മുഹമ്മ: ടാര്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നു ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം പ്രതിസന്ധിയിലായി. വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ത്രിതല പഞ്ചായത്തുകള്‍ ഗ്രാമീണ റോഡുകള്‍ ടാര്‍ ചെയ്യാനായി പണം നീക്കിവെച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ടാര്‍ ക്ഷാമം രൂക്ഷമായതിനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നു പരാതി ഉയരുന്നു.
മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാര്‍ഡ് വലിയകലവൂര്‍ മടയാംതോട് റോഡിന്റെ മെറ്റിലിങ് പൂര്‍ത്തീകരിച്ച് വര്‍ഷമൊന്നുകഴിഞ്ഞിട്ടും ടാര്‍ ചെയ്യാനായിട്ടില്ല. ഇതേ റോഡിനുതന്നെ ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടു ഘട്ടം മെറ്റിലിങ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ടാറിങ് ജോലികള്‍ ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വലിയകലവൂര്‍ ബണ്ട് മടയാന്തോട് റോഡ് നിര്‍മ്മാണത്തിനു രണ്ടു കരാറുകാരും വ്യത്യസ്ത ഫണ്ടുമാണുള്ളത്. ഇവര്‍ രണ്ടു പേരും മെറ്റില് നിരത്തിയതിനാല്‍ ഗതാഗതതടസം നേരിട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളില്‍ കൂടിയുള്ള യാത്രപോലും ദുഷ്കരമാണ്.
രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഇവിടേയ്ക്ക് ഓട്ടോറിക്ഷപോലും എത്താറില്ല. മണ്ണഞ്ചേരി പഞ്ചായത്തില്‍ മാത്രം എട്ടോളം റോഡുകളുടെ നിര്‍മ്മാണമാണു ടാര്‍ ക്ഷാമത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായത്. അധികൃതര്‍ ഇടപെട്ട് റോഡ് നിര്‍മാണ പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതെ അവസ്ഥ തന്നെയാണു മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളിലുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: