കൊച്ചി: പുതുവല്‍സര ദിനത്തില്‍ തിരശ്ശീല ഉയരുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് 20 വര്‍ഷം തികയുന്നു. ഇരുപതാം വാര്‍ഷികാഘോഷം അവിസ്മരണീയമാക്കുന്നത് അഞ്ചു കിലോമീറ്റര്‍ മുതല്‍ എട്ടു കിലോമീറ്റര്‍ വരെ നീളത്തില്‍ തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വര്ണ്ണമാലയായിരിക്കുമെന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജൂവലറി ഗ്രൂപ്പ് ചെയര്മാന് തൗഹിത് അബ്ദുള്ള പറഞ്ഞു.
180 കിലോയിലധികം സ്വര്‍ണ്ണം ഇതിനായി വിനിയോഗിക്കും. ഈ ചെയിനിന്റെ ഒരു ഭാഗം കരസ്ഥമാക്കാന്‍ അഡ്വാന്‍സ് ബുക്കിങ്ങ് ഉണ്ട്. ബുക്കിങ്ങ് കൂടിയാല്‍ ചെയിനിന് എട്ടു കിലോമീറ്റര്‍ വരെ നീളമുണ്ടാകും. ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് മുന്നോടിയായി ധീര ഗോള്‍ഡ് സൂക്കില്‍ ദുബായ് സെലിബ്രേഷന് ചെയ്ന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഭീമന് ചെയ്ന്‍ പ്രദര്‍ശനത്തിനു വെക്കുമെന്ന് അബ്ദുള്ള പറഞ്ഞു.
ജൂവലറി ഔട്ട്ലെറ്റുകളില് നിന്ന് ഓരോ 500 എഇഡി (അറബ് എമിറേറ്റ്സ് ദിര്‍ഹം) പര്‍ച്ചേസിനും ഒരു റാഫിള്‍ കൂപ്പണ്‍ വീതം ലഭിക്കും. ഇതിലൂടെ ഓരോ ദിവസവും ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം സ്വര്‍ണ്ണവും ഒരു ക്യാരറ്റ് ഡയമണ്ട് ജൂവലറിയും നല്‍കും. ആഴ്ചയില്‍ അഞ്ചു കിലോ സ്വര്‍ണ്ണ സമ്മാനത്തിനും ഈ കൂപ്പണ്‍ അര്‍ഹമായേക്കും. മേളയുടെ അവസാനം നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ നാല്പതു കിലോ സ്വര്‍ണ്ണം നാലു ഭാഗ്യശാലികള്‍ക്കായി വീതിച്ചു നല്‍കും.
വേള്‍ഡ് ഡയമണ്ട് മാര്‍ക്ക് ഫൗണ്ടേഷന് നല്കുന്ന എട്ട് ക്യാരറ്റ് ഡയമണ്ട് ജൂവലറിയും സമ്മാനമായുണ്ട്. ഡയമണ്ട് ജൂവലറി, പേള്‍, വാച്ച് എന്നിവ അഞ്ഞൂറു ദിര്‍ഹത്തിനു വാങ്ങുമ്പോള്‍ രണ്ടു റാഫിള്‍ കൂപ്പണ്‍ വീതം ലഭിക്കും. കൂടാതെ റാഫിള്‍ കൂപ്പണ്‍ നമ്പറുകള്‍ അഞ്ചു റേഡിയോ സ്റ്റേഷനുകളിലേക്ക് എസ്എംഎസ് ആയി അയച്ചാലുമുണ്ട് സ്വര്‍ണ്ണ സമ്മാനം. എട്ടു കിലോ സ്വര്‍ണ്ണമാണ് ഇതുവഴി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: