അമ്പലപ്പുഴ: യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് ചള്ളിയില്‍ വീട്ടില്‍ ഹര്ഷന്-സതീഭായി ദമ്പതികളുടെ മകള്‍ വരുണ (29)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയത്. കഴിഞ്ഞ അഞ്ചിനാണ് വരുണയെ പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി ആനന്ദേശ്വരത്തെ ഭര്‍ത്താവ് പറപ്പള്ളില്‍ അരുണിന്റെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സമീപവാസികള്‍ വാതില്‍ ചവിട്ടിത്തുറന്നാണ് വരുണയെ രാത്രി ഏഴോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഈ വിവരം അരുണോ ബന്ധുക്കളൊ അറിയിച്ചില്ലെന്നും രാത്രി എട്ടരയോടെ അയല്‍വാസികളാണ് വിളിച്ചറിയിച്ചതെന്നും വരുണയുടെ ബന്ധുക്കള്‍ പറയുന്നു. ബിഎസ്എഫില്‍ ജോലിചെയ്യുന്ന അരുണ്‍ കഴിഞ്ഞ രണ്ടിനാണ് നാട്ടില്‍ എത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുന്നപ്രയിലെ വീട്ടില്‍ താമസിക്കുകയായിരുന്ന വരുണ അന്നു തന്നെ തോട്ടപ്പള്ളിയിലെ വീട്ടില്‍ എത്തി. അരുണിന്റെ സഹോദരിയില്‍ നിന്നു വരുണ വാങ്ങിയ എടിഎം കാര്‍ഡ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി സഹോദരന് വരുണ്‍ പറയുന്നു.
വരുണയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള എടിഎം കാര്‍ഡ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് ഉപയോഗിക്കുന്നതിനാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഉപയോഗിച്ചിരുന്നത് ഭര്‍ത്തൃ സഹോദരിയായിരുന്നു. അനാവശ്യമായി പണം പിന്‍വലിച്ചിരുന്നത് ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് വരുണ എടിഎം കാര്‍ഡ് മടക്കി വാങ്ങിയത്. ഇത് സംബന്ധിച്ചുണ്ടായ വഴക്കില്‍ പരുക്കേറ്റ വരുണ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അരുണിന്റെ പേരില്‍ കരൂരില്‍ 13 സെന്റ് ഭൂമി വാങ്ങിയിരുന്നു. വരുണയുടെ അച്ഛന് ഹര്ഷന്റെ ആധാരവും വരുണിന്റെ ശമ്പള സര്‍ട്ടിഫിക്കറ്റും പണയപ്പെടുത്തിയും വരുണയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് ഈ സ്ഥലം വാങ്ങിയത്.
അരുണിന്റെ ശമ്പളത്തില്‍ നിന്നും വായ്പ തുക കുറവ് വന്നതോടെ വരുണയുടെ വീട്ടില്‍ നിന്നും ഓഹരി വാങ്ങാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇതിന്റെ പേരില്‍ വരുണയെ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വരുണ മരിച്ച വിവരം അറഞ്ഞ ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള തിരക്കിട്ട ശ്രമത്തിലായിരുന്നു അവിടെ ഉണ്ടായിരുന്നവര്‍. ഈ സമയം അരുണോ ബന്ധുക്കളൊ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.
ഏഴ് മണിക്ക് മരിച്ച വരുണയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത് എട്ടരയോടെയാണ്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരുണയുടെ കഴുത്തില്‍ പാടുകളുണ്ടായിരുന്നെന്നും വടികൊണ്ടുള്ള മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. വരുണയ്ക്ക് വീട്ടില്‍ നിന്നും നല്‍കിയിരുന്ന ഫ്രിഡ്ജും വാഷിങ് മെഷീനും തകര്‍ത്ത നിലയിലായിരുന്നു. വരുണയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സ്ഥലം വാങ്ങാനായി പണയം വച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തിരുന്നു. കൂടാതെ മുഴുവന്‍ വസ്ത്രങ്ങളുമായാണ് വരുണ ഭര്‍ത്തൃവീട്ടിലേക്ക് പോയത്. അതുകൊണ്ടുതന്നെ വരുണ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കള്‍ പറയുന്നത്. ഭര്‍ത്തൃ മാതാവ് കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായതിനാല് രാഷ്ട്രീയ സ്വാധിനം ചെലുത്തി അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: