`എനിക്ക് മറ്റുള്ളവരെക്കാള്‍ ദൂരേക്ക് കാണാനായെങ്കില്‍ അത് ഞാന്‍ അതികായരായ മുന്‍ഗാമികളുടെ ചുമലിലാണ് നിന്നത് എന്നതുകൊണ്ടാണ്.” മൂന്നൂറുവര്‍ഷം മുമ്പ് ഒരു ഡിസംബര്‍ 25ന് ജനിച്ച സര് ഐസക് ന്യൂട്ടന്റെ ഈ തിരിച്ചറിവ് മറ്റൊരു ഡിസംബര്‍ 25ന് ജനിച്ച അടല്‍ബിഹാരി വാജ്പേയിക്ക് ചേരുമോ? ചേരുമെന്ന് തോന്നുന്നില്ല. അടല്‍ബിഹാരി വാജ്പേയി ആരുടെയും തോളത്ത് കയറി പൊക്കം നടിച്ചയാളല്ല.
ഭാരതത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയാധികാര സ്ഥാനമായ പ്രധാനമന്ത്രി പദവിയില്‍ എത്തി. മൂന്നുതവണ സ്വദേശത്തുമാത്രമല്ല വിദേശത്തും അംഗീകാരം അടല്‍ജി നേടി. അത് ആദര്‍ശനിഷ്ഠയും അര്‍പ്പണബോധവും വിശ്രമമില്ലാത്ത രാഷ്ട്രസേവനവും ഒന്നുകൊണ്ടുമാത്രമാണ്.
‘ആരോടുമില്ല പ്രീണനം, എല്ലാവരോടും തുല്യനീതി’ അതാണദ്ദേഹത്തിന്റെ തത്ത്വചിന്ത. അതുകൊണ്ടുതന്നെയാവും വാജ്പേയ് സര്‍വസമ്മതനായത്. ‘വാജ്പേയി നല്ലയാള്. പക്ഷേ അദ്ദേഹം ചീത്ത പാര്‍ട്ടിയിലായിപ്പോയി’ എന്ന് വിലയിരുത്തിയവരുണ്ട്. അവരോട് അടല്‍ജിയുടെ മറുപടി- ‘എന്നിലെന്തെങ്കിലും നന്മയുണ്ടെങ്കില് അത് എനിക്ക് പ്രസ്ഥാനത്തില്‍നിന്നും കിട്ടിയതാണ്. തിന്മ എന്റെ സ്വന്തവും.”
അടല്‍ജിക്ക് തൊണ്ണൂറു വയസ്സു തികയുകയാണ്. പാര്‍ലമെന്റ് അംഗമാകുന്നുതുവരെ ദുര്‍ഘടമായ പാതയും ജീവിതവുമായിരുന്നു അടല്‍ജിക്ക്. ദല്‍ഹിയില്‍ ഔദ്യോഗിക വസതിയായ റെയ്സാനാ റോഡിലെ ആറാംനമ്പര്‍ വീട് ലോകത്തിന്റെതന്നെ കണ്ണും കാതും പതിഞ്ഞിട്ട് പതിറ്റാണ്ടുകളായി. സാദാ എംപിയും പ്രതിപക്ഷനേതാവും പ്രധാനമന്ത്രിയുമായപ്പോഴും അടല്‍ജി എന്ന അടല്‍ ബിഹാരി വാജ്പേയിയുടെ അന്തിയുറക്കം ആറാം നമ്പറില്‍. അടല്‍ ചിരിക്കുന്നതും ചിന്തിക്കുന്നതും നില്ക്കുന്നതും നടക്കുന്നതും സംസാരിക്കുന്നതും സംസാരിക്കാത്തതുമൊക്കെ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ചൂടപ്പമാണ്.
വാഷിംഗ്ടണില്‍ നെഹ്റു ഒരു വിരുന്നില്‍ വാജ്പേയിയെ പരിചയപ്പെടുത്തിയത് ഭാരത പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന ഒരു പാര്ലമെന്റേറിയന് എന്നാണ്. ജനസംഘത്തിന്റെ ഏറ്റവും വലിയ വിമര്ശകന് പണ്ഡിറ്റ് നെഹ്റുവായിരുന്നു. എങ്കിലും വാജ്പേയിയോട് സ്നേഹപൂര്‍വ്വമായ സമീപനമായിരുന്നു നെഹ്റുവിന്. നെഹ്റുവിനെ വിമര്‍ശിക്കുമ്പോഴും നര്‍മ്മത്തില്‍ പൊതിഞ്ഞ അമ്പുകള്‍ അയയ്ക്കാനാണ് വാജ്പേയിയും ശ്രദ്ധിച്ചിരുന്നത്.
1957-ല്‍ മുപ്പതാം വയസ്സിലാണ് പാര്‍ലമെന്റിലെത്തുന്നത്. കന്നി പ്രസംഗംതന്നെ വിദേശനയത്തെ കുറിച്ച.് ആകാശത്തിന് കീഴെയുളള സകല പ്രശ്നങ്ങളിലും കൈയിടുക എന്ന നെഹ്റുവിന്റെ ശൈലിയെ കുറിച്ചായിരുന്നു പ്രസംഗം.
”ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്റു. മറുപടി പ്രസംഗത്തിലാകട്ടെ പ്രശംസകൊണ്ട് അടലിനെ നെഹ്റു മൂടുകയായിരുന്നു. ജനസംഘത്തെ ദുര്‍വ്യാഖ്യാനിക്കുന്നതിനെ കുറിച്ച് ‘താങ്കള്‍ എല്ലാ ദിവസവും ശീര്‍ഷാസനം നടത്തുന്ന ആളാണെന്നറിയാം, ശീര്ഷാസനത്തില് ജനസംഘത്തെ കാണരുതെന്ന്’ നെഹ്റുവിനെ ഉപദേശിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
”താങ്കളുടെ വാഗ്ധോരണിയില്‍ ഞാന്‍ പൂര്‍ണമായും മുഴുകിപ്പോയി. എനിക്കസൂയ തോന്നുന്നു. നിങ്ങള്‍പറയുന്ന മുഴുവന്‍ കാര്യങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.” ഒരിക്കല്‍ ഇന്ദിരാഗാന്ധി പറഞ്ഞതാണിത്.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ജനീവാ സമ്മേളനം ഭാരതത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പാക്കിസ്ഥാന് ഉടക്ക് മൂഡില്‍. കാശ്മീര്‍ പ്രശ്നം അവര്‍ ഉന്നയിക്കും മേല്‍ക്കൈ നേടാന്‍ ശ്രമിക്കും. ഭാരതത്തെ ആരുനയിക്കും. അന്വേഷണം ചെന്നു നിന്നത് അടല്‍ജിയിലേക്ക്. രണ്ടാമതൊന്നാലോചിച്ചില്ല. അടല്‍ജിയുടെ ദൗത്യം പൂര്‍ണവിജയം. വിദേശകാര്യമന്ത്രി എന്ന നിലയില്‍ സംഘത്തില്‍പ്പെട്ട സല്മാന് ഖുര്‍ഷിദ് വിശദീകരിച്ചത് ‘അപാരം അത്ഭുതം അടല്‍ജി’ എന്നാണ്.
അടിയന്തരാവസ്ഥയുടെ തുടക്കംമുതല്‍ ഒടുക്കംവരെ ജയിലില്‍ക്കിടന്ന അടല്‍ജി പുറത്തുവന്നത് രോഗിയായിട്ടായിരുന്നു. പിന്നീട് വൈകാതെ അധികാരത്തിലെത്തിയെങ്കിലും സ്വന്തം ശരീരം നോക്കുന്നതിന് അദ്ദേഹം ശ്രദ്ധിച്ചില്ല. അതിനേക്കാള്‍ വലുതാണ് രാഷ്ട്രശരീരമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭാവവും രീതിയും.
1984-ല്‍ ഗ്വാളിയോറിലെ തോല്‍വി കൂടിയായപ്പോള്‍ ശരീരം മാത്രമല്ല മനസ്സും ക്ഷീണിച്ചോ എന്ന സംശയം. പരിശോധനയ്ക്ക് പാര്‍ട്ടിക്കാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു. കിഡ്നിക്ക് തകരാറുണ്ട് അമേരിക്കയില്‍ പോകണം വിദഗ്ധ ചികില്‍സക്ക്.
ഈ ഉപദേശം തള്ളാനും സ്വീകരിക്കാനും നിര്‍വ്വാഹമില്ല. പണച്ചെലവുതന്നെ പ്രശ്നം. കുറേനാള്‍ ആരോടും പറയാതെ കാര്യങ്ങള്‍ നീങ്ങി. ഇതിനിടയില്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി രോഗവിവരമറിഞ്ഞപ്പോള്‍ ഒന്നുറപ്പാക്കി, അടല്‍ജിക്ക് വിദഗ്ധചികില്‍സ ലഭ്യമാക്കണം. ഐക്യരാഷ്ട്രസഭയിലെ ഭാരത പ്രതിനിധി സംഘത്തില്‍ അടല്‍ജിയെ ഉള്‍പ്പെടുത്തി. സമ്മേളനം തീര്‍ന്ന് ചികില്‍സയും പൂര്‍ത്തിയാക്കിയേ അടല്‍ജിയെ തിരിച്ചുകൊണ്ടുവരാവൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്കി.
ഏവര്‍ക്കും പ്രിയങ്കരനായ വാജ്പേയി ഡിസംബര്‍ 25ന് 90-ാം വയസ്സിലേക്ക് കടക്കുകയാണ്. ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി നീക്കിവച്ച ചുരുക്കം നേതാക്കളില്‍ അഗ്രഗണ്യനാണ് വാജ്പേയി. രാഷ്ട്രീയമായി വിയോജിപ്പുകളുണ്ടായേക്കാം എന്നാല്‍ വാജ്പേയി എന്ന ബഹുവിധ പ്രതിഭയെ ആദരിക്കാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.
വിദ്യാര്‍ത്ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്ത്തകന്, മികച്ച പാര്ലമെന്റേറിയന്, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞന് എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്പേയി. ‘വിസ്മയം’ എന്നേ ഒറ്റവാക്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാകൂ.
അമ്പതു വര്‍ഷം ഭാരത പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അംഗമായി തുടരാന്‍ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടല്‍ബിഹാരി വാജ്പേയിയാണ്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി വഹിക്കാന്‍ ഭാഗ്യമുണ്ടായ കോണ്‍ഗ്രസ്സിതര നേതാവും ഇതുവരെ വാജ്പേയി മാത്രമാണ്.
ഒരു സാമാജികന്റെ ധര്‍മ്മം എന്തെന്നറിഞ്ഞ് പെരുമാറുന്നവരുടെ എണ്ണം പാര്‍ലമെന്റിന്റെ ഇരു സഭകളിലും പരിതാപകരമാം വണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പാര്ലമെന്റേറിയന് എന്ന് വിശേഷിപ്പിക്കുന്നവര്‍ തന്നെ വിരളം. പക്ഷേ വാജ്പേയി പാര്ലമെന്റേറിയന്മാരില് ഒന്നാമനാണ്.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം ജീവിക്കാനും പ്രവര്‍ത്തിക്കാനും അവസരമുണ്ടായി എന്നതാണ് അദ്ദേഹത്തെ പരിപക്വമായ രാഷ്ട്രീയ ശൈലി സ്വായത്തമാക്കാന്‍ സഹായിച്ചത്.
വാജ്പേയി ലോകജനതയുടെ ആദരവ് പിടിച്ചുപറ്റിയ നേതാവാണ്. മുമ്പ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ മാധ്യമങ്ങള്‍ അങ്ങനെ വിശേഷിപ്പിച്ചിരുന്നു. നെഹ്രുവിനുപോലും സാധിക്കാത്തത് വാജ്പേയി നേടിയെടുത്തു.
കാര്‍ഗിലില്‍ പാകിസ്ഥാന് ആക്രമണമഴിച്ചുവിട്ടപ്പോള്‍ അതിനെ ചെറുക്കാനുള്ള വാജ്പേയി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സമസ്ത ലോക രാഷ്ട്രങ്ങളും ധാര്‍മ്മിക പിന്തുണ നല്കി. മുസ്ലിം രാഷ്ട്രങ്ങള്‍പോലും പാക്കിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഇത് അടല്‍ ബിഹാരി വാജ്പേയിയുടെ ലോക സമ്മതിക്ക് തെളിവായി അംഗീകരിക്കാന്‍ സകലര്‍ക്കും സാധിച്ചു.
കൃഷ്ണ ബിഹാരിക്കും കൃഷ്ണാ ദേവിക്കും മകനായി 1924 ഡിസംബര്‍ 25ന് അടല്‍ ബിഹാരി ജനിച്ചു. വളര്‍ന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അടല്‍ബിഹാരി പത്രപ്രവര്‍ത്തനത്തിലും സജീവമായി വ്യാപരിച്ചു. രാഷ്ട്രധര്‍മ്മ, പാഞ്ചജന്യ, സ്വദേശ്, വീര അര്ജ്ജുന് എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു.
1951 ഭാരത രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ രൂപീകരണത്തിനുവേണ്ടി പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി ഒപ്പമുണ്ടായിരുന്നതും അടല്‍ബിഹാരി വാജ്പേയിയാണ്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമായും സ്ഥാപകാദ്ധ്യക്ഷന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ഡോ. മുഖര്‍ജിയുടെ ബലിദാനത്തെത്തുടര്ന്ന് ജനസംഘത്തെ ചുമലില്‍ വഹിച്ച് യുവാവായ ദീനദയാല്‍ ഉപാധ്യായ ഭാരതപര്യടനം തുടങ്ങി. ദല്‍ഹിയിലിരുന്ന് അതിന് കരുത്തു പകര്‍ന്നത് അടല്‍ബിഹാരി വാജ്പേയിയാണ്.
1957ല്‍ അടല്‍ജി ലോക്സഭാംഗമായി. അനുപമ വാഗ്മിയായിരുന്ന മുഖര്‍ജിയുടെ വേര്‍പാട് സൃഷ്ടിച്ച വിടവ് നികത്താന്‍ ആ യുവസാമാജികനു സാധിച്ചു. ലോക്സഭാ സ്പീക്കറായിരുന്ന അനന്തശയനം അയ്യങ്കാര്‍, സഭയിലെ ഏറ്റവും നല്ല പ്രസംഗകരെപ്പറ്റി ഇങ്ങനെയാണ് പറഞ്ഞത്. ‘ഹിന്ദിയില്‍ വാജ്പേയി, ഇംഗ്ലീഷില്‍ ഹിരണ്‍ മുഖര്‍ജി’
അടല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉറച്ച, ദൃഢമായ, അചഞ്ചലമായ, ധൈര്യത്തോടുകൂടിയ എന്നൊക്കെയാണ്. പേരിനനുസൃതമാണ് സ്വഭാവവും. 1996ല്‍ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങിപ്പോരുമ്പോള്‍ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. ‘ശക്തിയാര്‍ജ്ജിച്ചു ഞങ്ങള്‍ തിരിച്ചുവരും’ എന്ന്. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് ബിജെപി വിരുദ്ധകക്ഷികള്‍ മുന്നണിയുണ്ടാക്കി ഭരണം ഏറ്റെടുത്തു. രണ്ടുവര്‍ഷത്തിനകം രണ്ടു മന്ത്രിസഭകള്‍ ഉണ്ടാവുകയും നിലംപതിക്കുകയും ചെയ്തു.
1998 ഫെബ്രുവരിയില്‍ ആരും ഭരണമേറ്റെടുക്കാനില്ലാത്ത സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ബിജെപിക്കു 179 സീറ്റും കോണ്‍ഗ്രസിനു 139 സീറ്റും കിട്ടി. രാജ്യം അനാഥമാകരുതെന്നാഗ്രഹിച്ച 13 പാര്‍ട്ടികള്‍ ബിജെപിക്കു പിന്തുണ നല്കാന് മുന്നോട്ടുവന്നു. അങ്ങനെ 1998 മാര്‍ച്ച് 13ന് വാജ്പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു.
1999 സപ്തംബറില്‍ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. അപ്പോഴും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഘടകകക്ഷികളുടെ പിന്തുണയില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ദേശീയജനാധിപത്യസഖ്യം നിലവില്‍ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സര്‍ക്കാര്‍ 2004 മേയ് 13 വരെ നിലനിന്നു. വാജ്പേയിയുടെ നയതന്ത്രജ്ഞതയിലാണ് വന്‍ സംഖ്യം രൂപം കൊണ്ടത്. പൊഖ്റാന്‍ ആണവ സ്ഫോടനം, കാര്‍ഗില്‍ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയില്‍ വാജ്പേയി പ്രകടിപ്പിച്ച മിടുക്ക് അനുകരണീയമാണ്. പാക്കിസ്ഥാന് ജനതയുമായി ഭാരതീയരുടെ ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം കാണിച്ച ജാഗ്രതയും ഉത്സാഹവും പ്രശംസനീയമാണ്.
പുതിയ മന്ത്രിസഭയ്ക്ക് ഘടകകക്ഷികളില്‍ നിന്ന് ഭീഷണിയുയര്ന്നപ്പോഴും വാജ്പേയി ‘അടല്‍’ ആയിത്തന്നെ നിന്നു. അദ്ദേഹം ആരുടെ മുന്നിലും തലകുനിക്കാന്‍ പോയില്ല. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയും ചെയ്തില്ല.
തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ല എന്നു പറഞ്ഞു സത്യമാണ്. അടല്‍ജിയുടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായിട്ടുള്ള ചരിത്രപ്രധാനമായ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്. 24 ദിവസം ജയിലില്‍ കിടന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയച്ചു. പിന്നീട് രാഷ്ട്രീയസ്വയംസേവസംഘത്തിലൂടെ രാഷ്ട്ര സേവനത്തിന്റെ ഭാവാത്മകമാര്ഗ്ഗത്തിലേക്ക് തിരിഞ്ഞു. വിഭജനത്തിന്റെയും അധികാരക്കൈമാറ്റത്തിന്റെയും നാളുകളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഒരു പത്രപ്രവര്‍ത്തകനായി തൂലിക ചലിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ലക്ഷ്യബോധവും പകര്‍ന്നുകൊടുക്കാന്‍ വാജ്പേയിക്ക് സാധിച്ചു.
ഒരു ജനപ്രിയ നേതാവെന്ന നിലയില്‍, അനുഗൃഹീതമായ പ്രഭാഷണകലയുടെ പ്രതീകമെന്ന നിലയില്‍, അന്‍പതുകളില്‍ തന്നെ മാധ്യമങ്ങളില്‍ വാജ്പേയി നിറഞ്ഞുനിന്നു. എന്നാല്‍ പലര്‍ക്കുമറിഞ്ഞുകൂടാത്ത കാര്യം, അക്കാലത്ത് അധികമറിയപ്പെടാതിരുന്ന മറ്റൊരു നേതാവിനോടുള്ള വാജ്പേയിയുടെ ബഹുമാനവും വിധേയത്വവും സ്നേഹവുമാണ്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ എന്ന അറിയപ്പെടാത്ത നേതാവില്‍ നിന്നായിരുന്നു വാജ്പേയി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നത്.
അടിയന്തരാവസ്ഥയില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ ഉടന്‍ 1977ല്‍ ജനതാഗവണ്മെന്റ് രൂപീകരിച്ചപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി. അസൂയാവഹമായവിധം തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാനും വാജ്പേയിക്ക് കഴിഞ്ഞു. ശത്രുക്കളുടെപോലും പ്രശംസപിടിച്ചുപറ്റിയ ആ ഭരണത്തിന് തിരശീല വീഴ്ത്തിയത് രാഷ്ട്രീയ ഗുഢാലോചനകളും ചതിയും വഞ്ചനയുമെന്നത് ചരിത്രം.
1980ല്‍ ജനതാപാര്‍ട്ടി തകര്‍ന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്പേയി തന്നെ തിരഞ്ഞെടുക്കപ്പെട്ടു.
പ്രശ്നപരിഹാരങ്ങള്‍ക്ക് ഭരണാധികാരിയെന്ന നിലയിലും അടല്‍ജി എത്ര വേഗമാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും അവ എത്രമാത്രം കൃത്യതയുള്ളവയായിരുന്നുവെന്നതിനും ഒരുദാഹരണം. ദക്ഷിണേന്ത്യയില്‍ ദശാബ്ദങ്ങളായി കീറാമുട്ടിയാണ് നദീജലതര്‍ക്കം. കാവേരി, മുല്ലപ്പെരിയാല്‍ പ്രശ്നങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ പ്രധാനമന്ത്രി വാജ്പേയി മുന്‍കൈ എടുത്ത് തമിഴ്നാട്, കര്‍ണാടക, കേരളസര്‍ക്കാര്‍ പ്രതിനിധികളെ വിളിച്ചു കൂട്ടി ചര്‍ച്ചയ്ക്ക് വേദിയൊരുക്കി. അന്നത്തെ ചര്‍ച്ചയോടെ ആ തര്‍ക്കം അവസാനിച്ചു.
മുത്തച്ഛന് ശ്യാംലാല്‍ ഹിന്ദിയില്‍ നല്ലൊരു കവിയായിരുന്നു. ആ പാരമ്പര്യം ലഭിച്ചത് അടല്‍ജിക്ക്. പഠനത്തിനിടയിലും കവിത രചിക്കാനും ചൊല്ലാനും അസൂയാവഹമായ പാഠവം പ്രോത്സാഹിപ്പിക്കാനാളേറെയെങ്കിലും കുത്തിക്കുറിക്കുന്നത് മുടങ്ങിയിട്ടില്ല. കവിതാസമാഹാരങ്ങള്‍ ഒത്തിരി.
വാജ്പേയിയുടെ ’51 കവിതാ സമാഹാരം’പുറത്തിറക്കിയത് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുആയിരുന്നു. പ്രകാശനം നിര്‍വ്വഹിക്കവെ അദ്ദേഹം പറഞ്ഞത് ‘ അടല്‍ജി എന്റെ ഗുരു’എന്നാണ്. റാവു വിദേശകാര്യ മന്ത്രിയാകുംമുമ്പ് ആ വകുപ്പില്‍ അസൂയാവഹമായ നേട്ടം നല്‍കിയതിനെ അനുസ്മരിക്കുകയായിരുന്നു റാവു.
കുസുമത്തെക്കാള്‍ കോമളമാണ് ഈ കവിഹൃദയമെങ്കിലും നിശ്ചയദാര്‍ഢ്യത്തിന്റെ തുറന്ന പ്രഖ്യാപനമാണ് സൃഷ്ടികള്‍ പലതും.
‘ഈ കൊടുങ്കാറ്റിനെ ചെറുക്കാന്‍
ആര്‍ക്കു കഴിയും
ഇത് ജീവിതത്തിന്റെ പ്രവാഹമാണ്
ഇവിടെ യുവാക്കള്‍ തോല്‍ക്കാം
പക്ഷേ യുവത്വം തോല്ക്കില്ലാ
ഇത് നൈമിഷികമല്ല.
ദീര്‍ഘമായൊരു സംഘര്‍ഷമാണ്’.
ഒരുകവിതയുടെ ഏകദേശ പരിഭാഷയിങ്ങനെ.
സ്വപ്നം കണ്ട ഭാരതം രൂപപ്പെടുത്തിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് താന്‍ നയിച്ച പാര്‍ട്ടിയുടെ നേതാക്കള്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്ന് വാജ്പേയി അറിയുന്നുണ്ടാകും. 90-ാം വയസ്സില്‍ വിശ്രമജീവിതം നയിക്കുന്ന വാജ്പേയി രാജ്യത്തിന്റെ സ്വത്താണ്. ജനങ്ങളുടെ സ്വന്തവും. കേരളത്തെയും കേരളീയരെയും വാജ്പേയി ഏറെ സ്നേഹിച്ചു.
പ്രധാനമന്ത്രിയായിരിക്കെ 2000ല്‍ വര്ഷാന്ത്യവിശ്രമത്തിന് അദ്ദേഹം കേരളത്തിലെത്തി കുമരകത്ത് മൂന്ന് ദിവസം താമസിച്ചു. അന്നദ്ദേഹം എഴുതിയ കുമരകം മ്യൂസിങ്സ് കേരള പശ്ചാത്തലത്തിലുള്ള രാഷ്ട്ര ചിന്തകളായിരുന്നു. വിനോദിക്കാനും വിശ്രമിക്കാനും മാത്രമായി തനിക്കൊരു ജീവിതമില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു. അടല്‍ജി അപൂര്‍വതയില്‍ അപൂര്‍വതയുള്ള വ്യക്തിത്വമാണ്. ജനങ്ങളറിയുന്ന ജനങ്ങളെ അറിയുന്ന യഥാര്‍ത്ഥ ജനനായകന്. അതുകൊണ്ടുതന്നെ 90 തികയുമ്പോഴും അടല്ജിത്വത്തിന് ജനമനസ്സില്‍ നിത്യയൗവനംതന്നെയാണ്.
പാട്ടുകേള്ക്കുന്നു, കാണുന്നു,
നിശ്ശബ്ദനായി
ആള്‍ക്കൂട്ടത്തിനു മുന്നില്‍ മനസ്സു തുറക്കുമ്പോള്‍ ആ ആറടിപ്പൊക്കവും ഒത്ത വണ്ണവുമുള്ള ആ ശരീരം ആല്‍മരം പോലെയായിരുന്നു. ശരീരത്തിന്റെ ഓരോ കോശവും ആ വാക്കുകള്‍ക്കൊപ്പം സ്പന്ദിക്കുമായിരുന്നു. വാക്കുകള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജവും അത്രയേറെയായിരുന്നു. അതുതന്നെയായിരുന്നു ആ കരുത്ത്. ചുറ്റും നോക്കി, താഴ്ന്ന സ്വരത്തില്‍ തുടങ്ങി, പുഞ്ചിരിയില്‍ കുഴച്ച്, കണ്ണുകളില്‍ കുസൃതി നിറച്ച്, തമാശയില്‍ ചാലിച്ച് അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങും. കവിത തുളമ്പുന്ന വാക്യങ്ങള്‍. പെട്ടെന്ന് അത് കത്തിക്കാളി വികാരവും വിചാരവും ഇഴപിരിഞ്ഞ് കേള്‍ക്കുന്നവരില്‍ ആവേശം കയറ്റും. ഇടയ്ക്ക് ഒരു നിര്‍ത്ത്, തികഞ്ഞ നിശ്ശബ്ദത, കണ്ണുകള്‍ അടച്ച് കൈകള്‍ വശങ്ങളിലേക്ക് വീശി പിന്നോട്ട് ഒന്ന് ആഞ്ഞ് ഒരു വിസ്ഫോടനം പോലെ ഒരു പെയ്തിറക്കം. അപ്പോള്‍ നീളുന്ന കരഘോഷം… അടല്‍ ബിഹാരി വാജ്പേയി വേദികളില്‍ അങ്ങനെ ആവേശമായിരുന്നു.
വാത്സല്യച്ചിരി നുരയിടുന്ന മുഖം. ഗൗരവമില്ലാത്ത, മുഖഭാവം, പക്ഷേ നടത്തത്തിലും ചേഷ്ടകളിലും ഗൗരവം നിറഞ്ഞ ആഢ്യത്വം. എതിരേ ആരെക്കണ്ടാലും ഇരുകൈയും ഉയര്‍ത്തി കൂപ്പുന്ന അഭിവാദ്യശൈലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂട്ടുകാരനെ പോലെ. കവി സദസ്സുകളിലും മുഷായിറാ വേദികളിലും പൂത്തുലയുന്ന കവി. പാര്‍ലമെന്റില്‍ ഭരണപക്ഷത്തെ വരുതിയില്‍നിര്‍ത്തുന്ന പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ പക്ഷം വാദിച്ച് പ്രതിപക്ഷത്തെ കിഴുക്കിയിരുത്തുന്ന പ്രധാനമന്ത്രി. അങ്ങനെ എത്രത്തോളം സക്രിയനായിരുന്നു ഒരുകാലത്ത് വാജ്പേയി.
പ്രധാനമന്ത്രിയായിരിക്കെയാണ് കാല്‍മുട്ടില്‍ വേദന വന്നത്. തുടര്‍ന്ന് അതു ചികിത്സ ചെയ്തു-ശസ്ത്രക്രിയ.
ആരോഗ്യത്തിന് അമിത ശ്രദ്ധ കൊടുക്കാതെയും അവിശ്രമം പ്രവര്‍ത്തിച്ചും അടല്‍ജിയുടെ ആരോഗ്യം ക്രമത്തില്‍ ക്ഷയിക്കുകയായിരുന്നു. വിവിധ രോഗങ്ങള്‍ ശരീരത്തെ കീഴടക്കി.
വാജ്പേയിയെ ഹൃദയത്തിലേറ്റുന്നവര്ക്കൊക്കെ അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതിയില്‍ തെല്ലൊരു ആശങ്കയില്ലാതില്ല. 1924 ഡിസംബര്‍ 25 ന് ജനിച്ച വാജ്പേയിക്കിപ്പോള് വയസ്സ് 90. വാര്‍ദ്ധക്യസഹജമായ ശാരീരിക വൈഷമ്യങ്ങള്‍ നേരിടുമ്പോഴും തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിയുന്നുണ്ട്. പക്ഷേ അത് അദ്ദേഹത്തിന്റെ ബോധതലത്തെ എത്രത്തോളം സ്പര്‍ശിക്കുന്നുണ്ടെന്ന് പറയാന്‍ സാധിക്കില്ല. പരസഹായം കൂടാതെ നടക്കാനും കഴിയില്ല. വീല്‍ചെയറിലാണ് ചിലവഴിക്കുക. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അധികം സന്ദര്‍ശകരേയും അനുവദിക്കാറില്ല.
അടല്‍ജിയുടെ ആരോഗ്യകാര്യത്തില്‍ കുടുംബാംഗങ്ങളും കേന്ദ്രസര്‍ക്കാരും ഏറെ ശ്രദ്ധയാണ് നല്‍കുന്നത്. ഏത് അടിയന്തര ഘട്ടത്തേയും നേരിടാന്‍ വീട്ടില്‍ തന്നെ അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂദല്‍ഹിയിലെ കൃഷ്ണമേനോന് മാര്‍ഗിലെ 6 എ വസതിയിലാണ് വാജ്പേയിയുടെ താമസം.
അദ്ദേഹം പാട്ടുകേള്‍ക്കും, പഴയകാല സിനിമകളും ചില വീഡിയോകളും പരിപാടികളും ടിവിയില്‍ കാണും. ഏറ്റവും അടുത്തവര്‍ മാത്രം സന്ദര്‍ശകര്‍. അവരില്‍ മുഖ്യന് ലാല്‍ കൃഷ്ണ അദ്വാനിതന്നെ. അവര്‍ക്കു സമ്മാനം മുമ്പത്തെപ്പോലെ ആ കൂപ്പുകൈ. ഉറപ്പ്, ആനുകാലികമായ കാര്യങ്ങള്‍ അദ്ദേഹം അറിയുന്നുണ്ടാവണം; അതില്‍ ആഹ്ലാദിക്കുന്നുണ്ടാകണം. ഭാരത രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് ഇവിടെയുണ്ട്, 90-ന്റെ നിറവില്‍.
നാഴികക്കല്ലുകള്‍
1951 സ്ഥാപക അംഗം, ഭാരതീയ ജനസംഘം
1957 ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
1957-77 ജനസംഘത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്
1962 രാജ്യസഭാഗം
1966-67 ഗവണ്മെന്റ് അഷ്വറന്‍സ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍
1967 ലോക്സഭയില്‍ രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടു
1967-70 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
അദ്ധ്യക്ഷന്‍
1968-73 ഭാരതീയ ജനസംഘം പ്രസിഡന്റ്
1971 ലോക്സഭയിലേക്ക് മൂന്നാം വട്ടം
1977 ലോക്സഭയിലേക്ക് നാലാം തവണ.
1977-79 കേന്ദ്രമന്ത്രി, വിദേശ കാര്യം
1977-80 സ്ഥാപക അംഗം, ജനതാ പാര്‍ട്ടി
1980 ലോക്സഭയിലേക്ക് അഞ്ചാമതും.
1980-86 ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) പ്രസിഡന്റ്
1980-84 ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്
1986 രാജ്യസഭാഗം, ജെനറല്‍ പര്‍പ്പസ് കമ്മിറ്റി അംഗം
1988-90 വാണിജ്യ ഉപദേശക സമിതിയില്‍ അംഗം
1990-91 പെറ്റിഷന്‍സ് കമ്മിറ്റി അദ്ധ്യക്ഷന്‍
1991 ലോക്സഭാഗം (ആറാം പ്രാവശ്യം)
1991-93 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷന്‍
1993-96 ലോക്സഭയിലെ പ്രതിപക്ഷ നേതാവ്; വിദേശ കാര്യസമിതി അദ്ധ്യക്ഷന്‍
1996 ലോക്സഭാഗം (ഏഴാം തവണ)
1996 മെയ് 16 മുതല്‍ മെയ് 31 വരെ പ്രധാനമന്ത്രി (13 ദിവസം), വിദേശകാര്യം, വിവര സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയം, തുടങ്ങിയ നിരവധി വകുപ്പുകള്‍
1996 -97 ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
1997-98 വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷന്‍
1998 ലോക്സഭാഗം (എട്ടാം തവണ)
1998 -99 പ്രധാനമന്ത്രി; വിദേശകാര്യം, മറ്റു മന്ത്രിമാര്‍ക്ക് നല്കിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും
1999 ലോക്സഭാഗം (ഒന്‍പതാം പ്രാവശ്യം)
1999 -2004 പ്രധാനമന്ത്രി
പുരസ്കാരങ്ങള്‍
പത്മ വിഭൂഷണ്‍ (1992)
ഏറ്റവും മികച്ച പാര്ലമെന്റേറിയന് (1994)
ലോക മാന്യ തിലക് പുരസ്കാരം (1994)
കാണ്‍പൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് (1993)
പ്രതികരിക്കാൻ ഇവിടെ എഴുതുക: