമുയരുന്നു. നഗരസഭയുടെ ടൗണ്‍ ഹാളിന് രത്നവേല്‍ ചെട്ടിയാരുടെ പേര് നല്‍കണമെന്ന് ബി.ജെ.പി അംഗം സി കൃഷ്ണകുമാര്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചെങ്കിലും തീരുമാനമായില്ല.
നഗരസഭയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് കോട്ടമൈതാനത്തിനു സമീപം അഞ്ചുവിളക്ക് സ്ഥാപിച്ചത്. 1892ല്‍ നഗരസഭാ ചെയര്‍മാനായിരുന്ന റാവു ബഹദൂര്‍ ചിന്നസ്വാമിപിള്ളയാണ് നാട്ടുകാരില്‍നിന്ന് പണംപിരിച്ച് കോട്ടമൈതാനത്ത് വിളക്ക് സ്ഥാപിച്ചത്.
സംയുക്ത മദിരാശി സംസ്ഥാനത്തിലെ ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു രത്നവേലു ചെട്ടിയാര്‍. വെള്ളക്കാരനായ മലബാര്‍ കലക്ടര്‍ പാലക്കാട് സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ ഹെഡ്ഡ് അസി.കലക്ടറായിരുന്ന രത്നവേലു ഹസ്തദാനം നല്കി സ്വീകരിച്ചു. ഇംഗ്ലണ്ടില്‍നിന്ന് ബാര്‍ അറ്റ് ലോ പാസായ അദ്ദേഹത്തിന്റെ നടപടി സായിപ്പിന് ഇഷ്ടപ്പെട്ടില്ല. സായിപ്പ് തന്റെ കൈ കുടഞ്ഞ് വെള്ളമെടുത്ത് കൈ കഴുകി. അപമാനിതനായ രത്നവേലു ആത്മഹത്യചെയ്താണ് പകരം വീട്ടിയത്. 1881 സപ്തംബര്‍ 28നാണ് സംഭവം.
1866 ജൂലായ് ഒന്നിന് പാലക്കാട് നഗരസഭ നിലവില്‍ വന്നതുമുതല്‍ 26 വര്‍ഷം സഭാധ്യക്ഷന് വെള്ളക്കാരനായിരുന്നു. 1892ല്‍ നാട്ടുകാരനായ റാവു ബഹദൂര്‍ ചിന്നസ്വാമിപിള്ള ചെയര്‍മാനായി. അദ്ദേഹം രത്നവേലു ചെട്ടിയാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച അഞ്ചുവിളക്ക് എടുത്തുമാറ്റണമെന്ന് വെള്ളക്കാരനായ കലക്ടര്‍ ഉത്തരവിട്ടപ്പോള്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങി. ഇതോടെ, കലക്ടര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
രത്നവേലു ചെട്ടിയാരുടെ ജീവിതം നാടകമാക്കാന്‍ നാടക പ്രവര്ത്തകന് രവിതൈക്കാട് തയ്യാറെടുക്കുകയാണ്. പചെട്ടിയാരുടെിന്തലമുറക്കാരോ ഈ സംഭവത്തിന്റെ ചരിത്രരേഖകള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ നാടകത്തിന്റെ നിര്‍മാണത്തില്‍ സഹകരിക്കണം. ഫോണ്‍നമ്പര്‍: 9961133331, 9349177666.
പ്രതികരിക്കാൻ ഇവിടെ എഴുതുക: