ശബരിമല: ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ സന്നിധാനത്ത് എത്തിയെങ്കിലും ഭഗവാന്റെ പ്രസാദമായ അരവണ ക്ഷാമം പരിഹരിക്കുവാന്‍ നടപടിയായില്ല. ഇതുമൂലം അരവണവിതരണത്തിലെ പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകും. മണ്ഡല മഹോത്സവത്തിന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലേക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഭക്തര്‍ക്ക് അരണവണ ലഭിക്കാതെ വരുന്ന സാഹചര്യമാണ് നിലവില്‍ സംജാതമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ മന്ത്രി വിവിധ വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അരവണ ഒരാള്‍ക്ക് നാല് ടിന് എന്നുള്ളത് അഞ്ചാക്കി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് അരവണ നിര്‍മ്മാണത്തിലെയും,സംഭരണത്തിലെയും പ്രതിസന്ധി രൂക്ഷമാണെന്നുള്ളതിന് വ്യക്തമായ തെളിവായിരിക്കുകയാണ്.
പരിഹരിക്കാനായി തുടര്‍ദിവസങ്ങളില്‍ താല്‍ക്കാലിക സംവിധാനത്തില്‍ നാല്‍പ്പതിനായിരം അരവണകൂടി ഉദ്പ്പാദിപ്പിക്കും എന്ന് അറിയിക്കുന്നുണ്ടെങ്കിലും, ഈസംവിധാനം എത്രത്തോളം ഫലപ്രദമാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍തന്നെ ആശങ്കയുണ്ട്. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നടഅടയ്ക്കുകയും 30 ന് തുറക്കുകയും ചെയ്യും. ഇതിനിടയിലുളള മൂന്ന് ദിവസം നിര്‍മ്മിക്കുന്ന അരവണ ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് എത്രത്തോളം വിതരണം ചെയ്യാന്‍ കഴിയും എന്നതും സംശയം ഉയര്‍ത്തുന്നുണ്ട്.
മുന്‍ വര്‍ഷം ഈകാലയളവില്‍ പ്രതിദിനം രണ്ട് ലക്ഷത്തി എഴുപതിനായിരം ടിന് അരവണയാണ് വില്പ്പനനടത്തിയിരുന്നെങ്കില് ഇപ്പോള്‍ നിയന്ത്രണത്തെതുടര്‍ന്ന് രണ്ട് ലക്ഷം ടിന് അരവണയാണ് വില്പന. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെതന്നെ സാരമായി ബാധിച്ചിട്ടുണ്ട്. വരുമാനത്തിലെ തന്നെ പ്രധാന സ്രോതസ്സായ അരവണ വില്‍പ്പനയിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവില്‍ ഈവിഷയം കോടതിയുടെ പരിഗണനയിലാണെന്നും താന്‍ അഭിപ്രായം പറയാന്‍ ഉദ്ദശിക്കുന്നില്ലന്നും പറഞ്ഞ് തടിതപ്പുകയായിരുന്നു ദേവസ്വം മന്ത്രി.
ആദ്യ ഘട്ടങ്ങളില്‍ ട്രാവല്‍ ഏജന്‍സികളും മറ്റും നിയന്ത്രണമില്ലാതെ അരവണ വാങ്ങിയിരുന്നുവെന്നും ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. അരവണയുമായ് ബന്ധപ്പെട്ട് ഫുഡ്സേഫ്റ്റി കണ്‍ട്രോളറുടെ നടപടിയെക്കുറിച്ചുളള ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ അവരുടെ നടപടി ഉത്തരവാദിത്തത്തോടെ ചെയ്യും അതില്‍ സര്‍ക്കാര്‍ ഇടപെടില്ല, എന്നാലും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാകരുതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ശബരിമലയിലെ അരവണ വിവാദത്തിന് ചുക്കാന്‍ പിടിച്ച ഭക്ഷ്യസുരക്ഷാ ഓഫീസിലേക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിലേക്കാണ് പ്രതിഷേധാത്മകമായി ശരണം വിളിച്ചും, നാളികേരമുടച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി രാഗേഷ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അരവണ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും, പൊതുവിപണിയില്‍ നിന്നുളള സാധനങ്ങള്‍ വാങ്ങിയാണ് അരവണ നിര്‍മ്മാണം നടത്തുന്നത്. ഇത്തരം വിപണിയില്‍ പരിശോധന നടത്താന്‍ മടികാണിക്കുന്ന വകുപ്പ് ഉദ്ദേ്യാഗസ്ഥര്‍ അരവണ നിര്‍മ്മാണത്തിനെതിരെ നടപടിസ്വീകരിച്ചത് ശബരിമല തീര്ത്ഥാടനത്തിനെത്തന്നെ അട്ടിമറിക്കാനുളള ഗൂഡനീക്കമാണെന്നും, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.ശങ്കരമംഗലം ഗോപകുമാര്‍, ബാലാജി നെയ്യാറ്റിന്‍കര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: