തിരുവനന്തപുരം: എസ്പി രാഹുല്‍ ആര്. നായര്‍ക്കെതിരെ പോലീസ് സംഘടന. ഡിവൈഎസ്പിമാരുടെ സംഘടനയായ പോലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷനാണ് ആഭ്യന്തരമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
അച്ചടക്കം ലംഘിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന എസ്പിയെ നിയന്ത്രിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പത്തനംതിട്ട എസ്പിയായിരിക്കെ ക്വാറി അടച്ചുപൂട്ടിയ ശേഷം തുറന്നുകൊടുക്കാന്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് രാഹുല്‍ ആര്. നായര്‍ക്ക് സ്ഥാനചലനമുണ്ടായത്.
വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണത്തില്‍ കോഴക്കാര്യം സ്ഥിരീകരിച്ചതോടെ സസ്പെന്‍ഷനുമായി. എന്നാലിതിന് ശേഷം എസ്പി നടത്തുന്ന നീക്കങ്ങള്‍ പോലീസ് സേനയുടെ അച്ചടക്കത്തെ വെല്ലുവിളിക്കുന്നതാണെന്നും നിയന്ത്രിക്കണമെന്നുമാണ് പരാതി.
കോഴക്കാര്യം പുറത്തുകൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത ഐജി മനോജ് എബ്രഹാം, എഡിജിപി ആര്. ശ്രീലേഖ എന്നിവര്‍ക്കെതിരെ എസ്പി രാഹുല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. വിജിലന്‍സ് തള്ളിക്കളഞ്ഞ ഇതേ മൊഴിയിലെ വസ്തുതകളാണ് ഐജിക്കെതിരെ പരാതിയായി തൃശൂര്‍ കോടതിയില്‍ സ്വകാര്യ വ്യക്തി നല്‍കിയിരിക്കുന്നതെന്ന് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
ഇതേ മൊഴി നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തായതിനെക്കുറിച്ച് എസ്പിക്കെതിരെ ഐജി നല്കിയ പരാതി ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കുകയാണ്. സസ്പെന്‍ഷനായ ശേഷം മാധ്യമങ്ങളിലൂടെയും അല്ലാതെയും എസ്പി നടത്തുന്ന നീക്കങ്ങള്‍ അച്ചടക്ക ലംഘനമാണെന്നും നിയന്ത്രിക്കണമെന്നും കഴിഞ്ഞയാഴ്ച പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സേനയുടെ അച്ചടക്കം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംഘടനയും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: