ചേര്‍ത്തല: കണ്‍സ്യൂമര്‍ ഫെഡില്‍ സബ്സിഡി സാധനങ്ങള്‍ മൂന്ന് ഇനങ്ങള്‍ മാത്രം. വില്‍പ്പന കഴിഞ്ഞദിവസം ആരംഭിച്ചു. ഇന്നും കൂടി വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ മാത്രമാണ് എത്തിയിട്ടുള്ളത് എന്ന് ജീവനക്കാര്‍. കഴിഞ്ഞ 16 മുതല്‍ ക്രിസ്മസ് പ്രമാണിച്ച് സബ്സിഡിയിനത്തില്‍ നിത്യോപയോഗ സാധനങ്ങ ള്‍ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മൊത്തവിതരണക്കാര്‍ സാധനങ്ങള്‍ നല്‍കാത്തതാണ് വില്‍പ്പനയെ ബാധിച്ചിരിക്കുന്നത്.
നേരത്തേ അരിമുതലുള്ള നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയവര്‍ക്ക് കോടികളാണ് നല്കുവാനുള്ളത്. ഇത് നല്കാത്തതിനാല് ഇവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ക്രിസ്മസ്, ഓണം, റംസാന് മറ്റ് വിശേഷദിനങ്ങളില്‍ പതിനഞ്ചില്‍പ്പരം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ത്രിവേണി, നന്മ മറ്റ് സ്റ്റോറുകളിലും അവശ്യസാധനങ്ങള്‍ സ്റ്റോക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ സാധനങ്ങള്‍ വയ്ക്കുന്ന റാക്കുകള്‍ കാലിയായ അവസ്ഥയാണ്.
സബ്സിഡ് നിരക്കില്‍ കഴിഞ്ഞദിവസം ആരംഭിച്ച വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ കാര്‍ഡൊന്നിന് അഞ്ചു കിലോ ജയ അരിയും, ഒരു കിലോ വെളിച്ചെണ്ണയും, രണ്ടു കിലോ പച്ചരിയും മാത്രമാണ്. പഞ്ചസാര,മുളക് തുടങ്ങിയ സാധനങ്ങള്‍ ഒന്നും തന്നെ വില്‍പ്പനയ്ക്കെത്തിയിട്ടില്ല. ഓരോ സ്ഥാപനത്തിനും സബ്സിഡി നല്കുവാന് ലഭിച്ച സാധനങ്ങളുടെ അളവ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിന്റെ 25 ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ത്രിവേണി നന്മ സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ഇല്ലാത്തത് ജീവനക്കാരുടെ നിലനില്‍പ്പിനെയും ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ 5,000 രൂപയില്‍ താഴെ വിറ്റുവരവുള്ള ത്രിവേണികളില്‍ പോലും അഞ്ച് ജീവനക്കാര്‍ വീതം ഉണ്ട്. കെട്ടിട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ നല്കുമ്പോള് തന്നെ വിറ്റുവരവ് തുക തീരുന്ന അവസ്ഥയാണ്.
പല ത്രിവേണി സ്റ്റോറുകളുടെയും പ്രവര്‍ത്തനം തന്നെ നിലയ്ക്കുവാനുള്ള സാദ്ധ്യത വിദൂരമല്ല. ജീവനക്കാരില്‍ പലരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവരുടെ ജോലിക്കും സ്ഥിരതയും ഇല്ലാത്ത അവസ്ഥയാണ്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ 400 കോടിയോളം രൂപ കടം ഉണ്ട്. ബാങ്ക് വായ്പ 800 കോടിയിലധികം വരും. മറ്റ് ഏജന്‍സികളിലും കോടികളാണ് ബാദ്ധ്യത. നിലവില്‍ അല്‍പ്പം മെച്ചത്തില് പ്രവര്‍ത്തിക്കുന്നത് മദ്യ വില്‍പ്പന ശാലകളാണ്. ഇവിടെയും ആവശ്യത്തിന് മദ്യം സ്റ്റോക്ക് ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: