ആലപ്പുഴ: എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഹരിപ്പാട് നടത്തിയ റെയ്ഡില്‍ വ്യാജകള്ള് പിടിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലം മാറ്റം. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍നായരെ തിരുവനന്തപുരത്തേയ്ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാറിനെ വയനാട്ടിലേയ്ക്കും എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. അശോക് കുമാറിനെ ചങ്ങനാശേരിയിലേയ്ക്കും സ്ഥലം മാറ്റി. കൂടാതെ റെയ്ഞ്ചിലെ മുഴുവന്‍ പ്രിവന്റീവ് ഓഫീസര്‍മാരെയും എക്സൈസ് ഓഫീസര്‍മാരെയും ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റുവാനും എക്സൈസ് കമ്മീഷണര്‍ ഉത്തരവിട്ടു.
ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാജ കള്ള് നിര്‍മാണത്തെ കുറിച്ച് വിവരം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് സ്ഥലം മാറ്റത്തിന് കാരണം. കഴിഞ്ഞ 19ന് എക്സൈസ് തെക്കന്‍മേഖലാ കമ്മീഷണര്‍ അനില്‍ സേവ്യറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ഹരിപ്പാട്ടെ കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റും വ്യാജമദ്യവും പിടികൂടിയിരുന്നു. 150 ലിറ്റര്‍ സ്പിരിറ്റ്, 1,000 ലിറ്റര്‍ കള്ള്, വ്യാജമദ്യം നിര്‍മ്മിക്കുന്നതിനായി തയ്യാറാക്കിയ 35 ലിറ്ററിന്റെ 14 കന്നാസ് പഞ്ചസാര ലായനി കലര്‍ത്തിയ സ്പിരിറ്റ്, 10 ബൈക്ക്, ഒരു പിക്കപ്പ് വാന്‍, വ്യാജമദ്യം കടത്താന്‍ ഉപയോഗിക്കുന്ന ഓട്ടോ, മൊബൈല്‍ ഫോണുകള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയും സംഘം പിടിച്ചെടുത്തു.
ദേവദാസന് എന്നയാളുടെ പേരിലുള്ളതാണ് ടിഎസ് നമ്പര്‍ 30 എന്ന ഷാപ്പ്. ഈ ഷാപ്പിലെ വ്യാജ കള്ള് നിര്‍മാണത്തെ കുറിച്ച് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: