പച്ചമരുന്നുകളുടെയും നാട്ടുവൈദ്യത്തിന്റെയും മഹത്വമറിഞ്ഞ് ആരംഭിച്ച തൊഴില്‍ സംരംഭത്തിന് ലഭിച്ചത് സംസ്ഥാന,ദേശീയ അംഗീകാരങ്ങള്‍. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നമ്മുടെ നാട്ടറിവുകളെയും പ്രകൃതിവിഭവങ്ങളെയും എങ്ങനെ പ്രയോജനപ്പെടുത്തി ജീവിതം കരുപ്പിടിപ്പിക്കാം എന്ന് കാട്ടിത്തരികയാണ് ബിന്ദു എന്ന കുടുംബശ്രീ പ്രവര്‍ത്തക.
2007 ല്‍ ഐശ്വര്യ കുടംബശ്രീ എന്ന പേരില്‍ ഒരു യൂണിറ്റ് തുടങ്ങിയപ്പോള്‍ തനിക്ക് സമൂഹത്തെ ഈ രീതിയില്‍ സേവിക്കാനാകുമെന്ന് ബിന്ദു കരുതിയില്ല. ആതിര ഹെയര്‍ ടോണും രാമച്ചം ബാത്ത്‌സ്‌ക്രബ്ബുമായി തന്റെ തൊഴില്‍ സംരംഭം തുടങ്ങി. തുടക്കത്തില്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് നേരിട്ടു. അതില്‍ പതറാതെ മുന്നോട്ടുപോകുന്നതിനിടയില്‍ 2008 ല്‍ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച അന്നം ഫെസ്റ്റിനോടനുബന്ധിച്ച് ഐശ്വര്യ കുടംബശ്രീ പവലിയനില്‍ ഔഷധക്കഞ്ഞിക്കൂട്ട് വിതരണം ചെയ്തു. ഇതിന് നല്ല പ്രതികരണമാണ് പൊതുജനങ്ങളില്‍നിന്നുണ്ടായത്. ഇത് ബിന്ദുവിന്റെ ജീവിതഗതി മാറ്റിമറിച്ചു.തുടര്‍ന്ന് കുവരക്, മലതാങ്ങി, കാരയില, ആടലോടകം തുടങ്ങി വിവിധയിനം പച്ചമരുന്നുകള്‍ ഉപയോഗിച്ച് കുറുക്ക് ഉണ്ടാക്കി വിതരണം ചെയ്തു. ഇതും വിജയത്തിലേക്കു വഴിമാറി.
പച്ചില മരുന്നുകളുടെ മഹത്വം വായിച്ചും നാട്ടുവൈദ്യന്മാരില്‍നിന്ന് കേട്ടറിഞ്ഞും സംസ്‌കൃതപഠനത്തിലൂടെ ലഭിച്ച അറിവുകളുമാണ് ഇത്തരം ഉത്പന്ന നിര്‍മ്മാണരംഗത്ത് ചുവടുറപ്പിക്കാന്‍ ബിന്ദുവിന് പ്രചോദനമായത്. 21 ഉത്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം മനസിലാക്കി ബ്രഹ്മിയുടെ അഞ്ചിനം ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം ചെയ്യുന്നു. ബ്രഹ്മി ജാം, ബ്രഹ്മി ഫുഡ്, ബ്രഹ്മി ഓയില്‍, ബ്രഹ്മി സിറപ്പ്, ബ്രഹ്മി പായസം ഇവ ഉപഭോക്ത്താക്കള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.
കസ്തൂരിമഞ്ഞള്‍, രക്തചന്ദനം, പയറുപൊടി, നിലപ്പന തുടങ്ങി ഏഴിനം പച്ചമരുന്നുകൂട്ടുപയോഗിച്ചുള്ള ഫെയ്‌സ് പാക്കിനും കറ്റാര്‍വാഴയോടൊപ്പം മറ്റ് ഔഷധക്കൂട്ടും ഉപയോഗിച്ചള്ള മസാജ് ഓയിലിനും ആവശ്യക്കാരേറെയാണ്. രാസവസ്തുക്കള്‍ ചേരാതെ നമ്മുടെ ചുറ്റുപാടുമുള്ള, നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന പച്ചിലകളെയും പച്ചമരുന്നുകളെയും ഉപയോഗപ്പെടുത്തിയാല്‍മാത്രം മതിയെന്ന് ബിന്ദു പറയുന്നു.
2012 ല്‍ മികച്ച കുടുംബശ്രീ സംരംഭകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.2014 ല്‍ ദേശീയ വനിതാ ശാക്തീകരണ സംഘടനയായ ഫിക്കി ഫെല്ലോയുടെ മികച്ചസംരംഭകയ്‌ക്കുള്ള ദേശീയ അവാര്‍ഡും ബിന്ദുവിനെ തേടിയെത്തി.
കേന്ദ്രമന്ത്രി നജ്മാ ഹെപ്തുള്ളയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.ദേശീയതലത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരം അപേക്ഷകരില്‍ നിന്ന് 150 പേരെ ആദ്യറൗണ്ടില്‍ തിരഞ്ഞെടുത്തു. അതില്‍നിന്ന് അവസാനറൗണ്ടണ്ടില്‍ തിരഞ്ഞെടുത്ത പത്തു പേരില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഏക യൂണിറ്റാണ് ഐശ്വര്യ കുടുംബശ്രീ.
താളിപ്പൊടി, രാമച്ചം, ദാഹശമനി തുടങ്ങിയവയൊന്നും രോഗത്തിനുള്ള മരുന്നല്ല, മറിച്ച് പൊതുവായ ആരോഗ്യ പരിരക്ഷയ്‌ക്കുവേണ്ടിയുള്ള ഔഷധക്കൂട്ടുകളാണ്.
പഠിക്കുന്ന കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നതിനാല്‍ കൊച്ചു കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അന്നുതീരുമാനിച്ചതാണ് സ്വന്തമായി വരുമാനമുണ്ടാക്കാന്‍ ഒരു തൊഴില്‍ സംരംഭം തുടങ്ങണമെന്ന്. അതിനായി കുടുംബശ്രീതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ഉപഭോക്താക്കളുടെ അവശ്യമനുസരിച്ച് കൊറിയര്‍ മുഖേന മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തുവരുന്നു. ഏതായാലും ബിന്ദുവിന്റെ കുടുംബത്തിനും മറ്റു ജീവനക്കാര്‍ക്കും സുഖമായി ജീവിതവൃത്തിക്കുള്ള വകകണ്ടെത്തുവാനാകുന്നു.
തിരുവനന്തപുരം ജില്ലയിലെ നേമം ഇടയ്‌ക്കോട് മഞ്ഞളാംപട്ടു വീട്ടില്‍ പ്രഭുലകുമാറിന്റെ ഭാര്യയാണ്.വിദ്യര്‍ത്ഥികളായ അശ്വിന്‍, ആതിര എന്നിവര്‍ മക്കളാണ്.ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ സഹകരണം കൊണ്ടാണ് ഈസംരംഭം ഭംഗിയായി കൊണ്ടുപോകാനാകുന്നതെന്ന് ബിന്ദു പറയുന്നു.
ബിന്ദുവിന്റെ ഫോണ്‍ : 9447900156.
പ്രതികരിക്കാൻ ഇവിടെ എഴുതുക: