മുഹമ്മ: പണി പൂര്‍ത്തിയായിട്ടും മുഹമ്മ-കുമരകം ബോട്ടു ദുരന്ത സ്മാരകം തുറന്നുകൊടുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം. ഒരുകോടി 10 ലക്ഷം രൂപ മുടക്കിയാണ് മുഹമ്മ ജെട്ടിയില്‍ കെട്ടിടം പണിതത്. പണി പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെയായി. കെട്ടിടം തുറന്നു കൊടുക്കാന്‍ ഇതേവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പാരിസ്ഥിതികാനുമതിയില്ലെന്ന കാരണം പറഞ്ഞാണ് മന്ദിരോദ്ഘാടനം നീട്ടിക്കൊണ്ടുപോകുന്നത്. എന്നാല്‍ പഞ്ചായത്തില്‍ നിരവധി റിസോര്‍ട്ടുകള്‍ പരിസ്ഥിതി നിയമവും തീരദേശ പരിപാലന നിയമവും ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
കായല്‍ കൈയേറിയും നിയമം ലംഘിച്ചും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് കെട്ടിട നമ്പര്‍ നല്കാന് പഞ്ചായത്ത് മടി കാണിച്ചിട്ടില്ല. ഇവര്‍ക്ക് തുച്ഛമായ നികുതിയാണ് ചുമത്തിയിട്ടുള്ളതും. എന്നാല്‍ പൊതുജനങ്ങളുടെ കാര്യം വന്നപ്പോള്‍ നിയമം ചൂണ്ടിക്കാട്ടി ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നു ബിജെപി കുറ്റപ്പെടുത്തി.
സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റുകള് ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടെങ്കിലും കെട്ടിടം തുറന്നു കൊടുക്കാത്തതിനാല്‍ യാത്രക്കാര്‍ വലയുകയാണ്. എത്രയും വേഗം മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ബിജെപി മുഹമ്മ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ടി.എസ്. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ബാബു, കെ.കെ. മണിയന്, പി.ആര്. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: