ശബരിമല: അപ്പം, അരവണ നിര്‍മ്മാണത്തിന് വരും വഷങ്ങളില്‍ മൈസൂര്‍ ആസ്ഥാനമായസെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്സ്റ്റിറ്റൂട്ടിനെ (സിഎഫ്ടിആര്‍ഐ) കണ്‍സള്‍ട്ടന്റായി നിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അരവണയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണിത്.
അരവണ നിര്‍മാണം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കര്‍ശന നിയന്ത്രണവും കോടതി ഇടപെടലും വന്നതോടെ അരവണ വിതരണത്തില്‍ ഒരാഴ്ചയായി പ്രതിസന്ധി തുടരുകയാണ്. അരവണയില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ജലാംശമുണ്ടെങ്കിലും ഇത് കേടാകില്ലെന്ന് സിഎഫ്ടിആര്‍ഐ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ദേവസ്വം ബോര്‍ഡ് ഉടന്‍തന്നെ കോടതിയെ സമീപിക്കും.
ഈ സാഹചര്യത്തിലാണ് സിഎഫ്ടിആര്‍ഐയെ അരവണയുടെ കണ്‍സല്‍ട്ടന്‍സിയായി നിയോഗിക്കാന്‍ ബോര്‍ഡ് പദ്ധതിയിടുന്നത്. പഠനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രസാദ നിര്‍മ്മാണം നടത്തുന്നത്. കൂടാതെ നിലവിലുളള അപ്പം അരവണ പ്ലാന്റും, സംഭരണ സ്ഥലവും നവീകരിക്കാനും ആലോചനയുണ്ട്. ഇതിനായി ഇറ്റാലിയന്‍ നിര്‍മ്മിതമായ അരവണ ഫില്ലിംഗ്, സീലിംഗ് യൂണിറ്റുകള്‍ ഒരുവ്യവസായ പ്രമുഖന് സ്പോണ്സര് ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.
25 ലക്ഷം ടിന് അരവണ സൂക്ഷിക്കാനുളള സംവിധാനമേ നിലവിലുള്ളൂ. എന്നാല്‍, ഇവ വൃത്തിഹീനമാണ്. ഇന്നലെ രാവിലെ വരെ രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം ടിന് അരവണ മാത്രമേ സ്റ്റോക്കുള്ളൂ എങ്കിലും പിന്നീട് രണ്ട് ലക്ഷം ടിന് അരവണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് നിലവിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അരവണയുടെ വിതരണത്തില്‍ അധികൃതര്‍ നേരിയ ഇളവ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ബോര്‍ഡ് അരവണയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡലപൂജയോടനുബന്ധിച്ച് ദിനം പ്രതി രണ്ട് ലക്ഷത്തി ഏഴുപതിനായിരം ടിന് അരവണയാണ് വില്പന നടന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം വില്‍പ്പനയില്‍ പതിനഞ്ച് ശതമാനം വര്‍ധനവ് ഉണ്ടായിട്ടും അധികൃതര്‍ വേണ്ട രീതിയില്‍ നിര്‍മ്മാണവും സംഭരണവും നടത്താത്തതുമൂലം മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നിലവില്‍ രണ്ട് ലക്ഷം ടിന് അരവണയെ വില്പന നടക്കുന്നുള്ളൂ. അരവണ പ്രതിസന്ധിയിലൂടെ ദേവസ്വം ബോര്‍ഡിന് മുന്‍ വര്‍ഷത്തിലേക്കാളും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: