കുടനിര്‍മാണം ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഉമ്മന്നൂര്‍ പഞ്ചായത്തിലെ വിലയന്തൂരിലെ സത്യഭാമ, ഭഗീരഥിയമ്മ, സുമതി, കല, സ്മിത എന്നിവരടങ്ങുന്ന കുടുംബശ്രീ ആക്ടിവിറ്റി ഗ്രൂപ്പാണ് കുട നിര്‍മാണത്തില്‍ വര്‍ണവൈവിധ്യം തീര്‍ക്കുന്നത്. ഒരു കുടയില്‍ തുടങ്ങിയതാണ്. പിന്നീട് നൂറുകണക്കിന് ഓര്‍ഡറുകള്‍. മുന്‍മുനിയൂര്‍ എന്നാണ് കുടകള്‍ക്ക് പേരിട്ടത്.
പേരിലെ വൈവിധ്യവും ഗുണമേന്മയും ഒന്നിച്ചതോടെ ഇവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിപണി വിലയിലും കുറഞ്ഞ നിരക്കാണ് മുന്‍മുനിയൂര്‍ കുടകള്‍ക്ക് ഈടാക്കുന്നത്. കാലന്‍കുടക്ക് 460 രൂപ, ടു ഫോള്‍ഡ് കുടകള്‍ക്ക് 280 രൂപ, ത്രീ ഫോള്‍ഡ് കുടകള്‍ക്ക് 325 രൂപ, ഫൈവ് ഫോള്‍ഡ് കുടകള്‍ക്ക് 460 രൂപ എന്നിങ്ങനെയാണ് നിരക്ക്.
എറണാകുളത്തു നിന്നും കമ്പനി തുണിത്തരങ്ങളും മറ്റും എത്തിച്ചാണ് സംഘം നിര്‍മാണം നടത്തുന്നത്. ഒരുദിവസം പത്തു മുതല്‍ പതിനഞ്ച് കുടകള്‍വരെ ഇവര്‍ നിര്‍മിക്കുന്നുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് കുടകള്‍ എത്തിക്കാന്‍ സാധിക്കാത്തത്ര തിരക്കിലാണ് ഇന്ന് ഈ സംഘം.
ഉമ്മന്നൂരിന്റെ പഴയ പേരാണ് മുന്‍മുനിയൂര്‍. മൂന്നു മുനിമാര്‍ ചേര്‍ന്ന് തപസ് ചെയ്ത ഇടം എന്ന അര്‍ത്ഥത്തിലാണ് ഈ പേര് വന്നതത്രേ. കുട നിര്‍മാണത്തിന് പുറമേ സോപ്പ് ഉല്‍പ്പന്നങ്ങളും ഗ്യാരന്റി ആഭരണങ്ങളും ചന്ദനത്തിരി, മെഴുകുതിരി എന്നിവയും ഇവിടെ നിര്‍മിക്കുന്നു. കൂടാതെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, അരിപ്പൊടിയും ഇവര്‍ വിപണം ചെയ്യുന്നു. ആറ് തരം കുളി സോപ്പും അലക്ക് സോപ്പും ഇവിടെ നിര്‍മിക്കുന്നുണ്ട്.
ചന്ദനം, മഞ്ഞള്‍, പപ്പായ, പുല്‍തൈലം, ഹെര്‍ബല്‍, ക്ലാസിക്ക് തുടങ്ങിയ വൈവിധ്യതയാണ് സോപ്പുകള്ക്കുള്ളത്. പാറ്റിപ്പെറുക്കി കഴുകി ഉണക്കിയെടുത്താണ് മുളക്, മല്ലി, മഞ്ഞള്‍, അരി, ഗോതമ്പ് പൊടികള്‍ പായ്ക്കറ്റിലാക്കി വില്‍ക്കുന്നത്.
പഞ്ചായത്തു വഴി ലഭിച്ച പരിശീലനത്തിലൂടെയാണ് ആഭരണങ്ങളുടെ നിര്‍മാണവും മെഴുകുതിരി, ചന്ദനത്തിരി നിര്‍മാണവും സംഘം ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ദിലീപും സിഡിഎസ് അധ്യക്ഷ ബിന്ദുപ്രകാശ് മേളകളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: