തുറവൂര്‍: എഴുപുന്നയിലെ ഒരു സംഘം യുവാക്കള്‍ ആശ്രയമറ്റ ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ ഇന്നലെ കാരോള്‍ ഗാനവുമായി വീടുകള്‍ കയറിയിറങ്ങി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ അറയ്ക്കല്‍ ഷിബു (32)വിന്റെ കുടുംബത്തിനു സഹായം എത്തിക്കുന്നതിനു വേണ്ടിയാണു യുവാക്കള്‍ കാരോള്‍ ഗാനവുമായി വീടുകള്‍ കയറിയിറങ്ങിയത്.
രണ്ടു മാസം മുമ്പുണ്ടായ അപകടത്തിലാണു ഷിബു മരിച്ചത്. കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു. തടി കയറ്റിയ ലോറിയില്‍ നിന്നും തടി ദേഹത്തു വീണായിരുന്നു ഷിബുവിന്റെ മരണം. തിരിച്ചറിയാത്ത പ്രായത്തില്‍ അച്ഛനെ നഷ്ടപ്പെട്ട മൂന്നു വയസുള്ള അനയ് കൃഷ്ണന് ജീവിതത്തിനു മുന്നില്‍ പകച്ചു നില്ക്കുമ്പോള് ഇവര്‍ക്കു ചെറിയൊരു സഹായം എത്തിക്കാന്‍ ശ്രമിക്കുകയാണു ഷിബുവിന്റെ സുഹൃത്തുക്കളായ ഒരു സംഘം ചെറുപ്പക്കാര്‍. കൈയില്‍ മധുര പലഹാരവുമായി ക്രിസ്മസ് പപ്പാഞ്ഞിമാരായാണ് ഇവര്‍ എത്തിയത്. ആഘോഷങ്ങള്‍ ഒഴിഞ്ഞുപോയ ഒരു കുടുംബത്തിനായി സഹായം തേടുകയാണിവര്‍.
കാരോള്‍ നടത്തിക്കിട്ടിയ വരുമാനവും തങ്ങളാല്‍ കഴിയുന്ന തുകയും ചേര്‍ത്ത് ഷിബുവിന്റെ കുടുംബത്തിനു നല്കുമെന്നു യുവാക്കള്‍ പറഞ്ഞു. സേവനം മാത്രം ലക്ഷ്യമിട്ടു നടത്തിയ ഈ കരോളിനു നാട്ടുകാരുടെ പൂര്‍ണപിന്തുണ ലഭിച്ചതില്‍ യുവാക്കളുടെ കൂട്ടായ്മ സംതൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: